ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥിയായിരുന്ന രതീഷ് കുമാർ, സഹമത്സരാർത്ഥി ജിന്റോയെക്കുറിച്ച് തുറന്നുപറയുന്നു.

ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിൽ ശ്രദ്ധനേടിയ മത്സരാർത്ഥി ആയിരുന്നു രതീഷ് കുമാർ. എന്നാൽ, ആദ്യ എവിക്ഷനിൽ രതീഷ് പുറത്താവുകയായിരുന്നു. ബിഗ്ബോസ് ഹൗസിനകത്ത് ജിന്റോ-രതീഷ് കോമ്പോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഷോ കഴിഞ്ഞതിനു ശേഷം ജിന്റോ തന്റെ പേരു പോലും അറിയില്ല എന്നു പറഞ്ഞത് തന്നെ ഏറെ വിഷമിപ്പിച്ചെന്ന് രതീഷ് പറയുന്നു. ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിൽ കരഞ്ഞുകൊണ്ടാണ് രതീഷ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

''ഞാൻ അവനെ വിളിക്കാറില്ല. അവൻ എന്നെയും വിളിക്കാറില്ല. കൂടപ്പിറപ്പിനെ പോലെ കണ്ടയാളാണ് ജിന്റോ. ഞങ്ങളുടെ സീസണിലെ ആദ്യത്തെ ആഴ്ച ഏറ്റവും കൂടുതൽ കണ്ടന്റ് കൊടുത്തത് ഞാനും ജിന്റോയും ചേർന്ന കോമ്പോ ആണ്. അവന് ഒരു പുൾ കൊടുത്തത് ഞാനാണ്. എന്നിട്ടും ഏതോ ഒരു ചാനലിൽ, ആദ്യം ഒട്ട് ആയ ആളുടെ പേരെന്താ എന്ന് അവൻ ചോദിച്ചപ്പോൾ എനിക്ക് വിഷമമായി. എവിക്ട് ആയതിനു ശേഷം ഞാൻ ആദ്യം കൊടുത്ത അഭിമുഖങ്ങളിലെല്ലാം വാ തോരാതെ സംസാരിച്ചത് ജിന്റപ്പനെക്കുറിച്ചാണ്.

ജിന്റപ്പൻ എന്റെ പേര് മറന്നാലും ഞാൻ ജിന്റപ്പന്റെ പേര് മറക്കില്ല. എനിക്കതിലൊന്നും ഒരു വിരോധവുമില്ല. ജിന്റോ വിന്നറാണ്. കപ്പ് ഒക്കെ എന്റെ കയ്യിൽ കൊണ്ടുതന്ന ആളാണ്. ആ സമയത്ത് ചിലപ്പോൾ എന്റെ പേര് കിട്ടിയിട്ടുണ്ടാകില്ല. കുറ്റം പറയുന്നതല്ല, പക്ഷേ എന്റെ പേരു മറന്നു എന്ന് പറഞ്ഞപ്പോൾ‌ എനിക്കത് ഭയങ്കര സങ്കടമായി'', രതീഷ് കരഞ്ഞുകൊണ്ട് അഭിമുഖത്തിൽ പറഞ്ഞു.

''ഏഴു ദിവസത്തിനു ശേഷം എവിക്ട് ആയി വന്നയാൾ നൂറു ദിവസം സംസാരിച്ചത് ജിന്റോയെക്കുറിച്ചാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ അമ്മയുടെ വയറ്റിൽ പിറക്കാത്ത കൂടപ്പിറപ്പാണ് ജിന്റോ. അവനെപ്പറ്റി പലതും പുറത്ത് കേൾക്കുന്നുണ്ട്. അതൊന്നും വിളിച്ചു ചോദിക്കാൻ പോയിട്ടില്ല. അതിന്റെ ശരിയും തെറ്റും അന്വേഷിക്കാനും ഞാൻ പോയിട്ടില്ല'', രതീഷ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക