കിഷ്കിന്ധാകാണ്ഡത്തിന് കിട്ടിയ അപ്രതീക്ഷിത വിജയം തന്ന സന്തോഷത്തെ കുറിച്ച് അപർണ ബാലമുരളി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.
കഴിഞ്ഞ വർഷത്തെ അപ്രതീക്ഷിത സൂപ്പർ ഹിറ്റായിരുന്നു ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ആസിഫ് അലി- അപർണ ബാലമുരളി ജോഡികളായി എത്തിയ കിഷ്കിന്ധാകാണ്ഡം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. കിഷ്കിന്ധാകാണ്ഡത്തിന് കിട്ടിയ അപ്രതീക്ഷിത വിജയം തന്ന സന്തോഷത്തെ കുറിച്ച് അപർണ ബാലമുരളി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.
'കിഷ്കിന്ധാകാണ്ഡത്തിന്റെ ചിത്രീകരണ വേളയിൽ പോലും ഇങ്ങനെയൊരു സിനിമയാണ് ചെയ്യുന്നതെന്ന സൂചന പോലും ലഭിച്ചിരുന്നില്ല. ദിൻജിത് ചേട്ടനും ബാഹുൽ ചേട്ടനുമെല്ലാം ചിത്രീകരണ വേളയിൽ വളരെ കൂളായ ഇടപെടലായിരുന്നു. കഥ പറഞ്ഞു തരുമ്പോഴും സിംപിളായിരുന്നു. സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് ഇത്രയും കോംപ്ലിക്കേറ്റഡായ സ്ക്രിപ്റ്റ് എത്ര സിംപിളയാണ് അവർ അവതരിപ്പിച്ചു തന്നത് എന്ന് മനസ്സിലായത്. ഓണം പോലെ ഒരു ഫെസ്റ്റിവൽ ടൈമിൽ കിഷ്കിന്ധാകാണ്ഡം പോലെയൊരു സിനിമയുടെ വിജയം വലിയൊരു മാറ്റത്തിന് കാരണമായിട്ടുണ്ട്. എന്റെ ഒരു സിനിമ വർഷങ്ങൾക്ക് ശേഷം തിയേറ്ററുകൾ നിറഞ്ഞു കാണുന്നത് കിഷ്കിന്ധാകാണ്ഡത്തിനാണ്. ക്ലൈമാക്സ് സീനിൽ കുട്ടേട്ടനെ ഇക്ക കെട്ടിപിടിച്ച സീൻ കണ്ട് അമ്മയും ഞാനും ഒപ്പമുള്ളവരുമെല്ലാം കരയുകയായിരുന്നു. അത് ഇപ്പോൾ കണ്ടാലും വേദന തോന്നും. ഒരു കഥ കേൾക്കുമ്പോൾ എന്നെ അത് ത്രില്ലടിപ്പിക്കുന്നുണ്ടെങ്കിൽ ഞാൻ അതിലേക്ക് ഇൻ ആവാൻ ശ്രമിക്കാറുണ്ട്.'-അപർണ ബാലമുരളിയുടെ വാക്കുകൾ.

താനും കുട്ടേട്ടനും എന്തോ തമാശ പറഞ്ഞു ചിരിക്കുകയായിരുന്നു ആ സീൻ ചിത്രീകരണ സമയത്തെന്ന് ആസിഫ് അലി പറഞ്ഞു. സൺഡേ ഹോളിഡേ, ബി ടെക്ക്, തൃശ്ശിവപേരൂർ ക്ലിപ്തം തുടങ്ങിയ ചിത്രങ്ങളിലും ആസിഫ് അലി- അപർണ ബാലമുരളി കോംബോ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓഫ് സ്‌ക്രീനിൽ തങ്ങളെ കൂടുതൽ അടുപ്പിക്കുന്നത് ഫുഡാണെന്നും ഇരുവരും പറഞ്ഞു. ബെസ്റ്റ് ഫുഡ് കിട്ടുന്ന സ്പോട്ടുകൾ പരസ്പരം ഷെയർ ചെയ്യുകയും അവിടെ പോയി അത് കഴിക്കുകയും ചെയ്യാറുണ്ടെന്ന് അപർണ കൂട്ടിച്ചേർത്തു. ഇരുവരും ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രം മിറാഷ് സെപ്റ്റംബർ 19ന് റിലീസിനെത്തുകയാണ്. ഹക്കീം ഷാ, ഹന്നറെജി കോശി, സമ്പത്ത് എന്നിവരാണ് മിറാഷിലെ മറ്റു പ്രധാന താരങ്ങൾ. ഇ ഫോർ എക്സ്പിരിമെന്റസ് , നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


