'റീമേക്ക് വുഡ്' എന്ന് പലപ്പോഴും പരിഹസിക്കപ്പെട്ട ബോളിവുഡിലേക്ക് അടുത്ത റീമേക്ക്

മറ്റ് ഭാഷകളില്‍ ഇറങ്ങി മികച്ച വിജയം നേടിയ ചിത്രങ്ങളുടെ റീമേക്കുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സാധാരണ പ്രേക്ഷകന് ഇത്രയും ചലച്ചിത്ര സാക്ഷരത ഉണ്ടാവുന്നതിന് മുന്‍പേ മലയാളത്തില്‍ പോലും നിരവധി ചിത്രങ്ങളും ഒഫിഷ്യല്‌‍ റീമേക്കുകളായും പ്രചോദനങ്ങളായും ഇറങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ ഏറെക്കാലമായി ഏറ്റവും റീമേക്കുകള്‍ സംഭവിക്കുന്നത് ബോളിവുഡിലാണ്. റീമേക്ക് വുഡ് എന്ന് പരിഹാസപ്പേര് പോലും ഇക്കാരണത്താല്‍ ഇടയ്ക്ക് ഹിന്ദി സിനിമാ മേഖലയ്ക്ക് ചാര്‍ത്തിക്കിട്ടി. ഏറ്റവുമധികം റീമേക്കുകളില്‍ നായകനാവുന്ന താരമെന്ന കുപ്രസിദ്ധി അക്ഷയ് കുമാറിനുമാണ്. അക്ഷയ് കുമാറിന്‍റെ കഴിഞ്ഞ ചിത്രവും വരാനിരിക്കുന്ന ചിത്രവും റീമേക്കുകളാണ്. വരാനിരിക്കുന്ന ചിത്രമാകട്ടെ ലോകത്ത് ഏറ്റവുമധികം റീമേക്ക് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ റീമേക്ക് ആണ്!

അതെ, ലോകത്ത് തന്നെ ഏറ്റവുമധികം തവണ റീമേക്ക് ചെയ്യപ്പെട്ട ചിത്രമായ ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സിന്‍റെ റീമേക്ക് ആണ് അക്ഷയ് കുമാറിന്‍റെ അടുത്ത റിലീസ് ഖേല്‍ ഖേല്‍ മേം. ഒന്നും രണ്ടുമല്ല 26 തവണയാണ് വിവിധ ഭാഷകളിലായി 2016 ല്‍ പുറത്തിറങ്ങിയ പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സ് റീമേക്ക് ചെയ്യപ്പെട്ടത്. ഏറ്റവുമധികം തവണ റീമേക്ക് ചെയ്യപ്പെട്ട ചിത്രമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡും ഈ ചിത്രത്തെ അംഗീകരിച്ചിട്ടുണ്ട്. ഗിന്നസ് ബുക്കില്‍ 2023 ല്‍ നല്‍കിയ അംഗീകാരത്തില്‍ 24 റീമേക്കുകളുടെ കാര്യമാണ് പറയുന്നത്.

നതിംഗ് ടു ഹൈഡ് (ഫ്രഞ്ച്), ഇന്‍റിമേറ്റ് സ്ട്രേഞ്ചേഴ്സ് (കൊറിയന്‍), കില്‍ മൊബൈല്‍ (മന്‍ഡാരിന്‍), ലൌഡ് കണക്ഷന്‍ (റഷ്യന്‍), വൈല്‍ഡ് ഗെയിം (ഐസ്‍ലാന്‍ഡിക്) തുടങ്ങിയ ചിത്രങ്ങളൊക്കെ പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സിന്‍റെ ഒഫിഷ്യല്‍ റീമേക്കുകളാണ്. അറബിക് റൊമേനിയന്‍, ഹീബ്രൂ, ജര്‍മന്‍ ഭാഷകളിലെ റീമേക്കുകള്‍ക്ക് ഒറിജിനലിന്‍റെ പേര് തന്നെ ആയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ കന്നഡ ചിത്രം ലൌഡ്‍സ്പീക്കര്‍ പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സിന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആയിരുന്നു. തെലുങ്ക് ചിത്രം റിച്ചി ഗഡി പെല്ലി, മലയാളത്തില്‍ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം 12 ത്ത് മാന്‍ എന്നിവ പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രങ്ങളായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

അതേസമയം പെര്‍ഫെക്റ്റ് സ്ട്രേഢ്ചേഴ്സിന്‍റെ ഏറ്റവും പുതിയ റീമേക്ക്, അക്ഷയ് കുമാര്‍ നായകനാവുന്ന ഖേല്‍ ഖേല്‍ മേം ഓഗസ്റ്റ് 15 നാണ് തിയറ്ററുകളില്‍ എത്തുക. മുദാസര്‍ അസീസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്കോരംമഡി ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ഒന്നാണ്. അമ്മി വിര്‍ക്, വാണി കപൂര്‍, തപ്സി പന്നു, ഫര്‍ദീന്‍ ഖാന്‍ എന്നിങ്ങനെ കൗതുകകരമായ താരനിരയാണ് ചിത്രത്തിലേത്. തുടര്‍ പരാജയങ്ങളുടെ സമയത്ത് ഇത്തവണയെങ്കിലും അക്ഷയ് കുമാറിന് ബോക്സ് ഓഫീസ് ഭാ​ഗ്യം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്.

ALSO READ : പോസിറ്റീവ് അഭിപ്രായം വന്നാല്‍ അടുത്ത പാന്‍ ഇന്ത്യന്‍ ഹിറ്റ്! 13 ഭാഷകളില്‍ 'മാര്‍ട്ടിന്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം