സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ 'പ്രതിഛായ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്ന നടി നീതു കൃഷ്ണ, അദ്ദേഹത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ എഴുതി.

സംവിധായകൻ ബി. ഉണ്ണികൃഷ്ണനെ കുറിച്ച് നടി നീതു കൃഷ്ണ പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു. സിനിമ എന്ന വലിയ കുടുംബത്തിലെ ഒരു തുടക്കക്കാരി എന്ന നിലയിൽ, ഏറ്റവും എളിയ സ്ഥാനത്തായിരുന്ന തനിക്ക് ഉണ്ണികൃഷ്ണനിൽ നിന്നും ഇന്നുവരെ അനുഭവിക്കാൻ കഴിഞ്ഞത് കരുണയും പരിഗണനയും സ്നേഹവും മാത്രമാണ് എന്നാണ് നീതു കൃഷ്ണ തന്റെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രതിഛായയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് യൂട്യൂബ് വെബ് സീരീസുകളിലൂടെയും മറ്റും സുപരിചിതയായ നീതു കൃഷ്ണ.

Add Asianetnews as a Preferred SourcegooglePreferred

"സാറിന്റെ അച്ചടക്കത്തിനും, ജോലിയിൽ എന്നെപ്പോലൊരു തുടക്കക്കാരിയുടെ നിലവാരത്തിലേക്ക് ഇറങ്ങിവന്ന് എന്നെ നയിച്ചതിനും നന്ദി. സർ നൽകിയ സുരക്ഷിതബോധത്തിനും ഏറ്റവും കംഫർട്ടബിൾ ആയ ഒരു സാഹചര്യത്തിൽ സിനിമയെ അനുഭവിക്കാൻ എനിക്ക് അവസരം നൽകിയതിനും നന്ദി പറയുന്നു. മറ്റ് അഭിനേതാക്കൾ തങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകരെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ, എന്നെ ‘അവതരിപ്പിക്കുന്നു’ എന്ന് സ്ക്രീനിൽ എഴുതി കാണിക്കുന്നതിന് ഞാൻ ആരോടായിരിക്കും എന്നെങ്കിലും നന്ദി പറയുക എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അത് സാറായതിൽ ഞാൻ അങ്ങേയറ്റം കൃതാർത്ഥയും സന്തോഷവതിയുമാണ്." നീതു കൃഷ്ണ കുറിച്ചു.

‘ഞാൻ അവതരിപ്പിക്കുന്ന കുട്ടിയാണ്’ എന്ന് സർ ഓരോ തവണ പറയുമ്പോഴും എന്റെ ഹൃദയം വലിയ സന്തോഷത്തോടും അഭിമാനത്തോടും കൂടി തുടിച്ചിരുന്നു. സാറിനൊപ്പം ചിലവിട്ട ഓരോ നിമിഷവും, പ്രത്യേകിച്ച് സാറിന്റെ വാക്കുകളേക്കാൾ അർത്ഥവത്തായ പ്രവർത്തികൾ കണ്ട നിമിഷങ്ങൾ ഞാൻ എന്നും കാത്തുസൂക്ഷിക്കും. 'പ്രതിഛായ' എന്ന എന്റെ ജീവിതത്തിലെ ഈ മനോഹരമായ അധ്യായത്തിന് ശേഷവും, സർ ആരായിരുന്നുവെന്നും ആരാണെന്നുമുള്ള ഓർമ്മകൾ ആഴത്തിലുള്ള ബഹുമാനത്തോടെ ഞാൻ ഹൃദയത്തിൽ കൊണ്ടുനടക്കും. ബി. ഉണ്ണികൃഷ്ണനിലൂടെ 'റോസ ജയദേവൻ' ആയി നമുക്ക് തിയറ്ററുകളിൽ കാണാം." നീതു കൃഷ്ണ പറഞ്ഞു.