അജിത് കുമാര്‍ നായകനായ 'ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തു. സംഗീത സംവിധായകൻ ഇളയരാജയുടെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്ന് മദ്രാസ് ഹൈക്കോടതി ചിത്രത്തിന് വിലക്കേർപ്പെടുത്തിയതോടെയാണ് ഈ നടപടി.

അജിത് കുമാര്‍ നായകനായി വന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്‍തു, ഇളയരാജയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചുവെന്ന ഇളയരാജയുടെ പരാതിയില്‍ സിനിമയുടെ പ്രദര്‍ശനം മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നു.

ഇളയരാജയുടെ സംഗീതത്തിലുള്ള മൂന്ന് ഗാനങ്ങളായിരുന്നു ചിത്രത്തില്‍ ഉപയോഗിച്ചിരുന്നത്. ഒത്ത രൂപായ് താരേൻ, എൻ ജോഡി മഞ്ഞക്കുരുവി, ഇളമൈ ഇതോ ഇതോ എന്നീ ഗാനങ്ങളായിരുന്നു ഗുഡ് ബാഡ് അഗ്ലിയില്‍ ഉപയോഗിച്ചിരുന്നത്. ഇതിനെതിരെയായിരുന്നു ഇളയരാജ പരാതിയുമായി രംഗത്ത് എത്തിയത്. രേഖാമൂലമുള്ള ക്ഷമാപണവും അഞ്ച് കോടി രൂപ നഷ്‍ടപരിഹാരവുമായിരുന്നു ഇളയരാജ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിയമപ്രകാരം ഗാനത്തിന്റെ പകര്‍പ്പവകാശം ഉള്ളവരില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടായിരുന്നു എന്നാണ് ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‍സ് വാദിച്ചത്. തുടര്‍ന്ന് വിശദമായ വാദത്തിനുശേഷം ഇളയരാജയുടെ ഗാനങ്ങളോട് കൂടി ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ഹൈക്കോടതി വിലക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നെറ്റ്‍ഫ്ലിക്സ് അജിത് ചിത്രം പിൻവലിച്ചിരിക്കുന്നത്.

അജിത് കുമാറിന്റെ ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വന്നപ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

ഗുഡ് ബാഡ് അഗ്ലി മോശമല്ലാത്ത വിജയം കൈവരിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 248.25 കോടി രൂപയാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 180.75 കോടി നേടി. വിദേശത്ത് നിന്ന് മാത്രം 67.5 കോടിയും അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക