ആത്മീയ രാജന്‍ നായിക; നവാഗത സംവിധായകന്‍റെ ചിത്രം പുരോഗമിക്കുന്നു
ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ആത്മീയ
ആത്മീയ രാജനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഉണ്ണിദാസ് കൂടത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയുടെ ചിത്രീകരണം മുളന്തുരുത്തിക്കടുത്തുള്ള പൈങ്ങാരപ്പിള്ളിയിലാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു സ്ത്രീപക്ഷ സിനിമയാണ് ഇതെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. ഒരു തറവാടിനെ പ്രധാന പശ്ചാത്തലമാക്കിയുള്ള കഥയാണ് ചിത്രത്തിൻ്റേത്. നല്ല സിനിമയുടെ ബാനറിൽ ഫയാസ് മുഹമ്മദ്, ഫറാസ് മുഹമ്മദ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഷ്ന റഷീദ്
ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ആത്മീയ. അതിനുശേഷം മലയാളത്തിലും തമിഴിലുമായി ഏതാനും ചിത്രങ്ങളിലും ആത്മീയ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി. പുതിയ ചിത്രത്തില്‍ ജാനകിയെന്ന ശക്തമായ കഥാപാത്രത്തെയാണ് ആത്മീയ അവതരിപ്പിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ജാനകി എന്ന ജാനു വിവാഹിതയായി പുരാതനമായ ഒരു തറവാട്ടിലേക്ക് കടന്നുവരുന്നതോടെയാണ് ചിത്രത്തിൻ്റെ കഥാവികാസം.
ശക്തമായ ഒരു കുടുംബകഥ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ഈ ചിത്രത്തിലെ നായകൻ. ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ. കുടശ്ശനാട് കനകം, വീണ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സംവിധായകൻ്റേത് തന്നെയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥയും. ഗാനങ്ങൾ വിനായക് ശശികുമാർ, സംഗീതം ഡെൻസൺ ഡൊമിനിക്, കലാസംവിധാനം അനീസ് നാടോടി, മേക്കപ്പ് റോണി വെള്ളത്തൂവൽ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ഫിനാൻസ് കൺട്രോളർ വിജയൻ ഉണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപ്പാറ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ നിധിൻ.
ALSO READ : മധു ബാലകൃഷ്ണന്‍റെ ആലാപനം; 'സംഭവസ്ഥലത്ത് നിന്നും' എന്ന ചിത്രത്തിലെ വീഡിയോ ഗാനം