സിനിമയിലെ ആദ്യകാലത്തെ ദുരിതങ്ങളെക്കുറിച്ച് നടൻ നന്ദു പൊതുവാൾ വെളിപ്പെടുത്തുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പല സിനിമകളും പാതിവഴിയിൽ നിന്നുപോയിട്ടുണ്ട്. ഹോട്ടൽ ബിൽ അടയ്ക്കാൻ പണമില്ലാത്തതിനാൽ, പണയമായി കിടക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ഓർക്കുന്നു.
മലയാള സിനിമയിലെ ശ്രദ്ധേയനായ നടന്മാരിൽ ഒരാളാണ് നന്ദു പൊതുവാൾ. മികച്ച പ്രകടനത്തിലൂടെയും വ്യത്യസ്തമായ ശൈലിയിലൂടെയും ശ്രദ്ധേയനായ അദ്ദേഹം, നിരവധി സിനിമകളിൽ സഹനടനായും പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ 2 സിനിമയിൽ നെടുമുടി വേണുവിന് പകരം ചില സീനുകളിലും അദ്ദേഹം അഭിനയിച്ചത് ശ്രദ്ധ നേടിയിരുന്നു. പലപ്പോഴും മലയാള സിനിമയിലെ വഴിപോക്കൻ കഥാപാത്രമായി എത്തിയിട്ടുള്ള നന്ദുവിന്റെ മോഹിനിയാട്ടം സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ ആദ്യകാലത്ത് സിനിമയിൽ വന്നപ്പോൾ നേരിട്ട കാര്യങ്ങളെ കുറിച്ച പറയുകയാണ് നന്ദു പൊതുവാൾ. ആരംഭസൂരത്തോടെ വന്നിട്ട് പൂട്ടിപ്പോയ സിനിമകൾ ഉണ്ടായിട്ടുണ്ടെന്ന് നന്ദു പറയുന്നു. നിർമാതാവിന്റെ കയ്യിൽ പണമില്ലാത്തതിനാൽ ഹോട്ടലുകളിൽ പണയം വരെ കിടന്നിട്ടുണ്ടെന്നും അദ്ദേഹം ഓർക്കുന്നു. കൗമുദി മൂവീസിനോട് ആയിരുന്നു നടന്റെ പ്രതികരണം.
"സിനിമകൾ കൃത്യസമയത്ത് തീർക്കാൻ പറ്റാത്ത നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ആർട്ടിസ്റ്റ് ഡേറ്റിന്റെ പ്രശ്നം കൊണ്ട് തീരാതെ വരും. സാമ്പത്തിക പ്രശ്നം കൊണ്ട് തീരാതെ വരും. അത് കാരണം നിന്നുപോയ പടങ്ങളുണ്ട്. ലൊക്കേഷൻ വേണ്ടെന്ന് വച്ച് പിന്നീട് അത് നടക്കാതെ പോയ സിനിമകളുണ്ട്. എല്ലാം പ്ലാൻ ചെയ്ത് കറക്ട് ആയിട്ട് പോകുന്ന പടങ്ങളുണ്ട്. ചിലത് ആരംഭസൂരത്തോടെ വന്നിട്ട് പത്താം ദിവസം പൂട്ടുന്ന പടങ്ങളുണ്ട്. ബാറ്റ കൊടുക്കാൻ കാശുണ്ടാവില്ല. ഹോട്ടലിൽ ബില്ല് കൊടുക്കാനില്ല. ആഹാരത്തിന് കാശില്ല. ഞാൻ പണയം കിടന്നിട്ടുണ്ട്. നിർമാതാവിന്റെ കയ്യിൽ കാശില്ലാത്തത് കൊണ്ട്, പാക്കപ്പായി എല്ലാവരും പോയിട്ടും ലോഡ്ജ്കാര് വിട്ടില്ല. സെറ്റിൽ ചെയ്യാൻ പൈസ ഇല്ല. ആരെങ്കിലുമൊക്കെ ഹോട്ടലിൽ പണയം കിടക്കും. ഞാൻ പത്ത് ഇരുപത് ദിവസം കിടന്നിട്ടുണ്ട്. അവസാനം അവർ തന്നെ പോകാൻ പറഞ്ഞു. ഈ നരകിക്കുന്നത് അവരും കാണുന്നതാണ്", എന്നായിരുന്നു നന്ദു പൊതുവാളിന്റെ വാക്കുകൾ.



