ബി ടൗണിലെ താരങ്ങൾ തെന്നിന്ത്യൻ സിനിമകൾക്ക് കയ്യടിച്ചപ്പോൾ അത് സിനിമാസ്വാദകർക്ക് പുത്തൻ അനുഭവമായി മാറുകയായിരുന്നു.

ഴിഞ്ഞ ഏതാനും നാളുകളായി വൻ പരാജയങ്ങൾ നേരിടുകയാണ് ബോളിവുഡ് സിനിമകൾ. സൂപ്പർ താര ചിത്രങ്ങളും ബി​ഗ് ബജറ്റ് ചിത്രങ്ങളും ഈ പരാജയ പട്ടികയിൽ മുന്നിൽ തന്നെയുണ്ട്. തുടർച്ചയായി ബോളിവുഡ് പരാജയങ്ങൾ നേരിടുമ്പോൾ തെന്നിന്ത്യൻ സിനിമകളുടെ ഖ്യാതി ലോകമെമ്പാടും ഉയർന്ന് കേൾക്കുകയാണ്. സമീപ കാലത്തിറങ്ങിയ കാന്താര ഉൾപ്പടെയുള്ള തെന്നിന്ത്യൻ സിനിമകളുടെ ഹിന്ദി പതിപ്പും ബോളിവുഡിനെ കീഴടക്കി. ബി ടൗണിലെ താരങ്ങൾ തെന്നിന്ത്യൻ സിനിമകൾക്ക് കയ്യടിച്ചപ്പോൾ അത് സിനിമാസ്വാദകർക്ക് പുത്തൻ അനുഭവമായി മാറുകയായിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമ ഇന്ന് നോര്‍ത്ത് ഇന്ത്യന്‍ പ്രേക്ഷകര്‍ ആഘോഷിക്കുകയാണെന്ന് പറയുകയാണ് നടന്‍ യഷ്. 

തെന്നിന്ത്യൻ സിനിമകളെ നോർത്തിന്ത്യൻ പ്രേക്ഷകർ കളിയാക്കിയിരുന്ന കാലം ഉണ്ടായിരുന്നുവെന്നും എസ്.എസ് രാജമൗലിയുടെ ബാഹുബലിക്ക് ശേഷമാണ് അത് മാറിയതെന്നും യഷ് പറയുന്നു. ഇന്ത്യ ടുഡെ കോണ്‍ക്ലേവില്‍ സംസാരിക്കവെ ആയിരുന്നു യാഷിന്റെ പ്രതികരണം.

"10 വര്‍ഷം മുന്‍പ് ഡബ്ബ് ചെയ്ത സിനിമകള്‍ നോര്‍ത്ത് ഇന്ത്യയില്‍ വളരെയധികം ജനപ്രീതി നേടാന്‍ തുടങ്ങി. പക്ഷെ, തുടക്കത്തില്‍ ഈ സിനിമകളെ വ്യത്യസ്ത അഭിപ്രായങ്ങളോടെയാണ് നോര്‍ത്ത് ഇന്ത്യന്‍ പ്രേക്ഷകര്‍ കണ്ടത്. തെന്നിന്ത്യൻ സിനിമകളെ അവര്‍ കളിയാക്കി. എന്ത് ആക്ഷനാണിത്, എല്ലാം പറക്കുന്നു എന്നൊക്കെ പറഞ്ഞു. എന്നാല്‍ പിന്നീട് അവര്‍ അതില്‍ കുടുങ്ങി. ഒടുവില്‍ തെന്നിന്ത്യന്‍ സിനിമകളെ അവര്‍ മനസിലാക്കാന്‍ തുടങ്ങി. ഞങ്ങളുടെ സിനിമകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍ക്കുകയും നിലവാരം കുറഞ്ഞ ഡബ്ബിങ് ചെയ്യുകയും തമാശ നിറഞ്ഞ പേരുകളാല്‍ അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് ഞങ്ങളുടെ ഡബ്ബ് ചെയ്ത സിനിമകള്‍ ആളുകള്‍ക്ക് പരിചിതമാകാന്‍ തുടങ്ങി. അതിന് വേണ്ടി ഏറെ നാളായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. തെന്നിന്ത്യൻ സിനിമകൾ അവർ ഏറ്റെടുക്കാൻ തുടങ്ങിയതിന് കാരണം എസ് എസ് രാജമൗലി സാറാണ്. നിങ്ങള്‍ക്ക് ഒരു പാറ പൊട്ടിക്കേണ്ടി വന്നാല്‍ അതിന് നിരന്തരമായ പരിശ്രമം ആവശ്യമാണ്. 'ബാഹുബലി' അത് ചെയ്തു. കെജിഎഫ് മറ്റൊരു ഉദ്ദേശത്തോടെയാണ് നിര്‍മിച്ചത്. അത് ഭയപ്പെടുത്താനല്ല, മറിച്ച് പ്രചോദനമാവുക എന്നതായിരുന്നു ഉദ്ദേശം. ആളുകള്‍ നിലവില്‍ തെന്നിന്ത്യൻ സിനിമയെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു", എന്നാണ് യാഷ് പറഞ്ഞത്. 

അതേസമയം, കെജിഎഫ് 2 ആണ് യാഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. 2022ൽ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയ ചിത്രം കൂടിയായിരുന്നു ഇത്. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ആണ് രണ്ടാമത്. നിലവില്‍ റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താരയാണ് ബോളിവുഡ് പ്രേക്ഷകരെ കീഴടക്കിയിരിക്കുന്നത്.

ശ്രീരാമനായി പ്രഭാസ്, രാവണനായി സെയ്‍ഫ് അലി ഖാന്‍; 'ആദിപുരുഷ്' പുതിയ റിലീസ് തിയതി

കന്നഡ പതിപ്പിന് വന്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം, ഇതര ഭാഷകളിലെ ബോക്സ് ഓഫീസുകളിലും വെന്നിക്കൊടി പാറിച്ചു. ബോളിവുഡില്‍ 50 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചു. ഹോംബാലെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.