21 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ 'മോഹിനിയാട്ടം' എന്ന ചിത്രത്തിലൂടെ നായകനായി വലിയ വിജയം നേടിയതിലുള്ള സന്തോഷം നടൻ സൈജു കുറുപ്പ് പങ്കുവെച്ചു. ഈ ബ്ലോക്ക്ബസ്റ്റർ വിജയം ഒരു സ്വപ്നസാക്ഷാത്കാരം ആണെന്ന് സൈജു പറഞ്ഞു.

യൂഖം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് സൈജു കുറുപ്പ്. അതിന് ശേഷം പക്ഷേ കരിയറിൽ വേണ്ടത്ര ശോഭിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. പല സിനിമകളിലും സപ്പോർട്ടിം​ഗ് റോളിലായിരുന്നു സൈജു പ്രത്യക്ഷപ്പെട്ടത്. ജയസൂര്യ നായകനായി എത്തിയ ആട് എത്തിയതോടെ സൈജുവിന്റെ കരിയറിൽ വലിയൊരു മാറ്റം വന്നു. ചിത്രത്തിലെ അറയ്ക്കൽ അബു എന്ന വേഷത്തിന് ഇന്നും ആരാധകർ ഏറെയാണ്. പിന്നീട് ഇങ്ങോട്ട് മികച്ച വേഷങ്ങൾ ചെയ്ത സൈജുവിന് നായകനായി ബ്രേക്ക് ലഭിക്കുന്നത് ഭരതനാട്യം എന്ന ചിത്രത്തിലൂടെയാണ്. ശശിധരൻ നായർ എന്ന കഥാപാത്രമായി സൈജു എത്തിയ ചിത്രം തിയറ്ററിൽ ശോഭിച്ചില്ലെങ്കിലും ഒടിടിയിൽ ​ഗംഭീര പ്രതികരണം നേടി. പിന്നാലെ രണ്ടാം ഭാ​ഗമായി മോഹിനിയാട്ടവും എത്തി. ചിത്രം തിയറ്ററിൽ ​ഗംഭീര വിജയവും നേടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴിതാ 21 വർഷത്തെ തന്റെ കാത്തിരിപ്പാണ് ഈ വിജയം എന്ന് പറയുകയാണ് സൈജു കുറുപ്പ്. ഭരതനാട്യം ഒന്നും രണ്ടും ഭാ​ഗങ്ങളുടെ സക്സസ്‍ മീറ്റിൽ സംസാരിക്കുകയായിരുന്നു സൈജു. ദൈവത്തിൽ താൻ വിശ്വസിച്ചിരുന്നുവെന്നും ഇന്‍റസ്ട്രിയുടെ പിന്തുണ കൊണ്ട് സിനിമകള്‍ കിട്ടുകയും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച് അഭിനയിച്ച് ഇപ്പോള്‍ നിങ്ങള്‍ കാണുന്ന സൈജു കുറുപ്പാകാന്‍ പറ്റിയെന്നും താരം പറഞ്ഞു.

"ഭരതനാട്യത്തിന്‍റെ രണ്ടാമത്തെ ഫ്രാഞ്ചൈസി മോഹിനിയാട്ടം ഒരു വലിയ ബ്ലോക് ബസ്റ്ററാക്കി തന്ന കേരളത്തിലെ പ്രേക്ഷകരോട് നന്ദി. ഇങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റുമെന്ന് ജീവിതത്തില്‍ ഞാന്‍ വിചാരിച്ച കാര്യമല്ല. ഞാന്‍ സപ്പോര്‍ട്ടിംഗ് റോള്‍ ചെയ്ത പല സിനിമകളും ഹിറ്റായ ശേഷം ഇങ്ങനെയുള്ള ആഘോഷങ്ങള്‍ നടന്നിട്ടുണ്ട്. എന്‍റെ ഓരോ പടം വരുമ്പോഴും ആ സിനിമ വലിയ വിജയമാകുമെന്ന് വെറുതെ എങ്കിലും ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷേ അതൊന്നും സംഭവിക്കാതെ പോയി. പക്ഷേ മോഹിനിയാട്ടത്തില്‍ അത് സംഭവിച്ചു. ഇതൊരു സ്വപ്നം പോലെയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. ദൈവം എനിക്കിത് തന്നല്ലോ. 21 വര്‍ഷത്തെ കാത്തിരിപ്പാണ്. എന്താകും എന്‍റെ കരിയര്‍ എന്ന് എനിക്കും അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കും അച്ഛനും അറിയില്ലായിരുന്നു. പക്ഷേ ദൈവത്തില്‍ ഞാന്‍ ഭയങ്കരമായിട്ട് വിശ്വസിച്ചിരുന്നു. സിനിമകള്‍ കിട്ടുമെന്ന് മാത്രമല്ല എന്‍റെ അഭിനയവും ദൈവം നന്നാക്കി തരുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ഇന്‍റസ്ട്രിയുടെ പിന്തുണ കൊണ്ട് എനിക്ക് സിനിമകള്‍ കിട്ടിത്തുടങ്ങി. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച് അഭിനയിച്ച് ഇപ്പോള്‍ നിങ്ങള്‍ കാണുന്ന സൈജു കുറുപ്പാകാന്‍ പറ്റി. എന്‍റെ കുടുംബം ഹാപ്പിയാണ്. എനിക്ക് ശെരിക്ക് സന്തോഷിക്കാന്‍ പറ്റുന്നില്ല. ഉള്ളില്‍ ഞാന്‍ തുള്ളിച്ചാടുകയാണ്. നിങ്ങളുടെ അനുഗ്രഹം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്", എന്നായിരുന്നു സൈജു കുറുപ്പിന്റെ വാക്കുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming