നിവിന്റെ 'സാറ്റർഡെ നൈറ്റും' ആസിഫ് അലിയുടെ 'കൂമനു'മാണ് നാളെ മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.

ലയാള സിനിമയിലെ മുൻനിര നായകന്മാരായ ആസിഫ് അലിയുടെയും നിവിൻ പോളിയുടെയും ചിത്രങ്ങൾ നാളെ തിയറ്ററുകളിലേക്ക്. നിവിന്റെ 'സാറ്റർഡെ നൈറ്റും' ആസിഫ് അലിയുടെ 'കൂമനു'മാണ് നാളെ മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ഇതാദ്യമായാണ് ആസിഫ് അലിയുടെയും നിവിന്റെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസിനെത്തുന്നത്. 

പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട സാറ്റർഡേ നൈറ്റ് സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസ് ആണ്. പക്കാ കോമഡി എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർ​ഗീസ്, സിജു വിത്സൺ, സാനിയ ഇയ്യപ്പന്, ​ഗ്രേസ് ആന്റണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് നിവിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു അനുഭവമാകുമെന്നാണ് അണിയറപ്രവർത്തകർ വിലയിരുത്തുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിർമ്മാണം.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂമന്‍. പൊലീസ് കോൺസ്റ്റബിൾ 'ഗിരിശങ്കർ' ആയി ആസിഫ് അലി വേഷമിടുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കേരള- തമിഴ്‌നാട് അതിർത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലാണ്. പൊലീസ് സ്റ്റേഷനിലേക്ക് കർക്കശ്ശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലം മാറി എത്തുന്നത് പലരുടെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നു. സാധാരണമെന്നു വിധിയെഴുതിയ പലതും അത്ര സാധാരണമായിരുന്നില്ല എന്ന തിരിച്ചറിവ് ചിത്രത്തെ ഉദ്വേഗജനകമാക്കുന്നു. ആൽവിൻ ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനന്യ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മാണം.

അതേസമയം, പടവെട്ട് എന്ന ചിത്രമാണ് നിവിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. തുറമുഖം, പേരന്‍പിനു ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രം, ഹീറോ ബിജു 2 തുടങ്ങിയവയാണ് നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇതിൽ തുറമുഖം ഡിസംബറിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. 

റോഷാക്ക് ആണ് ആസിഫ് അലിയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മമ്മൂട്ടി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീർ ആണ്. ദിലീപ് എന്ന കഥാപാത്രത്തെയാണ് റോഷാക്കിൽ ആസിഫ് അവതരിപ്പിച്ചത്. കാസർഗോൾഡ്, കിഷ്‍കിന്ധാ കാണ്ഡം തുടങ്ങിയവയാണ് ആസിഫിന്റേതായി ഒരുങ്ങുന്ന സിനിമകൾ. 

മഹാവീര്യർ എന്ന ചിത്രത്തിൽ നിവിനും ആസിഫും പ്രധാനവേഷത്തിൽ എത്തിയിരുന്നു. മലയാള സിനിമയെ ഫാന്റസിയുടെയും ടൈം ട്രാവലിന്റെയും മറ്റൊരു തലത്തിൽ എത്തിച്ച ചിത്രം സംവിധാനം ചെയ്തത് എബ്രിഡ് ഷൈൻ ആണ്. എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈൻ തിരക്കഥ എഴുതിയത്. സമകാലീന സാഹചര്യങ്ങളിലെ അധികാര വ്യവസ്‍ഥിതിയോട് മാറാത്ത കാലത്തിന്റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാസ്യത്തിന്റെ മേമ്പൊടിയോടെ കലഹിച്ച ചിത്രം പ്രേക്ഷക പ്രശംസകൾ നേടിയിരുന്നു. 

മാസും ഫൈറ്റുമായി സണ്ണി ലിയോൺ; ഭയപ്പെടുത്തി 'ഒ മൈ ഗോസ്റ്റ്' ട്രെയിലർ