3 ഇഡിയറ്റ്സ്, പികെ എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ ഖാനും സംവിധായകൻ രാജ്കുമാർ ഹിരാനിയും വീണ്ടും ഒന്നിക്കുന്നു.
മുംബൈ: 3 ഇഡിയറ്റ്സ് (2009), പികെ (2014) എന്നീ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം ആമിർ ഖാനും സംവിധായകൻ രാജ്കുമാർ ഹിരാനിയും 11 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന് വിവരം. ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ ബയോപിക്കിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഇന്ത്യാ സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ചലച്ചിത്ര ബഹുമതി ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ പേരിലാണ്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിലാണ് നടക്കുന്നത്. 2025 ഒക്ടോബറിൽ ബയോപിക്കിന്‍റെ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം. ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രത്തിന്‍റെ നിർമ്മാതാവും സംവിധായകനുമായ ഫാല്‍ക്കേ ലോകത്തിലെ ഏറ്റവും വലിയ തദ്ദേശീയ ചലച്ചിത്ര വ്യവസായ രംഗത്തിന് ഏങ്ങനെ ജന്മം നൽകി എന്നതിലെ ചരിത്ര വസ്തുകളിലേക്ക് ചിത്രം വെളിച്ചം വീശും എന്നാണ് റിപ്പോര്‍ട്ട്.
ജൂൺ 20 ന് പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ ചിത്രമായ 'സീതാരേ സമീൻ പർ' പുറത്തിറങ്ങിയതിന് ശേഷം ആമിർ ഖാൻ പുതിയ ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ ടീം പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.
"സീതാരേ സമീൻ പർ പുറത്തിറങ്ങിയ ഉടൻ തന്നെ അദ്ദേഹം തന്റെ വേഷത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. ലോസ് ഏഞ്ചൽസിലെ വിഎഫ്എക്സ് സ്റ്റുഡിയോകൾ സിനിമയുടെ കാലഘട്ടത്തിനും കാലഘട്ടത്തിനും വേണ്ടിയുള്ള എഐ ഡിസൈനുകൾ ഇതിനകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്" എന്നാണ് പ്രസ്താവന പറയുന്നത്.
നാലു വർഷമായി ഈ സിനിമയുടെ തിരക്കഥയുടെ പണിപ്പുരയിലായിരുന്നു രാജ്കുമാർ ഹിരാനിയും അഭിജത് ജോഷിയും. ഇവര്‍ക്കൊപ്പം എഴുത്തുകാരായ ഹിന്ദുകുഷ് ഭരദ്വാജ്, അവിഷ്കർ ഭരദ്വാജ് എന്നിവരും ഈ ചിത്രത്തിന്‍റെ രചനയില്‍ പങ്കാളികളാണ്. കഴിഞ്ഞ നാല് വർഷമായി ഈ തിരക്കഥയിൽ ഇവര്‍ പ്രവർത്തിച്ചുവരുകയാണ്. ദാദാസാഹിബ് ഫാൽക്കെയുടെ ചെറുമകനായ ചന്ദ്രശേഖർ ശ്രീകൃഷ്ണ പുസാൽക്കർ ഈ പ്രൊജക്ടില്‍ പിന്തുണയ്ക്കുകയും ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതത്തിൽ നിന്നുള്ള സുപ്രധാന വിവരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ നിശബ്ദ ചിത്രമായ രാജാ ഹർഷചന്ദ്ര എടുത്ത വ്യക്തിയാണ് ഫാൽക്കെ 1912 ൽ ഫാൽക്കെ ഫിലിംസ് കമ്പനി സ്ഥാപിച്ചത്. ഫാൽക്കെ ഈ ചിത്രത്തിന്‍റെ രചന, സംവിധാനം, നിർമ്മാണം എന്നിവ നിര്‍വഹിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ സരസ്വതി വസ്ത്രാലങ്കാരത്തില്‍ അടക്കം സഹായിച്ചിരുന്നു. മൂത്ത മകൻ ഭാൽചന്ദ്ര ഒരു പ്രധാന വേഷം ചെയ്തു. രണ്ട് പതിറ്റാണ്ടോളം ചലച്ചിത്ര നിർമ്മാണത്തില്‍ പ്രവര്‍ത്തിച്ച ദാദാസാഹെബ് ഫാൽക്കെ 27 ഹ്രസ്വചിത്രങ്ങളും 90-ലധികം ഫീച്ചര്‍ ഫിലിമുകളും നിർമ്മിച്ചു. ലങ്കാ ദഹന്, ശ്രീകൃഷ്ണ ജന്മം, സത്യവാൻ സാവിത്രി എന്നിവയാണ് അദ്ദേഹത്തിന്റെ സിനിമകളാണ്.


