ശങ്കരംകുളത്ത് ഒരു സ്റ്റേജ് ഷോയിൽ വച്ചായിരുന്നു നവാസും രഹ്നയും ആദ്യമായി കാണുന്നത്.

രുപത്തി ഒന്ന് വർഷത്തെ സന്തോഷകരമായ വിവാഹ ജീവിതത്തിനിടെയാണ് രഹ്നയെ തനിച്ചാക്കി കലാഭവൻ നവാസ് വിട പറഞ്ഞത്. തന്റെ പ്രിയ നവാസിക്കയുടെ വിയോ​ഗം രഹ്നയെ വല്ലാതെ തളർത്തിയിട്ടുണ്ട്. അതിൽ നിന്നും കരകയറാൻ രഹ്നയ്ക്ക് സാധിക്കട്ടെ എന്നാണ് ഓരോ മലയാളികളുടെയും പ്രാർത്ഥന. സ്റ്റേജ് ഷോകളിലും സിനിമയിലും ഒന്നിച്ച് അഭിനയിച്ച്, ഒടുവിൽ ജീവിതത്തിലും ഒന്നായവരാണ് നവാസും രഹ്നയും. തങ്ങളുടെ ആദ്യ കൂടിക്കാഴ്ച വഴക്ക് പറഞ്ഞായിരുന്നുവെന്ന് മുൻപൊരിക്കൽ നവാസും രഹ്നയും പറഞ്ഞിരുന്നു. പൂവിന് പകരം കിട്ടിയത് ചീത്ത ആയിരുന്നുവെന്നാണ് നവാസ് തമാശരൂപേണ അന്ന് പറഞ്ഞത്.

ശങ്കരംകുളത്ത് ഒരു സ്റ്റേജ് ഷോയിൽ വച്ചായിരുന്നു നവാസും രഹ്നയും ആദ്യമായി കാണുന്നത്. "എന്റെ അച്ഛൻ ഒരു ഡ്രാമ ആർട്ടിസ്റ്റ് ആണ്. ഞാൻ ചെയ്തിരുന്നതെല്ലാം സീരിയസ് വേഷങ്ങളായിരുന്നു. മിമിക്രി ചെയ്യുന്നവരോട് എന്റെ സഹോദരിക്ക് വലിയ ഇഷ്ടമാണ്. ഞാൻ പക്ഷേ അതൊന്നും ശ്രദ്ധിക്കാറില്ല. അന്നേദിവസം പരിപാടിയിൽ നോക്കിയപ്പോൾ വളരെ സീരിയസ് ആയി മിമിക്രി ചെയ്യുന്നൊരാൾ. എനിക്കത് ഇഷ്ടപ്പെട്ടു. നവാസിക്ക ആയിരുന്നു ഷോ ഡയറക്ടർ. പരിപാടിയിൽ ഞാൻ ഒരു രം​ഗപൂജ ഡാൻസ് ചെയ്തിരുന്നു. അത് കഴിഞ്ഞ് സ്കിറ്റ് ചെയ്യാൻ കയറണം. ഭതനാട്യത്തിന്റെ ഡ്രെസ് ആയിരുന്നു ഇട്ടിരുന്നത്. പക്ഷേ സമയത്തിന് അത് അഴിക്കാൻ പറ്റിയില്ല. ഒടുവിൽ ഒരുവിധേന അഴിച്ച് സ്റ്റേജിലേക്ക് കയറാൻ വാതിൽ തുറന്നതും നവാസിക്ക എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. ഭയങ്കരമായി ചീത്ത പറഞ്ഞു. അതായിരുന്നു ഞങ്ങളുടെ ഫസ്റ്റ് കൂടിക്കാഴ്ച", എന്നായിരുന്നു മുൻപ് രഹ്ന ഒരു അഭിമുഖത്തിൽ പറഞ്ഞത്.

"എല്ലാവരും പൂവ് കൊടുത്താണ് പരിചയപ്പെടുന്നതെങ്കിൽ ഞങ്ങൾ നല്ല ചീത്ത പറഞ്ഞാണ് പരിചയപ്പെട്ടത്. അതൊക്കെ കഴിഞ്ഞ് പോയി, ഞങ്ങൾ ഒരുമിച്ചൊരു സിനിമ ചെയ്തു. ചേട്ടൻ നേരത്തെ കല്യാണം കഴിച്ച് പോയിരുന്നു. ഇനിയുള്ളത് ഞാൻ. അങ്ങനെ ആലോചനകളൊക്കെ നടക്കുകയാണ്. ഒടുവിൽ രഹ്നയുടെ ബാക്​ഗ്രൗണ്ട് ഞങ്ങൾക്ക് ഒത്തു വന്നു. കലാകുടുംബം നല്ലതാകുമെന്ന് കരുതി. ചേട്ടൻ അവരോട് സംസാരിച്ചു. അതെല്ലാം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് കല്യാണം നടക്കുന്നത്", എന്നായിരുന്നു നവാസ് അന്ന് പറഞ്ഞിരുന്നത്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്