ഒരുക്കിയത് നാല് സിനിമകൾ, നാലും ഒന്നിനൊന്ന് വ്യത്യസ്തങ്ങളായവ

"ഹെഡ് മാഷ് എന്നാണ് ഞങ്ങൾ റഹ്മാനെ വിളിക്കുക. അയാളോട് അങ്ങോട്ട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല" തല്ലുമാലയിൽ ലുക്മാൻ്റെ കൈയ്യിൽ നിന്ന് കരണം പുകച്ചൊരു അടി വാങ്ങുന്ന ടൊവിനോ, സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ പറയുകയാണ്. 'നിനക്ക് റഹ്മാനെ അറിയാഞ്ഞിട്ടാണ്. നല്ലോണം ഒന്ന് തന്നോ, ഇല്ലെങ്കിൽ നൂറടി അടിപ്പിക്കും'. ലവ് സിനിമയിലും സമാന അനുഭവമെന്ന് ഷൈൻ ടോം ചാക്കോയും ശരിവയ്ക്കുന്നു. സിനിമ സെറ്റിൽ അയാൾ കർക്കശക്കാരനായ ഹെഡ്മാസ്റ്ററാണ്. ആ ക്രാഫ്റ്റിൻ്റെ പൂർണ്ണതയ്ക്ക് ഏതറ്റം വരെ പോകാനും താരമെന്ന പരിഗണനകളേതുമില്ലാതെ പണിയെടുപ്പിക്കാനും മടിക്കാത്ത സംവിധായകൻ. വെർസറ്റൈൽ എന്ന വാക്കിന് അനിയോജ്യനായ, ഹിറ്റുകളുടെ അമരക്കാരനായ ഖാലിദ് റഹ്മാൻ.

YouTube video player

ഉസ്താദ് ഹോട്ടൻ, നോർത്ത് 24 കാതം, എബിസിഡി, സപ്തമശ്രീ തസ്കരഹ എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായാണ് ഖാലിദ് റഹ്മാൻ മലയാള സിനിമ രംഗത്തേക്ക് കടന്നുവന്നത്. ആദ്യ സംവിധാന സംരംഭം 2016ൽ, ആസിഫ് അലി, ബിജു മേനോൻ, രജീഷ വിജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'അനുരാഗ കരിക്കിൻവെള്ളം'. പ്രണയവും ഫാമിലി ഇമോഷൻസും അച്ഛൻ-മകൻ, ഭാര്യ-ഭർതൃ ബന്ധത്തിലെ മാറുന്ന ഡൈനാമിക്സുമെല്ലാം ചർച്ച ചെയ്ത ലൈറ്റ് ഹാർട്ടഡായി ആയി കണ്ടിരിക്കാവുന്ന സിനിമ.

2019ൽ മമ്മുട്ടിയെ നായകനാക്കിയൊരുക്കിയ ഉണ്ട. തോക്കെടുത്ത്​ വെടിവെയ്​ക്കുന്നത്​ സിനിമകളിൽ മാത്രം കണ്ട്​ പരിചയമുള്ള ഒരുകൂട്ടം പൊലീസുകാർ ഇന്ത്യയിലെ ഏറ്റവും രക്​തരൂക്ഷിതവും അപകടകരവുമായ ജില്ലകളിലൊന്നായ ബസ്​തറിലേയ്ക്ക്​ തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്ക്​ പോകുന്നു. അതിഭാവുകത്വങ്ങളില്ലാതെ പൊലീസുകാരുടെ ജീവിതം പകർത്തിയ ചിത്രം. ഗൗരവമുള്ള വിഷയങ്ങളെ ജനപ്രിയ സിനിമക്കാവശ്യമായ ചേരുവകളോടെ അവതരിപ്പിച്ച മിടുക്കായിരുന്നു ഉണ്ട. 

കണ്ടിരുക്കുന്നവരുടെ കിളി പറത്തിയ വയലൻ്റ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'ലൗ'വുമായാണ് മൂന്നാമതായി റഹ്മാൻ എത്തിയത്, 2020ൽ. ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊവിഡ് സമയത്ത് പൂർണ്ണമായും ഇൻഡോറിൽ പൂർത്തിയാക്കിയതാണ്. വ്യത്യസ്തമായ ഴോൺറകൾ ചെയ്യണമെന്ന് ഒരിക്കലും കരുതിയില്ലെന്നും ഓരോ സിനിമയും ഇൻട്രസ്റ്റിങ് ആകണമെന്ന് മാത്രമാണ് ചിന്തയെന്നുമാണ് ഖാലിദ് റഹ്മാൻ പറയുന്നത്. അങ്ങനെ സിമ്പിളായി പറഞ്ഞ് ഒരുക്കിയത് പക്കാ കൊമേഷ്യൽ തട്ട് പൊളിപ്പൻ കളർപ്പടം 'തല്ലുമാല'. 

YouTube video player

ചടുലമായ പുതുമയുള്ള വിഷ്വൽ ലാംഗ്വേജ്. കൊവിഡാനന്തരം തിയറ്ററുകളിൽ പ്രേക്ഷകർ കുറയാനുള്ള ഒരു കാരണം സെമി റിയലിസ്റ്റിക് പടങ്ങളുടെ തുടർച്ചയാണെന്ന ചർച്ചകൾക്കിടെയാണ് പേരിൽ തന്നെ മാസ് അപ്പീൽ ഉള്ള ടൊവിനോ ചിത്രമെത്തുന്നത്. പ്രീ- റിലീസ് പരസ്യങ്ങളിലൂടെ സിനിമ എന്തായിരിക്കുമെന്നാണോ അണിയറക്കാർ പറഞ്ഞത്, അതിനോട് പൂർണ്ണമായും നീതി പുലർത്തിയ തല്ലുമാല. പുതുമയുള്ള ദൃശ്യഭാഷയിൽ ഒരു ആക്ഷൻ കോമഡി ചിത്രം. 

ഒരു അഭിനേതാവിനെപ്പോലെ തന്നെ സംവിധായകർക്കും ഒരു സേഫ് സോണോ ഒരേതരം സിനിമകളോ ഉണ്ടാകരുതല്ലോ.. അങ്ങനെ നോക്കിയാൽ മലയാളത്തിന് കിട്ടിയ ദി ബെസ്റ്റ് വെർസറ്റൈൽ ഡയറക്ടർമാരിൽ ഒരാളാണ് ഖാലിദ് റഹ്മാൻ. വ്യത്യസ്തതകൾ പരീക്ഷിക്കുമ്പോൾ തന്നെ എടുത്ത് പറയേണ്ടത് ഖാലിദ് റഹ്മാൻ ചിത്രങ്ങളുടെ തുടരുന്ന കൊമേഷ്യൽ വിജയങ്ങളാണ്. പ്രേക്ഷകൻ്റെ പൾസ് അറിയുന്നിടത്താണല്ലോ ഒരു സംവിധായകന് തുടർച്ചയായി നല്ല സിനിമകൾ ഉണ്ടാക്കാനാവുക.

YouTube video player

കഴിഞ്ഞ നാല് ചിത്രങ്ങൾ ഒരുക്കിയ അതേ കണിശത്തോടെ ക്രാഫ്റ്റ്മാൻഷിപ്പോടെ റഹ്മാൻ ഒരുക്കിയ 'ആലപ്പുഴ ജിംഖാന'യെ കാത്തിരിക്കുകയാണ് പ്രേക്ഷകരിപ്പോൾ. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കാനായി സംസ്ഥാന തലകായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥ. നസ്ലനും ഗണപതിയും ലുക്മാനും പ്രധാന വേഷങ്ങളിൽ..

പ്രേമലു ബ്ലോക്ക് ബസ്റ്റർ ആയപ്പോഴും സേഫ് സോൺ വിട്ടൊരു പരീക്ഷണത്തിന് നസ്ലൻ ഇത്ര പെട്ടെന്ന് മുതിരുമെന്ന് പ്രേക്ഷകർ കരുതിക്കാണുമോ എന്ന് സംശയമാണ്. സിക്സ് പാക്ക് ബോഡിയും ബോക്സറുടെ മെയ് വഴക്കവുമെല്ലാം ഒരു ഖാലിദ് റഹ്മാൻ പടത്തിന് വേണ്ടിയാകുമ്പോൾ ആലപ്പുഴ ജിംഖാനയ്ക്ക് മേലുള്ള പ്രതീക്ഷ വളരെ വലുതാണ്. റഹ്മാൻ ഒരു ഫുൾഓൺ കമർഷ്യൽ പടമാണ് ചെയ്യുന്നതെന്ന ഫീൽ കിട്ടിയാൽ തന്നെ വലിയ വരവേൽപ് നൽകും പ്രേക്ഷകർ. സിനിമയുടെ കഥ ഇത്രയേയുള്ളൂ എന്ന് സിമ്പിളായി പ്രൊമോഷൻ ഇൻ്റർവ്യൂവിൽ പറഞ്ഞ സംവിധായകന് ആ കൊൺഫിഡൻസ് ഉണ്ടായത് അയാൾക്ക് അയാളുടെ ക്രാഫ്റ്റിനുമേലുള്ള വിശ്വാസം കൊണ്ടാണ്. അതേ കോൺഫിഡൻസാണ് ഖാലിദ് റഹ്മാൻ സിനിമകളോട് പ്രേക്ഷകർക്കും.