മമ്മൂട്ടി പടത്തിന്‍റെ കളക്ഷനെ കടത്തിവെട്ടിയ നസ്ലെന്‍ ചിത്രം ഒടിടിയിലേക്ക്.
വിവിധ ഫെസ്റ്റിവലുകളോട് അനുബന്ധിച്ച് പുതിയ സിനിമകൾ തിയറ്ററുകളിലേക്ക് എത്താറുണ്ട്. അതിൽ മുൻനിര താര സിനിമയെന്നോ ചെറിയ പടമെന്നോ ഒന്നുമില്ല. പുത്തൻ റിലീസുകൾ എന്തായാലും ഈ അവസരത്തിൽ എത്തും. പ്രിയതാരങ്ങളുടെ സിനിമയാണെങ്കിൽ ആ സിനിമ ഫെസ്റ്റവലിൽ വിജയിച്ചോ ഇല്ലയോ എന്നറിയാൽ ആരാധകർക്ക് ആകാംക്ഷയും ഉണ്ടാകും. അത്തരമൊരു സിനിമയായിരുന്നു ആലപ്പുഴ ജിംഖാന. ഈ വർഷത്തെ വിഷു റിലീസായി എത്തി വിജയിച്ച സിനിമയായിരുന്നു ഇത്.
നസ്ലെൻ നായകനായി എത്തിയ ആലപ്പുഴ ജിംഖാന ഇപ്പോൾ ഒടിടിയിൽ എത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സോണി ലിവിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ചിത്രം ജൂൺ 13 മുതൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമെന്നും ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. ഇതുപ്രകാരമാണെങ്കിൽ റിലീസ് ചെയ്ത് രണ്ട് മാസവും മൂന്ന് ദിവസവും പിന്നിടുമ്പോഴാണ് ആലപ്പുഴ ജിംഖാന ഒടിടിയിൽ എത്തുന്നത്.
ഖാലിദ് റഹ്‍മാന്‍റെ സംവിധാനത്തിൽ ഏപ്രിൽ 10ന് ആയിരുന്നു ആലപ്പുഴ ജിംഖാന തിയറ്ററുകളിൽ എത്തിയത്. ഒപ്പം ബേസിലിന്റെ മരണമാസും മമ്മൂട്ടിയുടെ ബസൂക്കയും റിലീസ് ചെയ്തു. ഈ സിനിമകളെ പിന്തള്ളിയാണ് നസ്ലെൻ പടം വിഷു വിന്നറായത്. ഒപ്പം മോഹന്‍ലാല്‍ ചിത്രം തുടരും കളക്ഷനില്‍ വന്‍ വേട്ടയും നടത്തിയിരുന്നു. ഏപ്രില്‍ 25ന് ആയിരുന്നു തുടരും തിയറ്ററില്‍ എത്തിയതെങ്കിലും നസ്ലെന്‍ പടത്തിനും അത് ചെക്ക് വച്ചിരുന്നു.
ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 70കോടിയോളമാണ് ആലപ്പുഴ ജിംഖാന നേടിയിരിക്കുന്നത്. നസ്ലെന് ഒപ്പം ലുക്മാന്‍ അവറാന്‍, ഗണപതി, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഒടിടി റിലീസിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നൊരു സിനിമ കൂടിയാണ് ആലപ്പുഴ ജിംഖാന.



