തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാവരേയും പോലെ എനിക്കും രുചിയിലും ഗുണമേന്മയിലും വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നെന്നും സുനില്‍ ഷെട്ടി.
ബോളിവുഡിന്റെ പ്രിയ താരമാണ് സുനിൽ ഷെട്ടി. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളാണ് അദ്ദേഹം സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ പച്ചക്കറി വില ഉയരുന്നതുമായി ബന്ധപ്പെട്ട് നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സാധാരണക്കാരെ മാത്രമല്ല ഈ വിലക്കയറ്റം ബാധിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് സുനിൽ ഷെട്ടിയുടെ പ്രതികരണം.
സൂപ്പർ സ്റ്റാർ ആയതുകൊണ്ട് വിലക്കയറ്റം ഒന്നും തന്നെ ബാധിക്കില്ലെന്നാണ് പുറമേയുള്ളവര്‍ കരുതുന്നതെന്നും എന്നാൽ അങ്ങനെ അല്ല കാര്യങ്ങളെന്നും സുനിൽ ഷെട്ടി പറയുന്നു. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള പച്ചക്കറികളാണ് തന്റെ ഭാര്യ വാങ്ങാറുള്ളത്. ശുദ്ധമായ ഫ്രഷ് പച്ചക്കറികൾ കഴിക്കുന്നതാണ് താത്പര്യം. തക്കാളിയുടെ വിലക്കയറ്റം എന്റെ അടുക്കളയേയും ബാധിച്ചിട്ടുണ്ട്. അടുത്തകാലത്തായി വളരെ കുറച്ച് തക്കാളി മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുള്ളൂ എന്നും സുനിൽ ഷെട്ടി പറയുന്നു.
ആപ്പുകളിൽ ഓരോ ഭക്ഷ്യവസ്തുക്കളുടെയും വിലനിലവാരം കണ്ടാൽ ഞെട്ടിപ്പകും. കടകളിൽ നിന്നും വാങ്ങിക്കുന്നതിനെക്കാൾ എത്രയോ വില കുറവാണത്. ഇത്തരം ആപ്പുകൾ ഉപയോഗിച്ചാണ് അടുക്കളയിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങിക്കാറുള്ളത്. വില കുറഞ്ഞത് കൊണ്ടല്ല, എല്ലാ സാധനങ്ങളും ഫ്രഷ് ആണെന്നും സുനിൽ ഷെട്ടി പറയുന്നു.
'കാവാലയ്യ'യെ കടത്തിവെട്ടാൻ 'ഹുക്കും'; ഇത് 'ടൈഗറിൻ കട്ടളൈ'എന്ന് ജയിലർ !
റെസ്റ്റോറന്റ് വ്യവസായി കൂടി ആയതിനാൽ പലപ്പോഴും ഞാൻ വില പേശാറുണ്ട്. പക്ഷേ തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാവരേയും പോലെ എനിക്കും രുചിയിലും ഗുണമേന്മയിലും വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
അതേസമയം, ഹണ്ടർ ടൂട്ടേഗാ നഹി തോഡേഗാ എന്ന വെബ് സീരീസിൽ സുനിൽ ഷെട്ടി അഭിനയിച്ചിരുന്നു. ഈ ആക്ഷൻ ത്രില്ലർ സീരീസിൽ എസിപി വിക്രം എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്. ഇഷാ ഡിയോൾ, ബർഖാ ബിഷ്ട്, കരൺവീർ ശർമ, രാഹുൽ ദേവ് എന്നിവരാണ് സീരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

