മോഹിനിയാട്ടം പ്രസ് മീറ്റിനിടെ പൊട്ടിക്കരഞ്ഞ് സൈജു കുറുപ്പ്.
മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് കാലെടുത്ത് വച്ച ആളാണ് സൈജു കുറുപ്പ്. പിന്നാലെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത്, നായക നിരയിലേക്ക് ഉയർന്ന സൈജു ഇന്ന് മലയാള സിനിമയുടെ അഭിവാജ്യഘടകവും ഒരു നിർമാതാവുമാണ്. മോഹിനിയാട്ടം എന്ന സിനിമയാണ് സൈജുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി മുന്നേറുകയാണ്. തതവസരത്തിൽ അച്ഛനെ ഓർത്ത് പൊട്ടിക്കരഞ്ഞിരിക്കുകയാണ് സൈജു കുറുപ്പ്.
മോഹിനിയാട്ടം സിനിമയുടെ പ്രസ് മീറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സൈജു കുറുപ്പ് ഉൾപ്പടെയുള്ള മോഹിനിയാട്ടത്തിന്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും. സംസാരിക്കാനായി ആദ്യം മൈക്ക് എടുത്തത് സൈജു ആയിരുന്നു. തുടക്കത്തിൽ തന്നെ താരത്തിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. 'നമസ്കാരം.. ഒരു വലിയ കാത്തിരിപ്പായിരുന്നു. എന്റെ അച്ഛൻ ഇവിടെ ഇല്ലാണ്ടായി പോയി', എന്ന് പറഞ്ഞതും സൈജു പൊട്ടിക്കരയുകയായിരുന്നു. ഓപ്പമുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തെ കെട്ടിപിടിച്ചും ആശ്വാസ വാക്കുകൾ പറഞ്ഞും സമാധാനിപ്പിക്കുകയും ചെയ്തു.
"പെട്ടെന്ന് അച്ഛന് ഓര്‍ത്തുപോയി. ഇന്ന് രാവിലെ അമ്മ എന്നോട് പറഞ്ഞു, എടാ..21 വര്‍ഷത്തെ എന്‍റെ പ്രാര്‍ത്ഥനയാണ് ഈ ഒരു ദിവസത്തിന് വേണ്ടി. അപ്പോള്‍ പെട്ടെന്ന് സന്തോഷിക്കുന്നതിന് പകരം അച്ഛനെ കുറിച്ച് ഓര്‍ത്തു. അച്ഛന് ഇത് കാണാന്‍ പറ്റിയില്ലല്ലോ എന്ന്. നമ്മള്‍ എല്ലാവരും എന്നും ജീവിച്ചിരിക്കില്ലല്ലോ. സിനിമയുടെ വിജയത്തില്‍ ഒരുപാട് സന്തോഷത്തിലാണ് ഞാന്‍. നല്ല പ്രതികരണമാണ് എമ്പാടും ലഭിക്കുന്നത്. ഇങ്ങനെ ഒരു സിനിമ വല്ലപ്പോഴുമൊക്കെ നമ്മുടെ കരിയറില്‍ സംഭവിക്കുന്നതാണ്. അത് ഞങ്ങളുടെയും ജീവിതത്തില്‍ സംഭവിച്ചു", എന്നാണ് ശേഷം സൈജു കുറുപ്പ് പറഞ്ഞത്. ഒടിടിയില്‍ വലിയ വിജയമായ ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗമാണ് മോഹിനിയാട്ടം. സൈജു കുറുപ്പാണ് ചിത്രം നിര്‍മിച്ചത്.



