'ബ്ലാസ്റ്റ്' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ നടൻ അർജുൻ സർജ, ബാലതാരമായി അഭിനയിച്ചപ്പോഴുള്ള ഒരനുഭവം പങ്കുവെച്ചു. സംവിധായകന്‍ തന്നെ അടിച്ച അനുഭവമാണ് താരം പങ്കുവച്ചത്.
ബാലതാരമായി വെള്ളിത്തിരയിൽ എത്തി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമായി മാറിയ നടനാണ് അർജുൻ സർജ. മലയാളികൾക്ക് ഒരുപക്ഷേ അർജുൻ സുപരിചിതനാകുന്നത് തൊണ്ണൂറ് കാലഘട്ടത്തിലാകും. വിജയ്, അജിത്ത്, രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരെ പോലെ തന്നെ വലിയൊരു സ്റ്റാർഡം തന്നെ അദ്ദേഹത്തിന് അക്കാലത്ത് ഉണ്ടായിരുന്നു. അന്ന് അർജുൻ നായകനായി എത്തി തിളങ്ങിയ സിനിമകൾക്ക് ഇന്നും ആരാധകർ ഏറെയാണ്. 2005 വരെയൊക്കെ അർജുൻ ബിഗ് സ്ക്രീനിൽ തിളങ്ങിയെങ്കിൽ പിന്നീട് അദ്ദേഹം വില്ലൻ, സഹതാര റോളുകളിലേക്ക് ചുരുങ്ങി. എന്നാലിപ്പോൾ വലിയൊരു തിരിച്ച് വരവ് അർജുൻ സർജ നടത്തിയിരിക്കുകയാണ്.
ബ്ലാസ്റ്റ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് അർജുൻ സർജയുടെ മടങ്ങി വരവ്. തങ്ങളുടെ ആക്ഷൻ കിങ്ങിന്റെ മടങ്ങി വരവ് ആരാധകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ബോക്സ് ഓഫീസിലും ബ്ലാസ്റ്റ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. പ്രേക്ഷക പ്രീയം നേടി സിനിമ മുന്നേറുന്നതിനിടെ ബാലതാരമായി അഭിനയിച്ച ഒരു ഹിന്ദി സിനിമയിലെ അനുഭവം പറയുകയാണ് അർജുൻ സർജ. 1985ൽ റിലീസ് ചെയ്ത ആജ് കി ഷോലേ എന്ന സിനിമയാണിത്.
ചിത്രത്തിലൊരു രംഗം ചിത്രീകരിക്കുന്നതിനിടെ രാജേന്ദ്ര സിംഗ് ബാബു തന്നെ അടിച്ചുവെന്ന് അർജുൻ സർജ പറയുന്നു. അതിന് കാരണവും അർജുൻ വ്യക്തമാക്കുന്നുണ്ട്. 'സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന ആദ്യദിവസം തന്നെ സംവിധായകനിൽ നിന്നും ഞാൻ അടി വാങ്ങി. അതിൽ കഥാപാത്രമാകുന്നൊരു പയ്യൻ മരിക്കുന്നുണ്ട്. ആ സീൻ ആണ് എടുക്കുന്നത്. കരഞ്ഞ് അഭിനയിക്കാൻ സംവിധായകൻ പറയുന്നുണ്ട്. എനിക്ക് പറ്റുന്നുമില്ല. ഒപ്പമുള്ളവർ ഓരോ തമാശകൾ പറഞ്ഞ് ചിരിക്കുന്നുണ്ട്. എനിക്ക് ചിരി നിയന്ത്രിക്കാനും പറ്റുന്നില്ല. സംവിധായകൻ അടുത്ത് വന്ന് കവിളിൽ ഒരൊറ്റ അടി. ഞെട്ടിപ്പോയി. കണ്ണ് ചുവന്ന് കണ്ണീര് വന്നു. ഡയറക്ടറെ അടിക്കണം എന്ന ഘട്ടം വരെ ഞാൻ എത്തി. പക്ഷേ എല്ലാം കൺട്രോൾ ചെയ്തു. ഇപ്പോ കറക്ടായി. ഷോട്ട് എടുക്കാൻ സംവിധായകൻ പറയുകയായിരുന്നു', എന്നായിരുന്നു അർജുന്റെ വാക്കുകൾ. പതിനാറ് പതിനേഴ് വയസിൽ തന്നെ തനിക്ക് സിക്സ് പാക്ക് ഉണ്ടായിരുന്നുവെന്നും അന്നാ കള്‍ച്ചറൊന്നും ഉണ്ടായിരുന്നില്ലെന്നും അർജുൻ കൂട്ടിച്ചേർക്കുന്നു.



