മമ്മൂട്ടിയുടെ 'കളങ്കാവൽ' ഉൾപ്പെടെ പത്തിലധികം സിനിമകളാണ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരേ ദിവസം തിയറ്ററുകളിലെത്തുന്നത്

ഇന്ത്യന്‍ സിനിമയില്‍ വരാനിരിക്കുന്ന ശ്രദ്ധേയ റിലീസ് തീയതികളിലൊന്നാണ് ഡിസംബര്‍ 5. വിവിധ ഭാഷകളിലായി ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള നിരവധി സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തുന്ന ദിവസം. പത്തിലധികം സിനിമകള്‍ വിവിധ ഭാഷകളിലായി അതേ ദിവസം തിയറ്ററുകളില്‍ എത്തുന്നുണ്ട്. നിലവിലെ രീതി അനുസരിച്ച് ആദ്യ ദിനങ്ങളില്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടാന്‍ സാധിക്കുന്ന ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ കയറി പോകും. കളങ്കാവല്‍ അടക്കം അഞ്ച് ചിത്രങ്ങളാണ് ഡിസംബര്‍ 5 ന് മലയാളത്തില്‍ നിന്ന് തിയറ്ററുകളില്‍ എത്തുന്നത്. ഹരീഷ് പേരടി നിര്‍മ്മിച്ച്, ഹരീഷ് പേരടിയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മധുര കണക്ക് തൊട്ടുതലേദിവസം, ഡിസംബര്‍ 4 ന് തിയറ്ററുകളില്‍ എത്തും. അതും ചേര്‍ത്ത് ആറ് സിനിമകളാണ് വരുന്ന ആഴ്ച മലയാളത്തില്‍ നിന്ന് തിയറ്ററുകളില്‍ എത്തുക.

മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ ആണ് മലയാളം റിലീസുകളില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്നത്. ഇന്ദ്രജിത്തിനെ നായകനാക്കി ജിതിന്‍ സുരേഷ് സംവിധാനം ചെയ്ത ധീരം, ശ്രീനാഥ് ഭാസിയെ നായകനാക്കി എ ബി ബിനില്‍ സംവിധാനം ചെയ്ത പൊങ്കാല, അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ധ്രുവന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് വാസുദേവ് സംവിധാനം ചെയ്ത ഖജുരാഹോ ഡ്രീംസ്, ഗോകുല്‍ സുരേഷ്, ലാൽ, ഗണപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജയറാം കൈലാസ് സംവിധാനം ചെയ്ത അമ്പലമുക്കിലെ വിശേഷങ്ങള്‍ എന്നിവയാണ് മലയാളത്തില്‍ നിന്ന് ഡിസംബര്‍ 5 ന് എത്തുന്ന മറ്റ് ചിത്രങ്ങള്‍.

മറുഭാഷകളില്‍ നിന്നും ശ്രദ്ധേയ ചിത്രങ്ങള്‍ ഇതേദിവസം ഉണ്ട്. തെലുങ്കില്‍ നിന്ന് നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്ത അഖണ്ഡ 2, ബോളിവുഡില്‍ നിന്ന് രണ്‍ബീര്‍ കപൂറിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ബി​ഗ് കാന്‍വാസ് സ്പൈ ആക്ഷന്‍ ത്രില്ലര്‍ ധുരന്ദര്‍ എന്നിവയാണ് അക്കൂട്ടത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍. തമിഴില്‍ നിന്ന് കാര്‍ത്തിയെ നായകനാക്കി നളന്‍ കുമാരസാമി സംവിധാനം ചെയ്ത വാ വാത്തിയാര്‍, അഭിനയ് കിങ്കറെ നായകനാക്കി അഭിഷേക് ലെസ്‍ലി സംവിധാനം ചെയ്ത ​ഗെയിം ഓഫ് ലോണ്‍സ്, ഹോളിവുഡില്‍ നിന്ന് ഹൊറര്‍ ത്രില്ലര്‍ ചിത്രം ഫൈവ് നൈറ്റ്സ് അറ്റ് ഫ്രെഡ്ഡീസ് 2 എന്നിവയും ഡിസംബര്‍ 5 ന് തിയറ്ററുകളില്‍ എത്തുന്നുണ്ട്.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്