നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകളിലെ ഓൺലൈൻ മാധ്യമ ഇടപെടലുകളിൽ പ്രതികരിച്ച് നടൻ മഹേഷ് നായർ. താൻ മരിച്ചാൽ മണിക്കൂറുകൾക്കകം വൈദ്യുതി ശ്മശാനത്തിൽ ദഹിപ്പിക്കണമെന്നും, നിശ്ചല ശരീരം കണ്ട് ആരും ദുഃഖിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടെ ഓൺലൈൻ മാധ്യമങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ പ്രതികരണവുമായി നടൻ മഹേഷ് നായർ. താൻ അത്ര അറിയപ്പെടുന്ന നടനല്ലെന്നും പക്ഷേ താൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചാരമാക്കി മാറ്റണമെന്ന് മഹേഷ് പറയുന്നു. നിശ്ചലമായി കിടക്കുന്ന ശരീരം കണ്ട് തന്നെ പറ്റിയുള്ള ഓർമ്മകൾ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാകരുതെന്നും മഹേഷ് പറയുന്നു.
"പ്രിയരെ, പ്രിയ സലിം കുമാർ യാത്ര ആയപ്പോൾ ഓൺലൈൻ മീഡിയ കാരണം സലിം കുമാറിന്റെ മകന്റെ വിഷമം നമ്മൾ കണ്ടു. ഞാൻ അത്രയും വലിയ അറിയപ്പെടുന്ന നടനല്ല. പക്ഷേ എന്നെ മരണം എന്നെ പുൽകി മണിക്കൂർ തികയ്ക്കും മുൻപേ വൈദ്യുതി സ്മശാനത്തിൽ എന്നെ ചാരമാക്കി മാറ്റണം.. ഒരു റീത്തും വേണ്ട. നിശ്ച്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓർമ്മകൾ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട. ബന്ധുക്കൾ പോലും ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി. എല്ലാപേരും ജീവനുള്ള എന്നെ ഓർത്താൽ മതി. മക്കൾ പോലും", എന്നായിരുന്നു മഹേഷ് നായരുടെ വാക്കുകൾ.
പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. 'ഉദ്ദേശിച്ചത് സിമ്പിൾ ആണ്. ക്യാമറയും തൂക്കി ഒരു യൂട്യൂബർന്മാരും വരണ്ട. മനസമാധാനം ആയി കാര്യങ്ങൾ നടക്കണം എന്നാണ്, മഹേഷേട്ടനെ അറിയില്ലന്നോ, ഞങ്ങൾ 90s kids മറക്കില്ല നിങ്ങളെ, ജീവിച്ചിരിക്കുന്ന കാലത്ത് നല്ല നാല് വാക്ക് പറയാത്തവർ ആണ് മരിച്ചു കിടക്കുമ്പോൾ കീർത്തനങ്ങളുമായി വരുന്നത്, ഇങ്ങനൊന്നും പറയല്ലെ ചേട്ടാ, സങ്കടമാണ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ.



