ഇന്ത്യൻ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള നോൺ-ഫിക്ഷൻ ഷോകളിൽ ഒന്നായി ബിഗ് ബോസ് 

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആണ് ബി​ഗ് ബോസ്. വിവിധ ഭാഷകളിലായി എത്തുന്ന ബി​ഗ് ബോസിന്‍റെ പുതിയ സീസണുകള്‍ക്കായി വലിയ കാത്തിരിപ്പ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാവാറുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മലയാളം ബി​ഗ് ബോസിന്‍റെ സീസണ്‍ 7 അവസാനിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളൊക്കെ ഒരേ സമയത്ത് എത്തി എന്നത് ഇത്തവണത്തെ പ്രത്യേകത ആയിരുന്നു. ഇന്ത്യന്‍ ഒടിടിയില്‍ കഴിഞ്ഞ വാരം ഏറ്റവുമധികം കാണികളെ ലഭിച്ച അഞ്ച് ഷോകളുടെ (നോണ്‍ ഫിക്ഷന്‍) ലിസ്റ്റില്‍ ഒന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ വിവിധ ബി​ഗ് ബോസ് ഷോകളാണ്.

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിം​ഗ് സ്ഥാപനമായ ഓര്‍മാക്സിന്‍റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വാരം (നവംബര്‍ 3 മുതല്‍ 9 വരെ) ഇന്ത്യന്‍ ഒടിടിയില്‍ ഏറ്റവുമധികം കാണികളെ ലഭിച്ച നോണ്‍ ഫിക്ഷന്‍ ഷോ ഹിന്ദി ബി​ഗ് ബോസ് ആണ്. സല്‍മാന്‍ ഖാന്‍ അവതാരകനാവുന്ന ഹിന്ദി ബി​ഗ് ബോസിന്‍റെ 19-ാം സീസണാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പോയ വാരം 70 ലക്ഷം പേരാണ് ഒടിടിയില്‍ ഹിന്ദി ബി​ഗ് ബോസ് കണ്ടത്. ഏറ്റവും ചുരുങ്ങിയത് ഒരു എപ്പിസോഡ് എങ്കിലും കണ്ട പ്രേക്ഷകരുടെ എണ്ണമാണ് ഇത്. ജിയോ ഹോട്ട്സ്റ്റാറിലാണ് ഇപ്പോള്‍ ഹിന്ദി ബി​ഗ് ബോസ്.

ജിയോ ഹോട്ട്സ്റ്റാറില്‍ തന്നെ സ്ട്രീം ചെയ്യുന്ന പതി പത്നി ഓര്‍ പങ്കയാണ് കാണികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത്. 24 ലക്ഷം പേരാണ് കഴിഞ്ഞ വാരം ഈ ഷോ കണ്ടത്. മൂന്നാം സ്ഥാനം സോണി ലിവില്‍ സംപ്രേഷണം ചെയ്യുന്ന, അമിതാഭ് ബച്ചന്‍ അവതാരകനാവുന്ന കോന്‍ ബനേ​ഗാ ക്രോര്‍പതിയാണ്. ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന 17-ാം സീസണ്‍ കഴിഞ്ഞ വാരം 16 ലക്ഷം പേരാണ് ഒടിടിയില്‍ മാത്രമായി കണ്ടത്. ജിയോ ഹോട്ട്സ്റ്റാറില്‍ത്തന്നെയുള്ള തമിഴ്, തെലുങ്ക് ബി​ഗ് ബോസ് ഷോകളാണ് ലിസ്റ്റില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍. തമിഴ് ബി​ഗ് ബോസ് 15 ലക്ഷം പേരും തെലുങ്ക് ബി​ഗ് ബോസ് 13 ലക്ഷം പേരുമാണ് ജിയോ ഹോട്ട്സ്റ്റാറില്‍ പോയ വാരം കണ്ടത്.

അതേസമയം കാണികളുടെ എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റേറ്റിം​ഗില്‍ മറ്റ് ഭാഷകളേക്കാള്‍ മുന്നിലാണ് മലയാളം ബി​ഗ് ബോസ്. ബി​ഗ് ബോസ് നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ തന്നെ ഒക്ടോബര്‍ 18 ന് പുറത്തുവിട്ട കണക്ക് അനുസരിച്ച് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ബി​ഗ് ബോസുകളേക്കാള്‍ റേറ്റിം​ഗ് മോഹന്‍ലാല്‍ അവതാരകനാവുന്ന മലയാളം ബി​ഗ് ബോസിന് ആയിരുന്നു.

Asianet News Live | Delhi Blast | Malayalam News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്