റോബിൻ ജയിച്ചാൽ പ്രധാനമന്ത്രിയെ കൊണ്ടുവരുമെന്ന് പറഞ്ഞതിനോട് എന്താണ് അഭിപ്രായം എന്നായിരുന്നു സുചിത്രയോടുള്ള ചോദ്യം.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തന്റെ സഹപ്രവർത്തകരും സെലിബ്രിറ്റികളുമായ സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി നടി സുചിത്ര നായർ. ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാണ് സ്ഥാനാർത്ഥികളെ നിർത്തുന്നതെന്നും അങ്ങനെയുള്ളവർക്കാണ് ജനങ്ങൾ വിശ്വസിച്ച് വോട്ട് ചെയ്യേണ്ടതെന്നും സുചിത്ര പറയുന്നു. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം.

Add Asianetnews as a Preferred SourcegooglePreferred

റോബിൻ ജയിച്ചാൽ പ്രധാനമന്ത്രിയെ കൊണ്ടുവരുമെന്ന് പറഞ്ഞതിനോട് എന്താണ് അഭിപ്രായം എന്നായിരുന്നു സുചിത്രയോടുള്ള ആദ്യത്തെ ചോദ്യം. ''പ്രധാനമന്ത്രിയെ കൊണ്ടുവരാൻ വേണ്ടിയാണോ ഒരാൾ മൽസരിക്കുന്നത്. പ്രധാനമന്ത്രിക്ക് ഇഷ്ടമുണ്ടെങ്കിൽ വരട്ടെ, പക്ഷേ അതല്ലല്ലോ. ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാണ് സ്ഥാനാർത്ഥികളെ നിർത്തുന്നത്. അങ്ങനെയുള്ളവർക്കാണ് ജനങ്ങൾ വിശ്വസിച്ച് വോട്ട് ചെയ്യേണ്ടത്. പ്രധാനമന്ത്രി വന്നെന്നു കരുതി അതൊരു വലിയ സംഭവമാണോ?'', എന്നായിരുന്നു സുചിത്രയുടെ പ്രതികരണം.

ജയിക്കുകയാണെങ്കിൽ മമ്മൂട്ടിയെ കൊണ്ടുവരും എന്ന് രമേഷ് പിഷാരടി പറഞ്ഞല്ലോ എന്ന് ചോദിച്ചപ്പോൾ ഇതിനു വേണ്ടിയാണോ ഇവരൊക്കെ ജയിക്കുന്നത് എന്നായിരുന്നു സുചിത്രയുടെ മറുചോദ്യം. ''മമ്മൂക്ക വരുന്നതും പ്രധാനമന്ത്രി വരുന്നതുമൊക്കെ നല്ല കാര്യം തന്നെ. എല്ലാവരും വരട്ടെ. രണ്ടു പേരും നമ്മുടെ നാടിന് വേണ്ടപ്പെട്ട ആളുകൾ തന്നെയാണ്'', എന്നും സുചിത്ര കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥിയായിരുന്നെങ്കിൽ ആരെ കൊണ്ടുവന്നേനെ എന്നു ചോദിച്ചപ്പോൾ ''ഞാൻ ആരെയും കൊണ്ടുവരില്ല. എന്തെങ്കിലും ജനങ്ങൾക്കു വേണ്ടി ചെയ്യണ്ടേ? അല്ലാതെ ആരെയെങ്കിലുമൊക്കെ കൊണ്ടുവന്നിട്ട് എന്തു കാര്യം?'', എന്നും സുചിത്ര മറുപടി നൽകി.

അഖിൽ മാരാരെക്കുറിച്ചുള്ള ചോദ്യത്തിനും സുചിത്ര പ്രതികരിക്കുന്നുണ്ട്. ''ബിഗ്ബോസ് നൂറു ദിവസം കണ്ടവർ തനിക്ക് വോട്ട് ചെയ്യുമെന്ന് അഖിലേട്ടൻ എവിടെയോ പറയുന്നതു കേട്ടു. ഒരു ജനപ്രതിനിധിയും ബിഗ്ബോസ് താരവും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവരാണ്. ജനപ്രതിനിധിയായി അഖിലേട്ടന് എത്രത്തോളം കയറിവരാൻ പറ്റുമെന്ന് നോക്കട്ടെ'', എന്നും സുചിത്ര കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക