ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അ‍ഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ധമാക്ക എന്ന ചിത്രത്തില്‍ യുവതാരം അരുണ്‍ നായകനാവുന്നു. മോഹൻലാല്‍  ചിത്രം ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അരുണ്‍ നായകനായി എത്തുന്ന ആദ്യചിത്രമാണ് 'ധമാക്ക'. സംവിധായകൻ ഒമര്‍ ലുലു തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിലെ നായകനെ പ്രഖ്യാപിച്ചത്. 

ധമാക്ക ചിത്രത്തിനായി ചങ്ക്‌സ് ടീമിനെ  കാസ്റ്റ് ചെയ്തിരുന്നെങ്കിലും പല സാഹചര്യങ്ങൾ കൊണ്ട് നടക്കാതെ പോയെന്നും ഒമര്‍ ലുലു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എം.കെ. നാസര്‍ നിർമ്മിക്കുന്ന ചിത്രം ഒരു കളർഫുൾ കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. സൈക്കിള്‍, മുദുഗൗ, സ്പീഡ്  തുടങ്ങിയ ചിത്രങ്ങളിലും അരുണ്‍ അഭിനയിച്ചിട്ടുണ്ട്.