യുഎസ് - ഇറാൻ സമാധാന കരാർ ചർച്ചകൾ പുരോഗമിക്കവേ, ഹോർമുസ് കടലിടുക്കിലെ പരമാധികാരം ഉൾപ്പെടെ കടുത്ത നിബന്ധനകളുമായി ഇറാൻ എംപി രംഗത്ത്.
ടെഹ്റാൻ: യുഎസ് - ഇറാൻ സമാധാന കരാർ പ്രഖ്യാപനമുണ്ടായേക്കുമെന്ന സൂചനകൾക്കിടയിൽ കടുത്ത നിലപാടുമായി ഇറാൻ എംപി മഹമൂദ് നബവിയൻ. ഇറാന്‍റെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാത്ത കരാർ എങ്കിൽ അത് ഇറാന്‍റെ പരാജയമായിരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഹോർമുസ് കടലിടുക്കിൽ ഇറാന് പരമാധികാരം വേണം. ഹോർമുസിലൂടെ കടന്നു പോകുന്ന കപ്പലുകൾക്ക് ടോൾ ഈടാക്കണം. യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ട പരിഹാരം വേണം. ഇറാനെതിരായ ഉപരോധങ്ങൾ യുഎസ് നീക്കണം. അമേരിക്ക മേഖലയിൽ നിന്ന് പിന്മാറണം. ഇറാന്‍റെ യുറേനിയം സമ്പുഷ്‌ടീകരണം തടയാൻ അമേരിക്ക ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"ശത്രുവുമായുള്ള കരാറിന്‍റെ ഉള്ളടക്കത്തിൽ ഹോർമുസ് കടലിടുക്കിന്മേലുള്ള പരമാധികാരം, യുദ്ധ നഷ്ടപരിഹാരം, എല്ലാ ഉപരോധങ്ങളും നീക്കൽ, ടോൾ പിരിവ്, മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകൽ, മേഖലയിൽ നിന്നുള്ള ശത്രുവിന്റെ പിന്മാറ്റം, യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അംഗീകാരം, ഇറാൻ ആവശ്യപ്പെടുന്ന ഉറപ്പുകൾ എന്നിവ ഉൾപ്പെടുന്നില്ലെങ്കിൽ ആ കരാർ വലിയ ദോഷം ചെയ്യും. അത് ഇറാൻ ജനതയുടെ വിജയത്തെ പരാജയമാക്കി മാറ്റും" എന്നാണ് നബവിയൻ കുറിച്ചത്.
ഇറാൻ ജനതക്ക് പ്രസിഡന്‍റിന്‍റെ സുപ്രധാന സന്ദേശം
നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ അംഗീകരിക്കണം എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ജനങ്ങളോടും മാധ്യമങ്ങളോടും ആഹ്വാനം ചെയ്‌തു. എല്ലാ തീരുമാനവും സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ച് മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിയോജിപ്പുകൾക്ക് എതിരെയുള്ള മുന്നറിയിപ്പാണ് ഇതെന്നാണ് സൂചന. അമേരിക്ക - ഇറാൻ ധാരണ സംബന്ധിച്ച ചില വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ വിവിധ വിവരങ്ങൾ നിഷേധിച്ച് ഇറാൻ മാധ്യമങ്ങൾ രംഗത്തു വന്നിരുന്നു. ഇറാൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 60 ദിവസം വെടിനിർത്തൽ എന്നത് കരാറിൽ ഇല്ല. ഹോർമുസിൽ കടന്നു പോകുന്ന കപ്പലുകളുടെ എണ്ണം സാധാരണനിലയിലാകും എങ്കിലും നിയന്ത്രണം ഇറാന് തന്നെയായിരിക്കണം. അമേരിക്ക - ഇറാൻ ധാരണകൾ ഇസ്രയേലിനും ബാധകമാണ്. എല്ലാ മേഖലയിലും യുദ്ധം നിർത്തുമെന്ന ധാരണ ലബനനിൽ ഉൾപ്പെടെ ബാധകമാകും. യുറേനിയം ശേഖരം മാറ്റാനും ആണവ പദ്ധതി നിർത്തിവെക്കാനും കരാറിൽ പറഞ്ഞിട്ടില്ല. ഇതോടൊപ്പം നാവിക ഉപരോധം മുപ്പത് ദിവസത്തിനകം നീക്കണം. സ്വത്തുക്കൾ ഘട്ടം ഘട്ടമായി വിട്ടുനൽകണം- എന്നെല്ലാമാണ് ഇറാന്‍റെ അവകാശ വാദങ്ങൾ.
അതേസമയം ചർച്ചകൾ ധാരണയിലേക്കെത്തുന്നു എന്ന വാദങ്ങൾ തള്ളുന്നില്ല എന്നത് ശ്രദ്ധേയമാണ്. വലിയ വിട്ടുവീഴ്ച്ചകൾക്ക് തയാറായിട്ടില്ലെന്ന് സ്ഥാപിക്കാനാണ് ഇറാൻ മാധ്യമങ്ങളുടെ ശ്രമമെന്നാണ് സൂചന. അതേസമയം പരസ്യ പ്രസ്താവനകളും പരസ്പര വിരുദ്ധ നിലപാടുകളും ധാരണയെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ഇന്നലെ നടന്ന ടെലിഫോൺ ചർച്ചകളിൽ അമേരിക്ക - ഇറാൻ - പാകിസ്ഥാൻ എന്നിവർക്ക് പുറമെ നേരിട്ടല്ലെങ്കിലും സൗദി, ഖത്തർ, യു എ ഇ, ജോർദാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളും പങ്കെടുത്തു.


