തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലൻ ഉൾപ്പെടെ പതിനാല് പേർ മരിച്ചു. പതിമൂന്ന് വർഷമായി നടി അനന്യയുടെ പേഴ്സണൽ മേക്കപ്പ് മാനായിരുന്ന ബിജീഷ്.

തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തില്‍ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലനും മരിച്ചിരുന്നു. ജൂ‍ഡ് ആന്റണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലെ മേക്കപ്പ് മാൻ കൂടിയായിരുന്നു ഇദ്ദേഹം. ബിജീഷിന്റെ വിയോ​ഗത്തിന്റെ വേദന പങ്കുവച്ചിരിക്കുകയാണ് നടി അനന്യയും. കഴിഞ്ഞ 13 വർഷമായി അനന്യയുടെ പേഴ്സണൽ മേക്കപ്പ് മാനായിരുന്നു ബിജീഷ്.

"ബിജീഷ് ഇന്ന് രാവിലെ എഴുന്നേറ്റത് നിൻറെ വാർത്ത കേട്ടാണ് . വിശ്വസിക്കാൻ പറ്റാതെ ആകെ ഒരു സ്തംഭനം ആയിപ്പോയി. കഴിഞ്ഞദിവസം തൃശ്ശൂരിൽ ഉണ്ടായ സ്ഫോടനത്തിൽ നിന്നെ ഞങ്ങൾക്ക് നഷ്ടമായി എന്ന് ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നു. കഴിഞ്ഞ 13 കൊല്ലമായി എൻറെ കൂടെ എൻറെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി ബിജി ഉണ്ട്, ഒരു സഹോദര തുല്യനായി. വളരെ സേഫ് ആൻഡ് സെക്യുറായി കൂടെ നിന്നും, തമാശയും പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും വർക്ക്‌ചെതു. നിന്നെ മിസ്സ് ചെയ്യും ബിജി..വലിയ നഷ്ടമാണ് നീ പോയതിൽ ഉണ്ടായത്. നീ ഞങ്ങൾക്കിടയിൽ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ആഗ്രഹം. Rest in peace biji. Will miss you", എന്നാണ് അനന്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേസമയം, അപകടത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള നാല് പേരിൽ ഒരാളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. നിലവിൽ പതിനൊന്ന് പേരാണ് ചികിത്സയിൽ കഴിയുന്നത്. തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ഇന്ന് നടക്കും. വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിൽ പതിനാല് പേർക്കാണ് ജീവൻ നഷ്ടമായത്. അതിൽ ഒരാളായിരുന്നു ബിജീഷും.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming