നേരത്തെ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്‍റ് സിജോ ജോസഫ് ആണ് പരാതി നല്‍കിയത്. 

പാലക്കാട്: നടൻ വിനായകനെതിരെ വീണ്ടും യൂത്ത് കോൺഗ്രസിന്റെ പരാതി. മഹാത്മാഗാന്ധി, ഉമ്മൻചാണ്ടി, വിഎസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കളെ സമൂഹമാധ്യമങ്ങളിൽ അപകീ൪ത്തിപ്പെടുത്തിയെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസാണ് പരാതി നൽകിയത്. ഡിജിപിക്കാണ് പരാതി നൽകിയത്. രാഷ്ട്രപിതാവ്, മുൻ പ്രധാനമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ എന്നിവരെ അപകീർത്തിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.

ഇന്ന് രാവിലെയാണ് അന്തരിച്ച രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ച് കൊണ്ടുള്ള പോസ്റ്റ് വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവര്‍ക്കെതിരെ ആയിരുന്നു പോസ്റ്റ്. പിന്നാലെ വിനായകന് എതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. 

പിന്നാലെയാണ് വിനായകനെതിരെ വിഷയത്തില്‍ ആദ്യ പരാതിയുടെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ് ആയിരുന്നു പരാതി നല്‍കിയത്. ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനുമായിരുന്നു ഇദ്ദേഹം പരാതി നല്‍കിയത്. അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. 

നേരത്തെ ഉമ്മന്‍ ചാണ്ടി മരിച്ച സമയത്തും വിനായകന്‍ അധിഷേപ പരാമര്‍ശം നടത്തിയിരുന്നു. അന്നും വ്യാപക വിമര്‍ശനവും പ്രതിഷേധയും നടനെതിരെ ഉയര്‍ന്നിരുന്നു. ഒടുവില്‍ കോണ്‍ഗ്രസിന്‍റെ പരാതിയില്‍ വിനായകനെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. 

അതേസമയം, കളങ്കാവല്‍ എന്ന ചിത്രമാണ് വിനായകന്‍റേതായി ഇനി വരാനിരിക്കുന്ന സിനിമ. മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ജിതിന്‍ കെ ജോസ് ആണ് സംവിധാനം ചെയ്യുന്നത്. കളങ്കാവലില്‍ മമ്മൂട്ടി നെഗറ്റീവ് റോളിലാണ് എത്തുന്നതെന്നാണ് വിവരം. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്