പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സെമ്പിയുടെ ഓഡിയോ ലോഞ്ച് വേദിയിലാണ് കമലിന്‍റെ വാക്കുകള്‍

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കാനായതിന്‍റെ സന്തോഷത്തിലാണ് കമല്‍ ഹാസന്‍. ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ആണ് ആ ചിത്രം. വലിയ വിജയങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത വലിയ ഇടവേളയ്ക്കു ശേഷം അദ്ദേഹത്തിന് വമ്പന്‍ തിരിച്ചുവരവാണ് ചിത്രം നല്‍കിയത്. ഇപ്പോഴിതാ താരാരാധകര്‍ക്കുള്ള ഉത്തരവാദിത്തത്തെക്കുറിച്ചുള്ള കമല്‍ ഹാസന്‍റെ വാക്കുകള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സെമ്പിയുടെ ഓഡിയോ ലോഞ്ച് വേദിയിലാണ് കമലിന്‍റെ വാക്കുകള്‍. പണ്ട് അവസരം തേടിനടക്കുന്ന കാലത്ത് 16 വയതിനിലെ എന്ന ചിത്രത്തിലെ എന്‍റെ കഥാപാത്രത്തിന്‍റെ ഫോട്ടോകള്‍ അടങ്ങിയ ഒരു ആല്‍ബം ഞാന്‍ കൂടെ കൊണ്ടുനടക്കുമായിരുന്നു. അവസരം ചോദിക്കുന്നവരോട് ആ ആല്‍ബം കാണിച്ച് ഞാന്‍ പറയും, ഞാനാണ് ഈ ചിത്രത്തിലെ നായകനെന്ന്. ചിലര്‍ നല്ലത് പറയുമ്പോള്‍ മറ്റു ചിലര്‍ മോശം വസ്ത്രങ്ങളിലുള്ള സ്വന്തം ചിത്രം കൊണ്ടുനടക്കാന്‍ നാണമില്ലേയെന്ന് ചോദിക്കുമായിരുന്നു. ഞാന്‍ ചെറിയ ചിത്രമെന്നോ വലിയ ചിത്രമെന്നോ ഭേദമില്ലാതെ ഓഡിയോ ലോഞ്ച് പോലെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് ഇവിടെ ഒരാള്‍ പറയുന്നത് കേട്ടു. എന്നാല്‍ ഒരു സിനിമ ചെറുതോ വലുതോ എന്ന് തീരുമാനിക്കപ്പെടുന്നത് ഇത്തരം വേദികളിലല്ല, അവരാണ് അത് തീരുമാനിക്കുന്നത്, കാണികളിലേക്ക് വിരല്‍ ചൂണ്ടി കമല്‍ പറഞ്ഞു.

ALSO READ : സച്ചിന്‍ ധന്‍പാലിനൊപ്പം സണ്ണി ലിയോണ്‍; 'ചാമ്പ്യന്‍' മലയാളത്തിലേക്ക്

40 വര്‍ഷത്തിനിപ്പുറവും 16 വയതിനിലേ എന്ന ചിത്രം ഞാന്‍ ഓര്‍ക്കുന്നുണ്ട്. അങ്ങനെ അതൊരു വലിയ ചിത്രമാവുന്നു. ചില ബിഗ് ബജറ്റ് ചിത്രങ്ങളും പേര് പോലും കുറച്ച് കഴിയുമ്പോള്‍ നാം മറന്നുപോവും. അവ ചെറിയ ചിത്രങ്ങളാണ്. ആരാധകര്‍ എന്ന നിലയില്‍ നിങ്ങള്‍ക്കും ഒരു വലിയ ഉത്തരവാദിത്തമുണ്ട്. നല്ല ചിത്രങ്ങളെ നല്ലതെന്നും മോശം ചിത്രങ്ങളെ മോശമെന്നും നിങ്ങള്‍ പറയണം. ഭയമില്ലാതെ അത് പറയണം, കമല്‍ ഹാസന്‍ പറഞ്ഞുനിര്‍ത്തി.