Asianet News MalayalamAsianet News Malayalam

'ആ ഓർമ്മകൾ ഇപ്പോഴും എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു'; വൈശാഖിനെ കുറിച്ച് മോഹൻലാൽ

പൂഞ്ചിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. 

actor mohanlal pays homage to martyred soldier vaishakh
Author
Kochi, First Published Oct 15, 2021, 10:20 AM IST

പൂഞ്ചിൽ (Poonch)പാക്കിസ്ഥാൻ ഭീകരരുമായുള്ള (terrorist attack) ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വൈശാഖിന് (Vaishakh H) ആദരാഞ്ജലി നേര്‍ന്ന് നടൻ മോഹൻലാൽ. വൈശാഖിന്റെ അമ്മയുമായി താൻ സംസാരിച്ചുവെന്നും  മകനെ നഷ്ടപെട്ട വേദനയിലും രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച വൈശാഖിനെ കുറിച്ചുള്ള ആത്മാഭിമാനം അവരുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നുവെന്നും മോഹൻലാൽ(mohanlal) കുറിക്കുന്നു. 

മോഹൻലാലിന്റെ വാക്കുകൾ

കാശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരൻ വൈശാഖിൻ്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി. മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളിൽ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നു. എൻ്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികൾ. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു, ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു.

വൈശാഖിന് അന്ത്യ യാത്രാമൊഴി നൽകാൻ ആയിരങ്ങളാണ് കൊല്ലം കുടവട്ടൂർ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം തടിച്ചുകൂടിയത്. പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് വിലാപ യാത്ര ആയിട്ടായിരുന്നു വൈശാഖിന്‍റെ ഭൗതികശരീരം കുടവട്ടൂരിലെ ജന്മനാട്ടിലേക്ക് എത്തിച്ചത്. 

പൂഞ്ചിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരർ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ. 

Follow Us:
Download App:
  • android
  • ios