മോഹൻലാലിന്റെ നേതൃത്വത്തിൽ അമ്മയിൽ മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. നിലവിലെ ഭരണസമിതി തുടരും. 13 വർഷത്തിന് ശേഷം ജഗതി ശ്രീകുമാർ യോഗത്തിൽ പങ്കെടുത്തു.

കൊച്ചി: താര സംഘടന അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായി. മോഹന്‍ലാലിന്‍റെ നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടക്കുക. അതുവരെ നിലവിലെ ഭരണ സമിതി തുടരും. അഡ്ഹോക്ക് കമ്മറ്റിയുടെ കാലാവധി അവസാനിച്ചു.

ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അമ്മ ജനറല്‍ ബോഡിയിലെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ എത്തിയത്. അവസാനഘട്ടത്തില്‍ പ്രസിഡന്‍റായി തുടരാന്‍ ഇടക്ക് മോഹന്‍ലാല്‍ വിസമ്മതിച്ചെങ്കിലും നിലവിലുള്ള അഡ്ഹോക്ക് കമ്മറ്റി തുടരട്ടെ എന്നും മോഹന്‍ലാല്‍ തന്നെ നയിക്കണമെന്നുമുള്ള ആവശ്യത്തിലാണ് ഭൂരിപക്ഷം താരങ്ങളും എത്തിയത്.

നേരത്തെ മോഹന്‍ലാലിനെ വീണ്ടും എതിരില്ലാതെ പ്രസിഡന്‍റായി തെരഞ്ഞെടുക്കും എന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. കലൂർ ഗോകുലം കൺവെൻഷൻ സെന്‍ററിലാണ് അമ്മയുടെ വാര്‍ഷിക പൊതു യോഗം നടന്നത്. സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട തീരുമാനങ്ങളും ഇന്ന് ജനറൽ ബോഡിയിൽ ചർച്ച ചെയ്തുവെന്നാണ് വിവരം.

13 കൊല്ലത്തിന് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ അമ്മയുടെ യോഗത്തിന് എത്തിയതും ശ്രദ്ധേയമായി. 2012ല്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. പിന്നീട് സിബിഐ 5, വല എന്നീ ചിത്രങ്ങളിലൂടെ തിരിച്ചുവരുന്ന താരത്തിന്‍റെ സാന്നിധ്യം മറ്റ് താരങ്ങള്‍ക്കും വലിയ ആവേശമാണ് ഉണ്ടാക്കിയത്. യോഗത്തില്‍ ജഗതി ശ്രീകുമാറിനെ ആദരിക്കുകയും ചെയ്തു.