ബിഗ് ബോസ് മലയാളം സീസൺ 7-ൽ മിനിസ്ക്രീൻ താരം അനുമോൾ വിജയിയായി. ഷോയുടെ ചരിത്രത്തിൽ കിരീടം നേടുന്ന രണ്ടാമത്തെ വനിതയെന്ന നേട്ടവും ഇതോടെ അനുമോൾ സ്വന്തമാക്കി.
കാത്തിരിപ്പിനൊടുവിൽ ബിഗ്ബോസ് മലയാളം സീസൺ 7 കഴിഞ്ഞിരിക്കുകയാണ്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ വിന്നറായത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുമോളാണ്. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ വിന്നറാകുന്ന രണ്ടാമത്ത വനിത എന്ന നേട്ടവും ഇനി അനുമോൾക്ക് സ്വന്തം. അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവരായിരുന്നു ടോപ് 5ൽ എത്തിയത്. ഇതിൽ കോമണറായെത്തിയ അനീഷ് റണ്ണറപ്പായപ്പോൾ ഷാനവാസ് മൂന്നാം സ്ഥാനവും നെവിൻ നാലാം സ്ഥാനവും അക്ബർ അഞ്ചാം സ്ഥാനവും നേടി.
'അവസാനവിധി കനലിൽ എരിഞ്ഞെത്തിയ അവൾക്കായിരുന്നു'
കപ്പുയർത്തിയതിനു പിന്നാലെ അനുമോൾക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയപ്പെട്ടവർ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചവിട്ടിയരച്ചപ്പോൾ അവസാനവിധി കനലിൽ എരിഞ്ഞെത്തിയ അവൾക്കായിരുന്നു എന്നാണ് നടി ഉമാ നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. "'ഈ തവണ ബിഗ് ബോസ് ചിലത് പഠിപ്പിച്ചു അതിലുള്ളവർ പഠിച്ചു എന്ന് വിശ്വസിക്കുന്നു. എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ചവിട്ടിയരച്ചപ്പോൾ അവസാനവിധി കനലിൽ എരിഞ്ഞെത്തിയ അവൾക്കായിരുന്നു. അഭിനന്ദനങ്ങൾ അനുമോളേ.. ഒപ്പം അനീഷിനും ഷാനവാസിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...'', അനുമോൾ കപ്പ് ഉയർത്തുന്ന വീഡിയോയ്ക്കൊപ്പം ഉമാ നായർ കുറിച്ചു. അനുമോളുടെ അടുത്ത സുഹൃത്തുക്കളും മിനിസ്ക്രീൻ താരങ്ങളുമായ ആതിര മാധവ്, ശ്രീവിദ്യ മുല്ലച്ചേരി, ഡയ്യാന ഹമീദ്, ലക്ഷ്മി നക്ഷത്ര തുടങ്ങിയവരെല്ലാം അനുമോളെ അഭിനന്ദിച്ച് പോസ്റ്റുകളിട്ടിട്ടുണ്ട്.
കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന 42 ലക്ഷത്തിലധികം (42, 55, 210) രൂപയാണ് വിന്നറായ അനുമോൾക്ക് ലഭിക്കുന്നത്. 50 ലക്ഷമായിരുന്നു വിന്നറുടെ പ്രൈസ് മണി. എന്നാൽ മണി വീക്കിൽ മറ്റ് മത്സരാർത്ഥികൾ കളിച്ച് നേടിയ തുക വിന്നറുടെ പ്രൈസ് മണിയിൽ നിന്നും കുറച്ചിരുന്നു. പണം കൂടാതെ മാരുതി സുസുക്കിയുടെ കാറും അനുമോൾക്ക് സമ്മാനമായി ലഭിച്ചു.


