ആഡംബര വാഹനങ്ങളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കസ്റ്റംസ് പരിശോധനയിൽ പ്രതികരണവുമായി നടൻ അമിത് ചക്കാലയ്ക്കൽ. പിടിച്ചെടുത്ത വാഹനങ്ങളിൽ ഒന്ന് മാത്രമാണ് തന്റേതെന്നും മറ്റ് വാഹനങ്ങൾ സുഹൃത്തുക്കളുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഡംബര വാഹനങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്താനായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തുന്ന പരിശോധനകള്‍ സംബന്ധിച്ച വാര്‍ത്തകളില്‍ പ്രതികരണവുമായി നടന്‍ അമിത് ചക്കാലയ്ക്കല്‍. കസ്റ്റംസിന്‍റെ മൊഴിയെടുപ്പ് രാത്രി തന്നെ പൂര്‍ത്തിയായതായും താന്‍ സമര്‍പ്പിച്ച രേഖകളെല്ലാം പരിശോധിച്ചുവെന്നും അമിത് ചക്കാലയ്ക്കല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്റെ പക്കൽ നിന്ന് 6 വണ്ടികൾ പിടിച്ചെടുത്തു എന്നത് തെറ്റാണെന്നും ഒരു കാർ മാത്രം ആണ് തന്റെ ഉടമസ്ഥതയിൽ ഉള്ളതെന്നും അമിത് പറയുന്നു.
“എന്‍റെ സ്വകാര്യ വാഹനമായി അഞ്ച് വര്‍ഷമായി ഉപയോഗിച്ചുകൊണ്ടിരുന്ന വണ്ടിയാണ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്. ലാൻഡ് ക്രൂയിസർ വണ്ടി രജിസ്റ്റർ ചെയ്തത് 1999 ൽ ആണ്. 25 വർഷമായി ആ വാഹനം ഇന്ത്യയിലുണ്ട്. അതിന്റെ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു. ആറ് മാസം മുൻപും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് രേഖകൾ ഹാജരാക്കിയിരുന്നു. ഇന്നലെ ആര്‍ടിഒ വന്ന് പരിശോധന നടത്തിയിരുന്നു. പോസിറ്റീവ് ആയാണ് ആര്‍ടിഒ റിപ്പോര്‍ട്ട് കൊടുത്തത്. കഴിഞ്ഞ ഒന്ന്, രണ്ട് വര്‍ഷത്തിനിടയില്‍ ഭൂട്ടാനില്‍ നിന്ന് വന്ന വണ്ടികളില്‍ ഉള്‍പ്പെട്ടതാണോ എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാന്‍ നുണ പറയുന്നതല്ല എന്നത് അവര്‍ക്ക് പരിശോധിച്ച് ഉറപ്പിക്കണമായിരുന്നു”. വണ്ടി പത്തു ദിവസത്തിനുള്ളിൽ വിട്ടു നൽകും എന്ന് കസ്റ്റംസ് അറിയിച്ചുവെന്നും അമിത് ചക്കാലയ്ക്കല്‍ പറയുന്നു.
“ആറ് വണ്ടികള്‍ എന്‍റേതാണെന്നാണ് ഇന്നലെ പല റിപ്പോര്‍ട്ടുകളിലും ഉണ്ടായിരുന്നത്. അത് തെറ്റാണ്. കൊണ്ടുപോയ ഏഴ് വണ്ടികളില്‍ ഒരെണ്ണം മാത്രമേ എന്‍റേതുള്ളൂ. ഞാന്‍ എന്‍റെ വാഹനങ്ങള്‍ പണിയുന്ന വര്‍ക്ക് ഷോപ്പില്‍ എന്‍റെ ശുപാര്‍ശയില്‍ സുഹൃത്തുക്കള്‍ കൊണ്ടുവന്ന വാഹനങ്ങള്‍ കൂടി ചേര്‍ത്തുള്ള കണക്കാണ് അത്. കൊണ്ടുപോയ വാഹനങ്ങളുടെ ഉടമകളെ അവര്‍ വിവരം അറിയിച്ചിട്ടുണ്ട്. അതിന്റെയെല്ലാം ഉടമകൾക്ക് രേഖകൾ സഹിതം 10 ദിവസത്തിനുള്ളിൽ ഹാജരാകാൻ നിർദേശം നൽകിയിരിക്കുകയാണ്. അതിന് ഞാനുമായി ഒരു ബന്ധവുമില്ല”, അമിത് ചക്കാലയ്ക്കല്‍ പറഞ്ഞവസാനിപ്പിക്കുന്നു.



