Asianet News MalayalamAsianet News Malayalam

അങ്ങേയറ്റം ഹൃദയഭാരം, എങ്കിലും..; 15 വർഷത്തെ ദാമ്പത്യം വേർപെടുത്തി ജയം രവിയും ആരതിയും

തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും ജയം രവി.

actor jayam ravi announces divorce with wife aarti
Author
First Published Sep 9, 2024, 4:05 PM IST | Last Updated Sep 9, 2024, 4:14 PM IST

തിനഞ്ച് വർഷം നീണ്ട വിവാഹ ബന്ധം വേർപെടുത്തി തമിഴ് താരം ജയം രവിയും ഭാര്യ ആരതിയും. ഏറെ നാളത്തെ ആലോചനകൾക്കും ചർച്ചകൾക്കും ഒടുവിൽ എടുത്ത തീരുമാനമാണിതെന്ന് ജയം രവി പങ്കുവച്ച വാർത്താ കുറിപ്പിൽ പറയുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും ജയം രവി അഭ്യർത്ഥിക്കുന്നു. 

'ജീവിതം എന്നത് ഒരുപാട് അധ്യായങ്ങളിലൂടെയുള്ള യാത്രയാണ്. അവയിൽ ഓരോന്നിലും അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞിരിക്കുന്നു. ബി​ഗ് സ്ക്രീനിന് അകത്തും പുറത്തും എന്റെ ഈ യാത്രയിൽ നിങ്ങളിൽ പലരും ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങളോടും ആരാധകരോടും എന്നെകൊണ്ട് സാധിക്കുന്നത് പോലെ സുതാര്യമായും സത്യസന്ധമായും ഇടപെടാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഈ അവസരത്തിൽ അങ്ങേയറ്റം ഹൃദയഭാരത്തോടെ എന്റെ ജീവിതത്തിലെ സ്വകാര്യമായൊരു കാര്യം നിങ്ങളുമായി പങ്കിടുകയാണ്. ഏറെ നാളത്തെ ചിന്തകൾക്കും ചർച്ചകൾക്കും ഒടുവിൽ ആരതിയുമായുള്ള വിവാഹ ബന്ധം ഞാൻ വേർപെടുത്തുകയാണ്. വളരെ പ്രയാസമേറിയൊരു കാര്യമാണത്. ഇതൊരിക്കലും വളരെ വേ​ഗത്തിൽ എടുത്ത തീരുമാനമല്ല. എല്ലാവരുടെയും നല്ലതിന് എന്റെ ഈ തീരുമാനം ഉപകാരപ്പെടുമെന്ന് ഞാൻ കരുതുകയാണ്', എന്നാണ് ജയം രവി കുറിച്ചത്. 

ഈ അവസരത്തിൽ തങ്ങളുടെയും കുടുംബങ്ങളുടെയും സ്വകാര്യതകളെ മാനിക്കണമെന്നും ജയം രവി അഭ്യർത്ഥിക്കുന്നുണ്ട്.'വേർപിരിയലുമായി ബന്ധപ്പെട്ട് മറ്റെല്ലാ നി​ഗമനങ്ങളും കിംവദന്തിരളും ആരോപണങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഇത് തികച്ചും സ്വകാര്യമായൊരു കാര്യമാണ്. ഇത്രയും കാലം പ്രേക്ഷകർക്ക് സമ്മാനിച്ച സന്തോഷവും ആനനന്ദവും ഇനിയും സിനിമകളിലൂടെ നിങ്ങൾക്ക് നൽകും. അതിലാകും എന്റെ ശ്രദ്ധയും. ഞാനെന്നും നിങ്ങളുടെ ജയം രവി തന്നെ ആയിരിക്കും. നിങ്ങൾ നൽകുന്ന പിന്തുണയാണ് എനിക്ക് എല്ലാം. ഇക്കാലമത്രയും നിങ്ങൾ കാണിച്ച സ്നേഹത്തിന് മുന്നിൽ ഞാൻ എന്നും കടപ്പെട്ടിരിക്കും', എന്നും ജയം രവി കൂട്ടിച്ചേർത്തു.  

2009 ജൂണിൽ ആയിരുന്നു ജയം രവിയും ആരതിയും തമ്മിൽ വിവാഹിതരായത്. ആരവ്, അയാൻ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട് ഇവർക്ക്. ഈ വർഷം ആദ്യം തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്നും ജയം രവിയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും വീഡിയോകളും ആരതി പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ വേർപിരിയൽ അഭ്യൂഹങ്ങൾ ഉയരുകയും ചെയ്തിരുന്നു. 

മിനിസ്ക്രീൻ ​വില്ലത്തരത്തിന്റെ മറുപേരായ ​ഗ്ലോറി; അര്‍ച്ചന സുശീലന്‍ ദാ ഇവിടെ ഉണ്ട്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios