ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തിൽ നടി ഐശ്വര്യ റായ് നടത്തിയ പ്രസംഗം ശ്രദ്ധനേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബോളിവുഡിന്റെ താരസുന്ദരിയാണ് ഐശ്വര്യ റായ്. കഴിഞ്ഞ കുറേക്കാലമായി ബി ടൗണിൽ നിറഞ്ഞു നിൽക്കുന്ന താരം ഇപ്പോൾ വളരെ കുറച്ചും എന്നാൽ വളരെ സെലക്ടീവുമായിട്ടുള്ള സിനിമകളാണ് ചെയ്യുന്നത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ആയിരുന്നു ഐശ്വര്യയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും ഫാഷൻ ഈവന്റുകളിലും ക്ഷണമുള്ള പരിപാടികളിലുമെല്ലാം ഐശ്വര്യ എത്താറുണ്ട്. അത്തരത്തിൽ ഒരു പൊതുപരിപാടിയിൽ ഐശ്വര്യ നടത്തിയ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്.
ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഐശ്വര്യ റായ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സച്ചിൻ തെൻഡുൽക്കർ ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. "ഇവിടെ ഒരേയൊരു ജാതി മാത്രെ ഉള്ളൂ, മനുഷ്യത്വമെന്ന ജാതി. ഇവിടെ ഒരേയൊരു മതമേയുള്ളൂ, സ്നേഹമെന്ന മതം. ഇവിടെ ഒരേയൊരു ഭാഷയേയുള്ളൂ, ഹൃദയത്തിന്റെ ഭാഷ. ഇവിടെ ഒരേയൊരു ദൈവമേയുള്ളൂ, അവൻ സർവവ്യാപിയാണ്", എന്നായിരുന്നു ഐശ്വര്യയുടെ വാക്കുകൾ.
ഐശ്വര്യയുടെ വാക്കുകൾ സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്ന ഐശ്വര്യയുടെ വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. ഒപ്പം മോദിക്ക് ഐശ്വര്യ റായ് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് രണ്ട് ഭാഗങ്ങളുള്ള 'പൊന്നിയിൻ സെൽവൻ'. പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടന്ന പോരാട്ടങ്ങളുമാണ് 'പൊന്നിയിൻ സെൽവനി'ൽ പറഞ്ഞത്. ഐശ്വര്യ റായ്ക്ക് പുറെ വിക്രം, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, ശോഭിതാ ദൂലിപാല തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.



