കേരളത്തിൽ ​ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ജിസിസി, യുഎഇ റിലീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളക്കര മുഴുവൻ ഇപ്പോൾ 'മാളികപ്പുറം' എന്ന സിനിമയുടെ ചർച്ചകളാണ്. നവാ​ഗതനായ വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തെ അഭിനന്ദിച്ച് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ബോക്സ് ഓഫീസിലും മികച്ച വിജയം നേടി മാളികപ്പുറം പ്രദർശനം തുടരുന്നതിനിടെ നിർമാതാവ് ആന്റോ ജോസഫ് പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

തിയറ്റർ സന്ദർശിക്കാനെത്തിയ ഉണ്ണി മുകുന്ദനെ ഒരു കൂട്ടം അമ്മമാർ ചേർന്ന് സ്വീകരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഉണ്ണിയ്ക്ക് ഒപ്പം തന്നെ മാളികപ്പുറത്തിലെ കേന്ദ്രകഥാപാത്രമായ ദേവനന്ദയെയും ശ്രീപഥിനെയും അമ്മമാർ കെട്ടിപ്പിടിക്കുന്നതും സ്നേഹ ചുംബനം നൽകുന്നതും കാണാം. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

"പുതിയ ഒരു ജനപ്രിയ നായകൻ്റെ ഉദയം ആവട്ടെ ഇത്, മലയാള സിനിമയിൽ ചിലപ്പോൾ മാത്രം ചില മാജിക്‌ സംഭവിക്കും ചിലപ്പോൾ മാത്രം, നല്ല സിനിമ കണ്ണ് നിറഞ്ഞു പോയി അയ്യപ്പനെ നേരിൽ കണ്ട പോലെ, അമ്മമാരുടെ സ്നേഹം കണ്ണ് നിറയ്ക്കുന്നു", എന്നിങ്ങനെ പോകുന്നു വീഡിയോക്ക് വന്ന കമന്റുകൾ. 

View post on Instagram

അതേസമയം, കേരളത്തിൽ ​ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ജിസിസി, യുഎഇ റിലീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 6 മുതലാണ് തമിഴ്, തെലുങ്ക് പതിപ്പുകള്‍ റിലീസ് ചെയ്യുക. ജിസിസിയിലും യുഎഇയിലും ജനുവരി 5 നും മാളികപ്പുറം റിലീസ് ചെയ്യും. 

ചെന്നൈയിലെ തെരുവ് ജീവിതങ്ങള്‍ക്കൊപ്പം വ്യത്യസ്തമായ പുതുവത്സരാഘോഷം നടത്തി നയന്‍താര

ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് മാളികപ്പുറത്തിന്റെ നിർമാണം. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു.