ഈസ്റ്റർ ദിന ആശംസയോടൊപ്പമാണ് സുരേഷ് ​ഗോപി പോസ്റ്റർ പങ്കുവച്ചത്. 

വാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പന്റെ'(Ottakkomban) പുതിയ പോസ്റ്റർ പുറത്ത്. സുരേഷ് ​ഗോപിയുടെ പകുതി മറച്ച മുഖമാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 'ഇനി ഉയർത്തെഴുന്നേല്പിന്റെ കാലം' എന്ന ടാ​ഗോടെയാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. ഈസ്റ്റർ ദിന ആശംസയോടൊപ്പം സുരേഷ് ​ഗോപിയും പോസ്റ്റർ പങ്കുവച്ചു. 

പോസ്റ്ററിന് മികച്ച പ്രതികരണമാണ് ആരാധകർ നൽകുന്നത്. സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, തങ്ങളുടെ ചിത്രം വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒറ്റക്കൊമ്പന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. പൃഥ്വിരാജ് നായകനാവുന്ന ഷാജി കൈലാസ് ചിത്രം കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്‍കിയ പകര്‍പ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്‍തുകൊണ്ട് ഒറ്റക്കൊമ്പന്‍റെ അണിയറക്കാര്‍ കൊടുത്ത ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്.

ഒറ്റക്കൊമ്പനെതിരെ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ള കേസില്‍ നിലവില്‍ ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ച സുപ്രീം കോടതി വിചാരണ വേഗത്തിലാക്കാന്‍ വിചാരണക്കോടതിയോട് നിര്‍ദേശിക്കുകയും ചെയ്‍തു. ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ ആവശ്യപ്പെടുന്നു. പകര്‍പ്പവകാശ ആരോപണത്തിന് ഇടയാക്കിയ തിരക്കഥയുടെ നിര്‍മ്മാണ ജോലികളില്‍ നിന്നും ഒപ്പം ഈ ചിത്രം നിര്‍മ്മിക്കുന്നതില്‍ നിന്നും റിലീസ് ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ജില്ലാ കോടതിയുടെ ഉത്തരവ് 2021 ഏപ്രിലില്‍ ഹൈക്കോടതി ശരിവച്ചിരുന്നു. 

പൃഥ്വിരാജ് നായകനാവുന്ന കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നാണ് ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രത്തിന്‍റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്‍തതിന്‍റെ രേഖകളടക്കം ഹർജിഭാഗം മുന്‍പ് കോടതിയിൽ ഹാജരാക്കിയിരുന്നു. കഥാപാത്രത്തിന്‍റെ പേരടക്കം 'കടുവ'യുടെ തിരക്കഥയുടെ എല്ലാ രംഗങ്ങളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, ജോഷി സംവിധാനം ചെയ്യുന്ന പാപ്പനാണ് സുരേഷ് ​ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബർ 13ന് ആരംഭിച്ചിരുന്നു. പിന്നാലെ ജനുവരിയിൽ ചിത്രീകരണവും പൂർത്തിയാക്കി. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.