Asianet News MalayalamAsianet News Malayalam

കേരളം മുഴുവന്‍ ഹൗസ്‍ഫുള്‍ ബോര്‍ഡുകള്‍, പുലര്‍ച്ചെ എക്സ്ട്രാ ഷോകള്‍; വന്‍ വീക്കെന്‍ഡ് കളക്ഷനിലേക്ക് '2018'

സെക്കന്‍ഡ് ഷോ ടിക്കറ്റുകള്‍ക്കും വന്‍ ഡിമാന്‍റ് വന്നതോടെ നിരവധി കേന്ദ്രങ്ങള്‍ അര്‍ധരാത്രി സ്പെഷല്‍ ഷോകള്‍ ചാര്‍ട്ട് ചെയ്തു

2018 movie off to a terrific opening weekend collection tovino thomas jude anthany joseph nsn
Author
First Published May 6, 2023, 4:51 PM IST

കാര്യമായ പ്രീ റിലീസ് പ്രൊമോഷന്‍ കൂടാതെ തിയറ്ററുകളിലെത്തുന്ന ചില ചിത്രങ്ങള്‍ മുന്‍പും വലിയ വിജയങ്ങള്‍ ആയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും മുന്‍നിര താരങ്ങള്‍ ഇല്ലാത്ത ചിത്രങ്ങളാണ് ഇത്തരത്തില്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നതിലൂടെ തിയറ്ററുകളിലേക്ക് ആളെ എത്തിക്കാറ്. എന്നാല്‍ അത് ഒറ്റ ദിവസം കൊണ്ടല്ല സംഭവിക്കാറ്, മറിച്ച് ഏറ്റവും കുറഞ്ഞത് രണ്ട് വാരങ്ങളെങ്കിലും എടുത്താണ് അത്തരം ഹിറ്റുകള്‍ സംഭവിക്കാറ്. അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഒറ്റ ദിവസം കൊണ്ട് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരിക്കുന്ന ജൂഡ് ആന്‍റണി ചിത്രം 2018.

ടൊവിനോയും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും വിനീത് ശ്രീനിവാസനും ലാലും നരെയ്നും തുടങ്ങി, മള്‍ട്ടി സ്റ്റാര്‍ കാസ്റ്റ് ഉള്ള ഒരു ചിത്രം മുന്‍പെങ്ങും ഇത്രയും കുറവ് പ്രൊമോഷനോടെ മലയാളത്തില്‍ എത്തിയിട്ടില്ല. പ്രൊമോഷന്‍ കുറവാണെന്ന കാര്യം ജൂ‍ഡ് തന്നെ ഒരിക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് വലിയ പ്രീ റിലീസ് പ്രൊമോഷന്‍ നല്‍കേണ്ടതില്ല എന്നത് ഉള്ളടകത്തിന്മേലുള്ള വിശ്വാസം കൊണ്ട് അണിയറക്കാര്‍ എടുത്ത തീരുമാനം ആയിരിക്കുമെന്നാണ് സിനിമ കണ്ടതിന് ശേഷം പ്രേക്ഷകരുടെ വിലയിരുത്തലുകള്‍. മികച്ച സ്ക്രീന്‍ കൗണ്ട് ഉണ്ടായിരുന്നെങ്കിലും പല സെന്‍ററുകളിലും ചെറിയ സ്ക്രീനുകളിലാണ് 2018 വെള്ളിയാഴ്ച രാവിലെ പ്രദര്‍ശനം ആരംഭിച്ചത്. എന്നാല്‍ ആദ്യ ഷോകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വന്‍ പോസിറ്റീവ് പബ്ലിസിറ്റി ലഭിച്ചതോടെ കേരളത്തിലെമ്പാടും ചെറിയ സ്ക്രീനുകളില്‍ നിന്ന് വലിയ സ്ക്രീനുകളിലേക്ക് ചിത്രം മാറ്റപ്പെട്ടു.

 

ഉദാഹരണത്തിന് തിരുവനന്തപുരത്തെ പ്രധാന തിയറ്റര്‍ ആയ ഏരീസ് പ്ലെക്സില്‍ താരതമ്യേന ചെറിയ സ്ക്രീനിലാണ് രാവിലെ ചിത്രം റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ ഫസ്റ്റ് ഷോ ആയപ്പോഴേക്കും കേരളത്തിലെ തന്നെ വലിയ സീറ്റിംഗ് കപ്പാസിറ്റിയുള്ള ഒന്നായ അവരുടെ ഓഡി 1 ലേക്ക് ചിത്രം മാറ്റപ്പെട്ടു. അവിടെയാണെങ്കില്‍ ആദ്യ നിര കസേരകള്‍ വരെ പ്രേക്ഷകരും. ഇത് തിരുവനന്തപുരത്തെ മാത്രം കഥയല്ല, കേരളത്തിലെമ്പാടുമുള്ള സ്ക്രീനുകളില്‍ സംഭവിച്ചതാണ്. സെക്കന്‍ഡ് ഷോ ടിക്കറ്റുകള്‍ക്കും വന്‍ ഡിമാന്‍റ് വന്നതോടെ നിരവധി കേന്ദ്രങ്ങള്‍ അര്‍ധരാത്രി സ്പെഷല്‍ ഷോകള്‍ ചാര്‍ട്ട് ചെയ്തു. അവയ്ക്കും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജനത്തിരക്ക് മൂലം അര്‍ധരാത്രിയിലെ സ്പെഷൃല്‍ ഷോകള്‍ പല തിയറ്ററുകളും ശനിയാഴ്ചയായ ഇന്നും ചാര്‍ട്ട് ചെയ്തിട്ടുണ്ട്. 

 

ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 1.85 കോടി ആണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ആദ്യ ദിനത്തേക്കാള്‍ വലിയ കളക്ഷനാവും ചിത്രത്തിന് ശനി, ഞായര്‍ ദിനങ്ങളില്‍ ലഭിക്കുക എന്നത് ഉറപ്പാണ്. ഇതോടെ വീക്കെന്‍ഡ് ബോക്സ് ഓഫീസില്‍ ചിത്രം അത്ഭുതങ്ങള്‍ കാട്ടുമെന്ന വിലയിരുത്തലിലാണ് ട്രേഡ് അനലിസ്റ്റുകള്‍. ഈ വര്‍ഷം ഒരു മലയാളത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യ വാരാന്ത്യ കളക്ഷനും 2018 സ്വന്തമാക്കും. വലിയ ഇടവേളയ്ക്കു ശേഷം തിയറ്ററുകള്‍ സജീവമായതിന്‍റെ ആഹ്ലാദത്തിലാണ് തിയറ്റര്‍ ഉടമകളും ചലച്ചിത്ര ലോകവും.

ALSO READ : ഒരു ആക്ഷന്‍ രംഗത്തിനു മാത്രം 35 കോടി! 'ടൈഗറും' 'പഠാനും' വീണ്ടും ഒരുമിക്കുമ്പോള്‍ തീ പാറും

Follow Us:
Download App:
  • android
  • ios