'വിലായത്ത് ബുദ്ധ' എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ, തന്നെ വിമർശിക്കാൻ പ്രേക്ഷകർക്ക് എല്ലാ അവകാശവുമുണ്ടെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞു. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 21-ന് റിലീസ് ചെയ്യും.
നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി ഇന്ന് സൗത്തിന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. നടൻ എന്നതിന് പുറമെ നിർമാതാവായും സംവിധായകനായും തിളങ്ങിയ പൃഥ്വിരാജിന്റേതായി വരാനിരിക്കുന്ന മലയാള ചിത്രം വിലായത്ത് ബുദ്ധയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പടത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രെയിലർ ലോഞ്ചിനിടെ തനിക്ക് നേരെ വരുന്ന വിമർശനങ്ങളെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണ്.
വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, "എന്നെ വളർത്തിയത് നിങ്ങളാണ്. അതുകൊണ്ട് എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശങ്ങളും നിങ്ങൾക്കുണ്ട്. ഞാനിന്നിവിടെ ലുലുമാളിൽ വരുമ്പോൾ, ഇത്രയും ജനം കൂടി നിൽക്കുന്നത് എന്നോടുള്ള പ്രതീക്ഷയും സ്നേഹവും കാരണമാണ്. അപ്പോൾ എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. ഞാൻ മോശമായാൽ മോശമാണെന്ന് പറയാനും എന്നിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനും ഏറ്റവും കൂടുതൽ അവകാശമുള്ളത് എന്നെ വളർത്തിയ മലയാള സിനിമാ പ്രേക്ഷകർക്ക് തന്നെയാണ്. എന്റെ കഴിവുകൾ 100 ശതമാനവും നൽകി സിനിമ ചെയ്യണമെന്ന് ആഗ്രഹം എനിക്കുണ്ട്. അത് ഞാൻ പരമാവധി ചെയ്യാൻ ശ്രമിക്കുന്നുണ്ട്", എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ചിത്രം നവംബർ 21ന് തിയറ്ററുകളിൽ എത്തും. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ശക്തമായ കഥാപാത്രമായി ഷമ്മി തിലകനും ഉണ്ട്. എസ് എസ് രാജമൗലി ചിത്രത്തിലും പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കുംഭ എന്നാണ് കഥാപാത്ര പേര്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ക്യാരക്ടൽ ലുക്ക് പുറത്തുവിട്ടിരുന്നു.



