വിഷ്‍ണുവിനെ പ്രതിരോധത്തിലാക്കി റിനോഷിന്‍റെ മറുപടി

ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ മത്സരാര്‍ഥികള്‍ക്കിടയിലെ മത്സരാവേശം ഉയര്‍ന്ന നിലയിലാണ്. എതിര്‍ മത്സരാര്‍ഥി പറയുന്ന ഓരോ വാക്കിലും പ്രശ്നമുണ്ടോയെന്ന് ചികയുന്ന രീതി പല മത്സരാര്‍ഥികളും കാട്ടുന്നുണ്ട്. അതിനിടെ ബിഗ് ബോസിന് പുറത്തും വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കാവുന്ന ഒരു വിഷയം വിഷ്ണു ആരോപണമായി ഇന്ന് കൊണ്ടുവന്നു. റിനോഷിനെതിരെയായിരുന്നു അത്. സഹോദരിയെപ്പോലെ താന്‍ കരുതുന്നയാളെന്ന് വിശേഷിപ്പിച്ചിട്ടുള്ള ഒരു മുന്‍ മത്സരാര്‍ഥിയോട് റിനോഷ് സെക്സ് ജോക്ക് പറഞ്ഞുവെന്നതാണ് ആരോപണം എന്ന നിലയില്‍ റിനോഷ് എല്ലാവരുടെയും മുന്നില്‍ വച്ച് പറഞ്ഞത്. ഇത് ഹൌസില്‍ വലിയ കോലാഹലത്തിലേക്കും ചര്‍ച്ചയിലേക്കും നയിച്ചു.

'എന്തൊരു മനുഷ്യനാണ് താന്‍' എന്നായിരുന്നു റിനോഷിന്‍റെ ആദ്യ പ്രതികരണം. താന്‍ സെക്സ് ജോക്ക് ആണ് പറഞ്ഞതെന്ന് സമ്മതിച്ച റിനോഷ് അതില്‍ അവര്‍ പരാതി പറഞ്ഞിട്ടുണ്ടോ എന്ന് വിഷ്ണുവിനോട് ചോദിച്ചു. പരാതിയായല്ല പറഞ്ഞതെന്നായിരുന്നു വിഷ്ണുവിന്‍റെ പ്രതികരണം. താനും അത്തരം തമാശകള്‍ പറയുന്ന ആളാണെന്നും പക്ഷേ പെങ്ങളോട് അത് പറയില്ലെന്നും വിഷ്ണു പറഞ്ഞു. സെക്സ് എന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. "പെങ്ങളോട് ഞാന്‍ സെക്സ് എന്താണ് എന്നത് ചിലപ്പോള്‍ വിശദീകരിച്ചു എന്നുവരും. പെങ്ങളുടെ കാര്യം പോട്ടെ, എന്‍റെ മകളോടു തന്നെ സെക്സിനെക്കുറിച്ച് ഞാന്‍ സംസാരിക്കും. അതില്‍ അറിവ് പകരും", റിനോഷ് പറഞ്ഞു. 

എന്നാല്‍ സെക്സ് എജ്യൂക്കേഷനും സെക്സ് ജോക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നായിരുന്നു വിഷ്ണുവിന്‍റെ പ്രതികരണം. താന്‍ അത്തരം തമാശകള്‍ പറയുന്ന ഒരാളാണെന്നും എന്നാല്‍ കേള്‍ക്കുന്ന ഒരാള്‍ അതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് പറഞ്ഞാല്‍ താന്‍ പിന്നീടത് തുടരില്ലെന്നും റിനോഷ് തുടര്‍ന്നു. "ഞാന്‍ ഒരാളോട് ഒരു കാര്യം പറഞ്ഞു. അതില്‍ അയാള്‍ക്ക് പ്രശ്നമൊന്നുമില്ലെങ്കില്‍ ഇയാള്‍ക്കാണോ പ്രശ്നം? ഇയാളാര് സദാചാരക്കാരനോ"? എല്ലാവരുടെയും മുന്നില്‍ നിന്ന് റിനോഷ് ചോദിച്ചു. ഈ സമയം റിനോഷിന് പിന്തുണയുമായി ജുനൈസും നാദിറയും എത്തി. റിനോഷ് പറഞ്ഞ തമാശകള്‍ ആസ്വദിച്ചിട്ടുള്ളതായി ഈ വ്യക്തി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നാദിറ അറിയിച്ചു. പുറത്ത് പോയ ഒരു വ്യക്തി കൂടി ഉള്‍പ്പെടുന്ന ചര്‍ച്ച ആയതിനാല്‍ ഇത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ക്യാപ്റ്റനായ സെറീന ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇതേസമയം അഖിലും ഷിജുവും ചര്‍ച്ച നടക്കുന്നിടത്തുനിന്ന് പുറത്തേക്ക് പോകുന്നുണ്ടായിരുന്നു. ചര്‍ച്ചാ വിഷയങ്ങള്‍ മാറിപ്പോവുകയാണെന്നും ഇതില്‍ തങ്ങള്‍ക്ക് പങ്കാളിത്തം ഇല്ലല്ലോ എന്നുമായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സെറീനയോട് അഖിലിന്‍റെ പ്രതികരണം.

ALSO READ : "ശോഭേ.."; ബിഗ് ബോസില്‍ അവസാനം സസ്‍പെന്‍സ് പൊളിച്ച് ഷിജു

WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി|Sruthi Lakshmi