പക്ഷിരാജന്‍ എന്ന കഥാപാത്രമായി ഷങ്കറിന്‍റെ മനസില്‍ ആദ്യമെത്തിയത് മറ്റൊരാള്‍
തമിഴ് സിനിമയുടെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമാണ് ഷങ്കര്‍ സംവിധാനം ചെയ്ത 2.0. രജനികാന്ത് ട്രിപ്പിള്‍ റോളിലെത്തിയ സയന്‍സ്- ഫാന്‍റസി ആക്ഷന്‍ ചിത്രത്തില്‍ പ്രതിനായകനായി എത്തിയത് അക്ഷയ് കുമാര്‍ ആയിരുന്നു. രജനികാന്തിനൊപ്പം പക്ഷിരാജന്‍ എന്ന കഥാപാത്രമായി അക്ഷയ് കുമാറും ചിത്രത്തില്‍ കസറി. എന്നാല്‍ പ്രതിനായകനായി അഭിനയിപ്പിക്കാന്‍ ഷങ്കര്‍ ആദ്യം തീരുമാനിച്ചിരുന്നത് അക്ഷയ് കുമാറിനെ ആയിരുന്നില്ല. അതിനേക്കാള്‍ പ്രതിഫലം വാങ്ങുന്ന മറ്റൊരു സൂപ്പര്‍ താരത്തെ ആയിരുന്നു.
ബോളിവുഡില്‍ നിന്നോ ഇന്ത്യന്‍ സിനിമയില്‍ നിന്നുതന്നെയോ ആയിരുന്നില്ല ഷങ്കര്‍ ആദ്യം മനസില്‍ കണ്ടിരുന്ന ആ കാസ്റ്റിംഗ്. മറിച്ച് ഹോളിവുഡില്‍ നിന്നായിരുന്നു. സാക്ഷാല്‍ അര്‍നോള്‍ഡ് ഷ്വാര്‍സ്‍നെഗറെ രജനിയുടെ എതിരെ കൊണ്ടുവരണമെന്നായിരുന്നു ഷങ്കറിന്. അതിന് ശ്രമിച്ചെങ്കിലും നടക്കാതെപോയി. "സിനിമയിലെ വേഷത്തെക്കുറിച്ച് ഞങ്ങള്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഡേറ്റ് നല്‍കാമെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ കരാര്‍ സംബന്ധിച്ച് ചില വെല്ലുവിളികള്‍ ഉടലെടുത്തു. ഇക്കാര്യത്തിലെ ഇന്ത്യന്‍ രീതിയും ഹോളിവുഡ് രീതിയും വ്യത്യസ്തമായിരുന്നു. അത് നടക്കാതെപോയതോടെയാണ് ഇന്ത്യന്‍ സിനിമയില്‍ നിന്നുതന്നെ ഒരു താരത്തെ ആ റോളിലേക്ക് പരിഗണിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്", ഷങ്കര്‍ പറയുന്നു.
"നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി അക്ഷയ് കുമാറിന് ആ സമയത്ത് ഒരു കരാര്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് അക്ഷയ് ഞങ്ങളുടെ പരിഗണനയിലേക്ക് പെട്ടെന്ന് വരുന്നത്. പിന്നാലെ അദ്ദേഹത്തിന് തിരക്കഥ കൊടുക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു", ഷങ്കര്‍ പറയുന്നു. ഷങ്കറിന്‍റെ തന്നെ തിരക്കഥയില്‍ സംഭാഷണമൊരുക്കിയത് അദ്ദേഹത്തിനൊപ്പം ബി ജയമോഹനും മദന്‍ കാര്‍ക്കിയും ചേര്‍ന്നാണ്. ചിത്രം റിലീസ് ചെയ്ത് ആറ് വര്‍ഷത്തിന് ഇപ്പുറവും കളക്ഷനില്‍ 2.0 യെ മറികടക്കാന്‍ ഒരു തമിഴ് സിനിമയ്ക്ക് സാധിച്ചിട്ടില്ല.
