കേരളത്തിൽ കെജിഎഫ് 2ന്‍റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. 

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് വിജയിയുടെ ബീസ്റ്റും(Beast) യാഷിന്റെ കെജിഎഫ് 2ഉം(KGF 2). ഏപ്രില്‍ 13ന് ബീസ്റ്റും തൊട്ടടുത്ത ദിവസം കെ.ജി.എഫിന്റെ രണ്ടാം ഭാഗവും റിലീസ് ചെയ്യും. ഏപ്രിൽ 14നായിരുന്നു രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതെങ്കിലും ആദ്യദിനത്തിലെ ക്ലാഷ് ഒഴിവാക്കാൻ ബീസ്റ്റിന്റെ റിലീസ് മാറ്റുക ആയിരുന്നു. രണ്ട് താരങ്ങളുടെ ചിത്രങ്ങൾ തമ്മില്‍ ഏറ്റുമുട്ടുന്നു എന്നതിലുപരി രണ്ട് ഇന്‍ഡസ്ട്രികള്‍ തമ്മിലുള്ള ക്ലാഷ് ആയാണ് ആരാധകര്‍ ഇതിനെ നോക്കിക്കാണുന്നത്. ഇക്കാര്യത്തിൽ യാഷ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

‘ഏത് സിനിമ കാണണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അവര്‍ക്ക് അവരുടേതായിട്ടുള്ള ചോയ്‌സും പ്രിഫറന്‍സുമുണ്ട്. എല്ലാവരുടെയും താത്പര്യം ഒരുപോലെയല്ല. എല്ലാവരും വ്യത്യസ്തരാണ്. എല്ലാവരുടേയും സിനിമകളെയും വര്‍ക്കുകളേയും ഞാന്‍ ബഹുമാനിക്കുന്നു. എല്ലാവരും നിങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. ക്ലാഷ് റിലീസ് എന്നത് ആരുടെയും കണ്‍ട്രോളിലല്ലല്ലോ. കെ.ജി.എഫിന്റെ റിലീസ് എട്ട് മാസം മുമ്പ് തന്നെ തീരുമാനിച്ചതാണ്. അന്ന് സിനിമ റിലീസ് ചെയ്യുമ്പോള്‍ ആരെങ്കിലും ഇതിനൊപ്പം തന്നെ മറ്റൊരു സിനിമയും റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. അതിനെ കുറിച്ച് ചിന്തിക്കുന്നുമില്ല. എനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. മറ്റെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. എല്ലാം അവര്‍ക്ക് വിടുകയാണ്. എന്റെ അഭിപ്രായത്തില്‍ പ്രേക്ഷകര്‍ എല്ലാ സിനിമയും കാണണം. എന്റെ സിനിമ റിലീസ് ചെയ്യുന്നതുകൊണ്ട് മാത്രം മറ്റാരുടേയും സിനിമ കാണരുതെന്ന് ഒരിക്കലും പറയില്ല. എന്റെ സിനിമ കാണണം നല്ലതാണെങ്കില്‍ മറ്റ് സിനിമയും കാണണം,’ എന്ന് യഷ് പറയുന്നു. ചിത്രത്തിന്റം പ്രമോഷന്റെ ഭാ​ഗാമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു യാഷിന്റെ പ്രതികരണം. 

Read Also: Yash In Kochi : 'നീ പോ മോനെ ദിനേശാ'യ്‍ക്കൊപ്പം 'ചാമ്പിക്കോ'യും; ലുലു മാളിനെ ഇളക്കി മറിച്ച് റോക്കി ഭായ്

കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. കഴിഞ്ഞ ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 

മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. എന്തായാലും ആദ്യഭാ​ഗത്തെ പോലെ തന്നെ രണ്ടാം ഭാ​ഗവും തിയറ്ററുകളിൽ തീ പാറിക്കുമെന്നാണ് ചിത്രത്തിന്റെ ട്രെയിലർ സൂചിപ്പിക്കുന്നത്. 

YouTube video player