Asianet News MalayalamAsianet News Malayalam

മുൻവിധികളെ മാറ്റിമറിച്ച മത്സരാർത്ഥി, മാരാരുടെ 'ബഡി'; 'ആണ്ടവർ' എന്ന ഷിജു അബ്‍ദുള്‍ റഷീദ്

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മറ്റേതൊരു മത്സരാർത്ഥികൾക്കും മുന്നേ ഫാൻ ബേസ് ഉണ്ടായിരുന്ന ആളായിരുന്നു ഷിജു.

Shiju Abdul Rasheed in bigg boss malayalam season 5 nrn
Author
First Published Jun 30, 2023, 4:18 PM IST

ലയാളികൾക്ക്, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർക്ക് സുപരിചിതമായ മുഖം. കാണാൻ ജെന്റിൽമാൻ ലുക്ക്. സൗഹൃദത്തിന് ഏറെ പ്രാധാന്യം കല്‍പിക്കുന്ന വ്യക്തിത്വം. ആവശ്യമില്ലാതെ സ്ക്രീൻ സ്പെയ്‍സ് ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല. മൊത്തത്തിൽ തരക്കേടില്ലാത്ത പ്രകൃതം. പറഞ്ഞുവരുന്നത് 'ആണ്ടവർ' എന്ന് ആരാധകർ വിളിക്കുന്ന ഷിജു അബ്‍ദുള്‍ റഷീദിനെ കുറിച്ചാണ്.

ബിഗ് ബോസിൽ വരുന്നതിന് മുൻപ് ഒരുപക്ഷേ ഷിജു എന്ന പേര് ആളുകൾക്ക് അത്ര സുപരിചിതമായിരുന്നില്ല. അദ്ദേഹത്തിന്റെ സീരിയൽ കഥാപാത്രങ്ങളുടെ പേരിലാണ് പലരിലും ഷിജു അറിയപ്പെട്ടിരുന്നത്. ഈ ഒരു രീതി മാറ്റിയെടുക്കണം എന്ന ലക്ഷ്യത്തോടെ ബിഗ് ബോസിൽ എത്തിയ ഷിജു, ഇന്നത് സാധ്യമാക്കിയിരിക്കുകയാണ്. ഇത്രയും നാൾ തങ്ങൾ ആരാധിച്ചിരുന്ന പ്രിയ താരത്തിന്റെ പേര് ഷിജു ആണെന്ന് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മനസിലായി. അതായത്, താൻ എന്ത് ലക്ഷ്യത്തോടെ ആണോ ബിഗ് ബോസിൽ എത്തിയത് അത് ഷിജു സാധിച്ചെടുത്തു എന്ന് വ്യക്തം.  

Shiju Abdul Rasheed in bigg boss malayalam season 5 nrn

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മറ്റേതൊരു മത്സരാർത്ഥികൾക്കും മുന്നേ ഫാൻ ബേസ് ഉണ്ടായിരുന്ന ആളായിരുന്നു ഷിജു. അദ്ദേഹത്തിന്റെ ബിഗ് ബോസ് എൻട്രിയും പ്രകടനങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എന്നാൽ ആ ഫാൻ ബേസ് തുടക്കത്തിലേത് പോലെ മുന്നോട്ട് കൊണ്ടുപേകാൻ ഷിജുവിന് സാധിച്ചിരുന്നോ എന്ന കാര്യത്തിൽ സംശയമാണ്. ആദ്യ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഷിജു ഒരിക്കലും ടോപ് സിക്സിൽ ഉണ്ടാകുമെന്ന് പോലും കരുതിയിരുന്നില്ല. എന്നാൽ ഗ്രാന്റ് ഫിനാലെയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ ടോപ് ഫൈവിൽ തന്നെ ഇടംപിടിക്കുമെന്ന തരത്തിലായിരുന്നു ഷിജുവിന്റെ വളർച്ച. ബിഗ് ബോസ് കപ്പിലേക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ  ഇത്രയും നാളത്തെ താരത്തിന്റെ ബിബി ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

ആദ്യകാഴ്‍ചയിലെ ഷിജു

നേരത്തെ വ്യക്‍തമാക്കിയതു പോലെ ഈ സീസണിൽ തലമുറകൾക്ക് സുപരിചിതമായ മുഖം ആയിരുന്നു ഷിജുവിന്റേത്. സൗമ്യവും പക്വതയുള്ളതുമായ പെരുമാറ്റത്തിലൂടെ ഫാൻ ബേസ് കൂട്ടാനും സഹമത്സരാർത്ഥികളുടെ പ്രിയം നേടാനും ഷിജുവിനായി. ഇമേജ് കോൺഷ്യസ് ആയിരിക്കുമെന്ന് കരുതി. പക്ഷേ മുൻവിധികളെ ഭേദിച്ചുള്ള ഷിജുവിന്റെ ഒരു തേരോട്ടം ആയിരുന്നു പ്രേക്ഷകർ കണ്ടത്. പ്രായമൊന്നും കണക്കിലെടുക്കാതെ ടാസ്‍കുകളെല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്‍തു. ആ വീട്ടിൽ, ഇൻഡസ്ട്രിയിലെ ഏറ്റവും സീനിയർ എന്ന ഒരു അഹങ്കാരവും ഇല്ലാതെ എല്ലാവരോടും ഒരു പോലെ ഷിജു പെരുമാറി. ഇത് പ്രക്ഷകർക്ക് ഷിജുവിൽ കൂടുതൽ മതിപ്പുളവാക്കാൻ കാരണമായി.

ബിഗ് ബോസ് കപ്പും അഖിൽ മാരാരും !

എല്ലാ ബിഗ് ബോസ് ഷോയിലും സൗഹൃദങ്ങൾ ഉണ്ടായിരിക്കും. അതൊരുപക്ഷേ ഷോയിൽ മുന്നോട്ട് പോകാനും സ്ട്രാറ്റജികൾക്ക് വേണ്ടിയുള്ളതുമൊക്കെ ആകാം. എന്നാൽ ചിലത് അത്മാർത്ഥവും ഷോ അവസാനിച്ചാലും മുന്നോട്ട് കൊണ്ടു പോകുന്നവയും അയിരിക്കും. ഇത്തരം സൗഹൃദങ്ങൾ അപൂർവമായെ ബിഗ് ബോസിൽ ഉണ്ടാകാറുള്ളൂ. അങ്ങനെ ഒരു കോമ്പോയാണ് അഖിൽ മാരാരും ഷിജുവും തമ്മിലുള്ളത്). ഷോയുടെ തുടക്കത്തിൽ തന്നെ അഖിൽ മാരാരുമായൊരു സൗഹൃദം ഷിജുവിന് ഉണ്ടായിരുന്നു. അതെങ്ങനെ എന്ന് ചോദിച്ചാൽ കൃത്യമായൊരു ഉത്തരം അവർക്ക് തന്നെ തരാൻ കഴിയില്ല.

Shiju Abdul Rasheed in bigg boss malayalam season 5 nrn

മുകളിൽ സൂചിപ്പിച്ചതു പോലെ ഈ കൂട്ടുകെട്ട്, സ്ട്രാറ്റജി ആണോന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പിച്ചെങ്കിലും പോകപ്പോകെ അതിന്റെ കാഠിന്യം വലുതാണെന്ന് ഓരോരുത്തരും മനസിലാക്കുക ആയിരുന്നു. 'ഒരു വശത്ത് ബിഗ് ബോസ് കപ്പും മറ്റൊരു വശത്ത് അഖിൽ മാരാരുടെ സൗഹൃദവും വച്ചാൽ ഏതാകും ചേട്ടൻ തെരഞ്ഞെടുക്കുക', എന്ന ജുനൈസിന്റെ ചോദ്യത്തിന് 'അഖിൽ മാരാരുടെ സൗഹൃദം', എന്ന് ഷിജു പറഞ്ഞത് തന്നെ അതിന് തെളിവാണ്.  

മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ഷിജു- മാരാർ കൂട്ടുകെട്ട് പോലൊരു സൗഹൃദം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. സീസണിന്റെ തുടക്കത്തിൽ പല സൗഹൃദങ്ങളും ഹൗസിൽ ഉണ്ടായിട്ട്, പിന്നീട് അവയെല്ലാം പല വഴികളിലായി കൊഴിഞ്ഞു പോയിരുന്നു. എന്നാൽ തുടക്കം മുതൽ ഇന്ന് വരെയും സ്ഥായിയായി നിൽക്കുന്നൊരു സൗഹൃദം ഷിജുവിന്റേയും അഖിലിന്റെയും മാത്രമാണ്. പലരും സ്വന്തം സുഹൃത്തുക്കളെ കുത്തി നോവിച്ചപ്പോഴും സങ്കടപ്പെടുത്തിയപ്പോഴും ഈ കൂട്ടുകെട്ട് ഒറ്റക്കെട്ടായി നിന്നു.  എന്തിനേറെ ഇതുപോലൊരു സൗഹൃദം ഞങ്ങൾക്ക് കിട്ടിയില്ലല്ലോ എന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു.

Shiju Abdul Rasheed in bigg boss malayalam season 5 nrn

മാരാരെ സപ്പോർട്ട് ചെയ്‍തതിന്റെ പേരിൽ മറ്റുള്ളവർ വേദനിപ്പിച്ചപ്പോഴും ഷിജു തന്റെ സൗഹൃദം നഷ്ടപ്പെടുത്തിയിരുന്നില്ല. മാരാർക്കെതിരെ വിമർശനങ്ങൾ പെരുമഴ ആയപ്പോൾ "നിങ്ങൾക്ക് അയാളെ പരിഹസിക്കാം..അയാളോട് ദേഷ്യപ്പെടാം...അയാളെ പ്രവോക്ക് ചെയ്യാം..എന്നാലും പുറത്ത് വന്ന ശേഷം നിങ്ങൾക്കൊരു പ്രശ്‍നം വന്നാൽ ആദ്യം ഓടി എത്തുന്നത് അവനായിരിക്കും", എന്നാണ് ഷിജു പറഞ്ഞത്. ഈ വാക്കുകൾ തന്നെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസിലാക്കി തരുന്നതും.

മാരാരുടെ സൗഹൃദം നെഗറ്റീവായോ ?

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടിൽ തന്നെ കഴിയുന്നവർ തമ്മിൽ എത്രയൊക്കെ സൗഹൃദം എന്ന് പറഞ്ഞാലും ചില അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. വിഷ്‍ണുവരെ മാരാരുടെ സൗഹൃദവലയത്തിൽ നിന്നും ഇടയ്ക്ക് പുറത്തായിരുന്നു. എന്നാൽ യാതൊരു ചലനവും ഇല്ലാതെ മുന്നോട്ട് പോയത് ഷിജു- മാരാർ കൂട്ടുകെട്ടാണ്. എന്നാൽ ഈ കൂട്ടുകെട്ട് പൊസിറ്റീവ് പോലെ തന്നെ നെഗറ്റീവായും ഷിജുവിന് ഭവിച്ചിട്ടുണ്ട്. അതിന് കാരണം മാരാരുടെ ഷാഡോ ആയി നിന്ന് കളിച്ചത് തന്നെയാണ്.

തുടക്കം മുതൽ അഖിൽ- വിഷ്‍ണു- ഷിജു സൗഹൃദം ആയിരുന്നു ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ ഒരുമിച്ച് നിന്നാണ് ഓരോ ഗെയിമുകളും ബിഗ് ബോസോ പ്രേക്ഷകരോ വിചാരിക്കാത്ത തലത്തിലേക്ക് കൊണ്ടു പോയിരുന്നത്. എന്തിനെറെ ഓരോ ആഴ്‍ചലും ആരൊക്കെ നോമിനേഷനിൽ വരണമെന്നതടക്കം ഇവർ തീരുമാനിച്ചു. എന്നാൽതന്നെയും വിഷ്‍ണുവിനെ പോലൊരു ഗെയിമർ ആകാൻ ഷിജുവിന് സാധിച്ചിട്ടില്ല. ഒറ്റയ്ക്ക് നിന്ന് കളിച്ചാൽ എങ്ങനെ ആകും ഷിജുവിന്റെ പെർഫോമൻസ് എന്ന് കാണാനും പ്രേക്ഷകർക്ക് കഴിഞ്ഞില്ല.

Shiju Abdul Rasheed in bigg boss malayalam season 5 nrn

യഥാര്‍ത്ഥത്തില്‍ ഒരുപാട് കഴിവുള്ളയാളാണ് ഷിജു. പക്ഷെ ഈ ഒരു ഷാഡോയില്‍ അത് മുങ്ങിപ്പോകുന്നത് പോലെ തോന്നി. അതുകൊണ്ട് തന്നെ വിമർശനങ്ങളും ഉയർന്നു. ഒറ്റയ്ക്ക് നിന്ന് കളിക്കണമെന്ന് ആവശ്യമുയർന്നു. എന്നാൽ, 'പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ' തന്നെ ആയിരുന്നു. എങ്കിലും, പ്രായവും ആരോഗ്യ പ്രശ്‍ൻങ്ങളും മറികടന്ന് ഓരോ ഗെയിമിനും തന്റെ നൂറ് ശതമാനം കൊടുക്കുന്ന ഷിജുവിന്റെ എഫേർട്ട് അഭിനന്ദനാർഹമാണ്. അത് ഗ്രൂപ്പിലായാലും ഒറ്റയ്ക്കായാലും.

അഖിൽ മാരാർ- ഷിജു സൗഹൃദം സ്ട്രാറ്റജിയോ ?

ബിഗ് ബോസ് ഷോയിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പ്രധാനഘടകം സൗഹൃദമാണ്. വീട്ടിലെ സൗഹൃദം പുറത്തും ചർച്ചയാകും. നേരത്തെ സൂചിപ്പിച്ചതു പോലെ ഷിജു അഖിൽ മാരാരോട് കാണിക്കുന്നത് ഒരു സ്ട്രാറ്റജി ആണോ എന്ന് ചില ആരോപണങ്ങൾ ഉയർന്നിരുന്നു. മാരാരിന്റെ ഷാഡോ ആയി നിന്നാല്‍ അദ്ദേഹത്തിന്റെ വോട്ട് കൂടി കിട്ടും എന്ന് ഒരുപക്ഷേ ഷിജു ചിന്തിച്ചിരിക്കാം. അതൊരു തെറ്റായ ധാരണയാണ് എന്ന് മനസിലാക്കുന്നിടത്ത് ഷിജു വിജയിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ അഖിൽ മാരാരുടെ വോട്ട് കൊണ്ടല്ല ഷിജു അവിടെ നിൽക്കുന്നതെന്ന് നൂറ് ശതമാനം ഉറപ്പാണ്. കാരണം, ഇരുവരും ഒന്നിച്ചെത്തിയ നോമിനേഷനിൽ പോലും ഷിജു സേഫ് ആയതാണ്. ഒരു ഘട്ടത്തിൽ താൻ കാരണം ഷിജു പുറത്താകുമോന്ന് പോലും മാരാർ ഭയപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ വിഷ്‍ണുവുമായി പിണങ്ങി. പക്ഷേ അന്നും ഷിജു സേഫായതാണ്.

Shiju Abdul Rasheed in bigg boss malayalam season 5 nrn

അഖിൽ മാരാരുടെ ഏറ്റവും വലിയ പരാജയം ദേഷ്യമാണ്. ദേഷ്യമുണ്ടായാല്‍ കണ്ണും കാതും കാണുകയും കേൾക്കുകയും ചെയ്യില്ലെന്നത് പോലെയാണ് മാരാരുടെ സ്വഭാവം. എന്നാൽ കൺട്രോൾഡും ആണ്. പക്ഷേ പല അവസരങ്ങളിലും മാരാരുടെ ദേഷ്യം കൺട്രോൾ ചെയ്‍തു ഫിസിക്കൽ അസോൽട്ടിലേക്ക് എത്തിക്കാതെ ഇവിടെ വരെ പിടിച്ചു നിർത്തിയതിൽ ഷിജുവിന് വലിയ പങ്കുതന്നെയുണ്ട്. അത് അഖിൽ മാരാർക്കും അറിയാവുന്ന കാര്യമാണ്. ഒരിക്കൽ ജുനൈസ് ഉൾപ്പടെയുള്ളവർ ഫിസിക്കൽ അസോൾട്ടിന്റെ പേരിൽ അഖിലിനെ പുറത്താക്കാൻ നോക്കുകയാണെന്നും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നൽകിയത് ഷിജു ആണ്. ഈ സൗഹൃദം ഒരു സ്ട്രാറ്റജി ആയിരുന്നെങ്കിൽ അഖിലിന്റെ ദേഷ്യം ആദ്യം മുതലെടുക്കുക ഷിജു ആയിരുന്നിരിക്കണം.

ഷിജു എന്ന ഗെയിമറും പാചകക്കാരനും !

എല്ലാ ബിഗ് ബോസ് സീസണിലും ഒരു മുതിർന്ന മത്സരാർത്ഥി ഉണ്ടായിരിക്കും. ഇത്തവണ അത് ഷിജു ആണ്. എന്നാൽ മുൻപ് വന്നവരിൽ നിന്നും തീർത്തും വ്യത്യസ്തനുമാണ് അദ്ദേഹം. ഒരുപരിധി കഴിഞ്ഞാൽ ഗെയിമിൽ വേണ്ടത്ര പ്രകടനം കാഴ്‍ചവയ്ക്കാൻ മുൻ സീസണിൽ വന്ന അല്പം പ്രായം കൂടിയവർക്ക് സാധിക്കാറില്ല. എന്നാൽ ഷിജു അതെല്ലാം കാറ്റിൽ പറത്തി. തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഇതുവരെ ഉള്ള ഓരോ ടാസ്കുകളും അദ്ദേഹം മികച്ചുനിന്നു. ഒന്നിൽ നിന്നും ഒഴിഞ്ഞു മാറിയില്ല. അതുതന്നെയാണ് ഷിജുവിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. ഡിസ്‍കിന്റെ പ്രശ്‍നമുള്ളതിനാൽ ഫിസിക്കൽ ടാസ്കൊന്നും അധികം ഷിജുവിന് സാധിച്ചിട്ടില്ല. എന്നാലും അതും ഷിജു ട്രൈ ചെയ്‍തിരുന്നു.

ഓരോ സീസണിലും ഒന്നോ അതിലധികമോ പാചകം ചെയ്യുന്ന മത്സരാർത്ഥികൾ ഉണ്ടായിരിക്കും. ഈ സീസണിൽ അത് ഷിജു ആണ്. ഒരുപക്ഷേ മത്സരാർത്ഥികൾ എല്ലാവരും ഒരേസ്വരത്തിൽ ഷിജുവിനെ പ്രശംസിച്ചതും പാചകത്തിന്റെ പേരിൽ ആയിരിക്കും. ബിഗ് ബോസ് ഷോയിൽ ഷിജുവിനെ അടയാളപ്പെടുത്തുന്ന ഒരുകാര്യവും സീസൺ അഞ്ചിലെ അടുക്കളയായിരിക്കുമെന്നാണ് പ്രേക്ഷക പക്ഷം.

Shiju Abdul Rasheed in bigg boss malayalam season 5 nrn

താര ജാഡയില്ലാത്ത താരം

കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമകളിലും സീരിയലുകളിലുമൊക്കെ ഒരുപോലെ തിളങ്ങി നിൽക്കുന്ന നടനാണ് ഷിജു. സിനിമയിലൂടെ കരിയർ ആരംഭിച്ച ഷിജു, തമിഴും തെലുങ്കും അടക്കം ഒട്ടുമിക്ക എല്ലാ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ കൂടുതലായും സീരിയലുകളിലൂടെയാണ് ഷിജു തിളങ്ങിയതും. അതുകൊണ്ട് തന്നെ ഷിജുവിന് താനൊരു ആക്ടർ ആണെന്ന ഭാവം ഉണ്ടാകുമെന്ന് എല്ലാവരും കരുതി. മുൻ സീസണുകളിലെ അനുഭവം വച്ചാണ് അത്. എന്നാൽ ഷോയിൽ എത്തി രണ്ട് ദിവസത്തിൽ അങ്ങനെ ഒരാളല്ല ഷിജുവെന്ന് മത്സരാർത്ഥികളും പ്രേക്ഷകരും വിധി എഴുതി.

അതൊരുപക്ഷേ സ്ട്രാറ്റജി ആകാനും സാധ്യതയുണ്ട്. എന്നാൽ ടാസ്‍കിനിടയിൽ ഗോപികയോടുള്ള ഷിജുവിന്റെ പെരുമാറ്റം വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. പക്ഷേ അതൊരു വലിയ വിഷയം ആയതും ഇല്ല. എന്തായാലും മുൻ സീസണുകളിൽ വന്ന സെലിബ്രിറ്റികളെ അപേക്ഷിച്ച് ഷിജു എന്നത് താര ജാഡയില്ലാത്ത താരം ആയിരുന്നെന്ന് നിസംശയം പറയാം. അതായത്, ഒരു ബെഞ്ച് മാർക്ക് സ്വന്തമാക്കാൻ ഷിജുവിനായി എന്ന് വ്യക്തം.

മറ്റ് മത്സരാർത്ഥികളുമായി ഊഷ്‍മളമായ ബന്ധം സൂക്ഷിക്കുന്ന ആളു കൂടിയാണ് ഷിജു. ആരോടും ശത്രുതയും പകയൊന്നും കൊണ്ടു നടക്കാറില്ല. മാരാരുടെ പേരിൽ വിമർശിച്ചിട്ടുണ്ടെങ്കിലും സഹമത്സരാർത്ഥികൾ പ്രിയപ്പെട്ട സഹോദരനായാണ് ഷിജുവിനെ കാണുന്നത്. അതുതന്നെ വലിയ കാര്യമാണ്. കാരണം ബിഗ് ബോസ് പോലൊരു ഷോയിൽ മറ്റ് മത്സരാർത്ഥികളുടെ ഇഷ്‍ടം നേടുക എന്ന് പറയുന്നത് ചെറിയ കാര്യമല്ലല്ലോ?.

Shiju Abdul Rasheed in bigg boss malayalam season 5 nrn

ഷോയിൽ സ്വന്തം നിലപാടുകളിൽ ഉറച്ച് നിന്ന വ്യക്തിയാണ് ഷിജു. പറയേണ്ട കാര്യങ്ങൾ അതുതന്റെ ആത്മാർത്ഥ സുഹൃത്തിനോടായാലും പറയും. പണപ്പെട്ടി എടുക്കണമെന്ന് അഖിൽ പറഞ്ഞപ്പോൾ, 'നീയെ ജയിക്കൂ എന്ന് എനിക്കറിയാം. പക്ഷേ വോട്ട് ചെയ്‍ത് ഇതുവരെ നിർത്തിയവരോട് കാണിക്കുന്ന നീതി കേടാകും അത്', എന്ന് ഷിജു പറഞ്ഞത് തന്നെ അതിന് തെളിവാണ്.

എന്തായാലും, ഫൈനലിലേക്ക് അടുത്തപ്പോൾ ഷിജുവിന്റെ ഗ്രാഫ് ഉയരുന്നതായാണ് കാണാൻ സാധിച്ചത്. ഒരുപക്ഷേ ഷിജു എങ്ങനെയാണ് ഫൈനൽ വരെ എത്തിയത് എന്ന് ചിന്തിക്കുമ്പോള്‍ ആശ്ചര്യം തോന്നിയേക്കാം. മറ്റുള്ളവര്‍ തമ്മിലടിച്ചു കൊണ്ടിരുന്നപ്പോള്‍ അതിനിടയിലെ ഗ്യാപ്പിലൂടെ മുന്നില്‍ എത്തിയെന്നു പറയുന്നതില്‍ തെറ്റില്ല. എന്നാൽ പ്രേക്ഷകരുടെ പിന്തുണയും ആവശ്യമായ സ്ക്രീൻ സ്പെയ്സും ഗെയിമിലെ പ്രകടനങ്ങളും ഷിജു മികച്ചതാക്കിയത് കൊണ്ടാണ് ഇതുവരെ എത്തിയത് എന്നതും മറക്കാനാകില്ല. ബിഗ് ബോസ് ഫിനാലെയ്ക്ക് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. നിലവിൽ ആറ് പേരും ഷോയിൽ ഉണ്ട്. ഇതിൽ ഒരാളെ പിന്തള്ളി ഷിജു ടോപ് ഫൈവിൽ എത്തുമോ അതോ ആറാം സ്ഥാനത്തിൽ തൃപ്‍തിപ്പെടേണ്ടി വരുമോ എന്ന് കാത്തിരുന്ന കാണേണ്ടിയിരിക്കുന്നു. അതുപോലെ, ഷോ കഴിഞ്ഞാൽ 'അഖിലിന്‍റെ സൗഹൃദം പുറത്തെത്തുമ്പോള്‍ അവസാനിക്കും' എന്ന് പറഞ്ഞ് പൊളി ഫിറോസ് ബെറ്റ് വച്ചത് യാഥാർത്ഥ്യം ആകുമോ ഇല്ലോയോ എന്നും കണ്ടറിയണം.

ബിഗ് ബോസ് സീസണ്‍ 5 റിവ്യു വായിക്കാം..

ബിബി 5ലെ 'തഗ്ഗ് റാണി', വീടിനും നാടിനും അഭിമാനമായവൾ; നാദിറ പണപ്പെട്ടി എടുത്തത് തെറ്റോ ? ശരിയോ ?

'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ

ബിബിയിലെ ഗെയിം ചെയ്ഞ്ചർ, തന്ത്രശാലി, 'അണ്ണന്റെ പ്രിയ തമ്പി'; 'ഖൽ നായകിന്' തെറ്റിയതെവിടെ?

ജുനൈസ്, റിനോഷിന്റെ ഒളിയമ്പോ ? കളിമാറ്റുമോ 'ആമിനത്താത്ത'

മുഖംമൂടികൾ അഴിഞ്ഞോ? റിയാസിന്റെയും ഫിറോസിന്റെയും വരവ് ഗുണം ചെയ്‍തത് ആർക്ക് ?

ബിഗ്ബോസ് വീട്ടില്‍ സാഗര്‍ വീണു പോയ കുഴികള്‍; ഒടുവില്‍ പുറത്തേക്ക് !

ആര് ആരെ പൂട്ടും ? മാരാർ- വിഷ്ണു കൂട്ടുകെട്ടിൽ വിള്ളൽ വീഴുമ്പോൾ...

ഇവരുടെ വരവ് വെറുതെ അല്ല; സെയ്‍ഫ് ഗെയിമർ, നന്മമരം, ഗ്രൂപ്പ് കളിക്കാർ.. ജാഗ്രതൈ!

വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?

സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?

കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?

ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ​ഗോപിക പുറത്തായത് എന്തുകൊണ്ട്?

റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..

അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?

സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാ​ഗറും ; ബി​ബി 5 ആദ്യവാരം ഇങ്ങനെ

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം

Follow Us:
Download App:
  • android
  • ios