താൻ ഫൈനലിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും വിജയിയാകാൻ ആഗ്രഹിച്ചത് മറ്റൊരാളെന്നും അക്ബര്‍

ബി​ഗ് ബോസ് മലയാളം സീസണ്‍ 7 ന് ​ഗ്രാന്‍ഡ് ഫിനാലെയോടെ അവസാനമായത് കഴിഞ്ഞ വാരാന്ത്യത്തിലാണ്. സീരിയല്‍, ടെലിവിഷന്‍ താരം അനുമോള്‍ ആണ് കപ്പ് ഉയര്‍ത്തിയത്. ഇപ്പോഴിതാ അനുമോള്‍ക്ക് സഹമത്സരാര്‍ഥികള്‍ക്ക് മുകളില്‍ മേല്‍ക്കൈ നേടിക്കൊടുത്ത ഘടകം എന്തെന്ന് പറയുകയാണ് ഫൈനല്‍ ഫൈവില്‍ എത്തിയിരുന്ന അക്ബര്‍ ഖാന്‍. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അക്ബര്‍ ഇക്കാര്യം പറയുന്നത്. ഫിനാലെയില്‍ കപ്പ് ഉയര്‍ത്തണമെന്ന് താന്‍ ആ​ഗ്രഹിച്ചിരുന്നയാള്‍ അനീഷ് ആയിരുന്നെന്നും അക്ബര്‍ പറയുന്നു. ഒപ്പം അതിന്‍റെ കാരണവും. 

“അനുമോള്‍ക്ക് നേരത്തേ തന്നെ ഒരു വലിയ ഫാന്‍ ബേസ് ഉണ്ട്, ബി​ഗ് ബോസിലേക്ക് വരുമ്പോള്‍ത്തന്നെ. അനുമോള്‍ക്കും ഷാനവാസ് ഇക്കയ്ക്കുമൊക്കെ നമ്മളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരുപാട് വലിയ ഫാന്‍ ബേസ് ഉണ്ട്. അതിനാല്‍ത്തന്നെ ബി​ഗ് ബോസിലെ ആദ്യ ആഴ്ചകളൊക്കെ അവര്‍ക്ക് വളരെ എളുപ്പമാണ്. മേല്‍ക്കൈ കൂടുതലാണ്”, അക്ബര്‍ പറയുന്നു. ടോപ്പ് 5 ല്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് എത്തും എന്നായിരുന്നു അക്ബറിന്‍റെ പ്രതികരണം. “ആദ്യ വാരമൊക്കെ കഴിയുമ്പോള്‍, സഹമത്സരാര്‍ഥികളുടെയൊക്കെ ​ഗെയിം കാണുമ്പോള്‍ നമുക്ക് ഒരു സ്വയം വിലയിരുത്തല്‍ വരും. ഞാന്‍ കേപ്പബിള്‍ ആണ്. എത്താന്‍ സാധ്യതയുണ്ട് എന്നൊക്കെ തോന്നും. രണ്ട്, മൂന്ന് ആഴ്ചയിലെ മോണിം​ഗ് ടാസ്ക് ഒക്കെ കഴിയുമ്പോള്‍, ഓരോരുത്തരുടെ ജയില്‍ നോമിനേഷനുകളൊത്തെ കാണുമ്പോള്‍, അവര്‍ പറയുന്ന കാരണങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, അതിനേക്കാള്‍ നന്നായി എനിക്ക് കാരണങ്ങള്‍ വ്യക്തമാക്കാന്‍ സാധിക്കുന്നുവെന്ന് തോന്നിയിരുന്നു”, അക്ബര്‍ പറയുന്നു.

മത്സരത്തില്‍ മുന്നേറുമെന്ന് കരുതിയിരുന്ന മത്സരാര്‍ഥികളെക്കുറിച്ചുള്ള ചോദ്യത്തിന് ആര്യന്‍റെ പേര് അഭിമുഖത്തില്‍ അക്ബര്‍ പറയുന്നുണ്ട്. “ആര്യന്‍ നല്ലൊരു പ്ലെയര്‍ ആയി തോന്നിയിരുന്നു. ഫൈനലില്‍ എത്തണമെന്ന് ഞാന്‍ ആ​ഗ്രഹിച്ചിരുന്ന ഒരാളാണ്. ഫൈനലില്‍ ഞാന്‍ അല്ലെങ്കില്‍ അനീഷേട്ടന്‍ വിജയി ആവണമെന്ന് ആ​ഗ്രഹിച്ചിരുന്നു. എവിക്റ്റ് ആയ സമയത്ത് ഞാന്‍ ആളുടെ അടുത്ത് എടുത്ത് പറഞ്ഞ ഒരു കാര്യമുണ്ട്. പരദൂഷണം പറയുകയോ ആരെയും വ്യക്തിഹത്യ നടത്തുകയോ ചെയ്യാത്ത ഒരാളാണ്”, അനീഷിനെക്കുറിച്ച് അക്ബര്‍ പറയുന്നു. അഖില്‍ മാരാര്‍ പങ്കെടുത്ത അഞ്ചാം സീസണിലെ 14 എപ്പിസോഡുകളാണ് ബി​ഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുന്‍പ് താന്‍ കണ്ടിരുന്നതെന്നും അക്ബര്‍ പറയുന്നു.

Bihar Election result | Asianet News Live | Malayalam News Live | Breaking News | ഏഷ്യാനെറ്റ് ന്യൂസ്