'മാളികപ്പുറം' സിനിമ കണ്ടതിന് ശേഷം മുൻ കാമുകി അടുത്ത സിനിമയിൽ അവസരം ചോദിച്ച് വിളിച്ചുവെന്നും തന്റെ മറുപടി കേട്ടയുടൻ ഫോൺ കട്ട് ചെയ്ത് പോയെന്നും പറയുന്നു തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.
വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത 'മാളികപ്പുറം' എന്ന സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. മാളികപ്പുറം സിനിമ കണ്ടതിന് ശേഷം മുൻ കാമുകി തന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചെന്നും അടുത്ത സിനിമയിൽ ഒരു റോൾ തരാമോ എന്ന് ചോദിച്ചെന്നും അഭിലാഷ് പിള്ള പറയുന്നു. എന്നാൽ തന്റെ മറുപടി കേട്ടയുടനെ അവർ ഫോൺ കട്ട് ചെയ്ത് പോയെന്നും അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു.
"കോളേജിൽ പഠിച്ചിരുന്ന സമയത്ത് ഒരാളെ വളരെ സീരിയസായി ഇഷ്ടപ്പെട്ടിരുന്നു. അയാളും തിരിച്ച് അതേപോലെ തന്നെ ആ ഇഷ്ടം മുന്നോട്ട് കൊണ്ടുപോയിരുന്നുവെങ്കിൽ ഞാൻ ആ കുട്ടിയെ വിവാഹം കഴിക്കുമായിരുന്നു. പക്ഷെ ഒരു സമയത്ത് തേപ്പെന്ന് ഒന്നും ഞാൻ പറയുന്നില്ല. ഓരോരുത്തരുടെ മാനസികാവസ്ഥയാണ്. ചിലപ്പോൾ അവർക്ക് അത് വർക്കാകാത്തതുകൊണ്ടാകും പ്രണയം തകർന്നു. അതിന്റെ കോമഡി എന്താണെന്ന് വെച്ചാൽ ആ ദേഷ്യത്തിന് ആ പെൺകുട്ടിയുടെ റൂംമേറ്റിനെ തന്നെ പ്രണയിച്ച് ഞാൻ കല്യാണം കഴിച്ചു." അഭിലാഷ് പിള്ള പറയുന്നു
"ആറ് വർഷത്തോളം പ്രണയിച്ച ശേഷമാണ് കല്യാണം കഴിച്ചത്. വേറൊരു രസകരമായ സംഭവവുമുണ്ടായി. മാളികപ്പുറം സിനിമ ഞാൻ ചെയ്ത് കഴിഞ്ഞപ്പോൾ ആ പെൺകുട്ടി എനിക്ക് മെസേജ് അയച്ചു. വേറൊരു സ്ഥലത്താണിപ്പോൾ ഇന്ത‍്യയിലില്ല. എന്റെ നമ്പർ ആ കുട്ടി വാങ്ങി വിളിച്ചു. മാളികപ്പുറം കണ്ടുവെന്നും വളരെ നന്നായിട്ടുണ്ടെന്നും ഭയങ്കര അടിപൊളി സിനിമാക്കാരനായല്ലേ എന്നുമൊക്കെ പറഞ്ഞു. ശേഷം അടുത്ത പടത്തിൽ അഭിനയിക്കാൻ ഒരു വേഷം തരുമോയെന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു എന്റെ ജീവിതത്തിൽ ഞാൻ ഒരു വേഷം മാറ്റിവെച്ചിട്ടുണ്ടായിരുന്നു അതിപ്പോൾ നന്നായിട്ട് എന്റെ വീട്ടിലൊരാൾ ചെയ്യുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. എന്റെ മറുപടി കേട്ടതും അവൾ വേഗം കോൾ കട്ട് ചെയ്ത് പോയി." അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു. ഷെഫ് നളൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭിലാഷ് പിള്ളയുടെ പ്രതികരണം.



