'കേരളത്തെ എങ്ങനെ കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍...'; റിയാസിന്‍റെ പുസ്തകത്തിന് ആമുഖമെഴുതി മോഹൻലാല്‍
അനന്തമായ വിനോദസഞ്ചാര സാധ്യതകളുള്ള കേരളത്തെ എങ്ങനെ കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയ നിരീക്ഷണങ്ങള്‍ പുസ്തകം പങ്കുവയ്ക്കുന്നതായി മോഹന്‍ലാല്‍ അവതാരികയില്‍ കുറിച്ചു.

തിരുവനന്തപുരം: ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ 'കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും' എന്ന പുസ്തകത്തിന് ആമുഖമെഴുതി മോഹൻലാല്‍. അനന്തമായ വിനോദസഞ്ചാര സാധ്യതകളുള്ള കേരളത്തെ എങ്ങനെ കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയ നിരീക്ഷണങ്ങള്‍ പുസ്തകം പങ്കുവയ്ക്കുന്നതായി മോഹന്‍ലാല്‍ അവതാരികയില്‍ കുറിച്ചു.
നാടിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും കാലാവസ്ഥയുമെല്ലാം മനസ്സിലാക്കി എങ്ങനെ വിജയകരമായ ഒരുവിനോദസഞ്ചാര പദ്ധതി ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗ്രന്ഥകാരന് നന്നായി അറിയാമെന്നും അത് സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിത്തുടങ്ങിയതായും മോഹന്‍ലാല്‍ പറയുന്നു.
ആഗോളതലത്തില്‍ കേരളത്തെ മുന്‍നിര ടൂറിസം ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ശ്രമങ്ങളെ വിവരിക്കുന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ 'കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും' എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തത്. ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ ജമാല്‍ അല്‍ ഖാസിമി പുസ്തകത്തിന്‍റെ ആദ്യ പ്രതി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റും എഴുത്തുകാരനുമായ മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.
ടൂറിസം രംഗത്തെ കേരളത്തിന്‍റെ നേട്ടങ്ങളും കൊവിഡിനു ശേഷം ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും പന്ത്രണ്ട് അധ്യായങ്ങളുള്ള പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍ വലീദ് ബുക്കാദിര്‍, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്കുമാര്‍, ഷെയ്ഖ് അബ്ദുല്‍ അസീസ്, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി ശശീന്ദ്രന്‍, ലോക കേരളസഭ അംഗം വി ടി സലിം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 168 പേജുള്ള പുസ്തകത്തില്‍ കേരളത്തിന്‍റെ വിനോദസഞ്ചാര സാധ്യതകള്‍ പരിപോഷിപ്പിക്കാന്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്നു. കേരള ടൂറിസത്തിന്‍റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും കുറിച്ച് അവലോകനം നടത്തുന്ന പുസ്തകത്തില്‍ മന്ത്രി എന്ന നിലയിലുള്ള ഗ്രന്ഥകര്‍ത്താവിന്‍റെ കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണാനുഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.