ഉദയകൃഷ്‍ണയായിരുന്നു കഴിഞ്ഞ രണ്ട് ബി ഉണ്ണികൃഷ്‍ണൻ ചിത്രങ്ങളുടെയും തിരക്കഥാകൃത്ത്

ഫിലിമോഗ്രഫിയിലെ ബഹുഭൂരിപക്ഷം ചിത്രങ്ങളും സൂപ്പര്‍താരങ്ങളെ നായകരാക്കി ഒരുക്കിയ സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. ഏതാനും ചിത്രങ്ങളൊഴികെ സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങളുടെ തിരക്കഥയും അദ്ദേഹം തന്നെയാണ് എഴുതിയത്. അവസാന ചിത്രങ്ങളായ ആറാട്ടിന്‍റെയും ക്രിസ്റ്റഫറിന്‍റെയും രചന നിര്‍വ്വഹിച്ചത് ഉദയകൃഷ്ണ ആയിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്‍റെ സിനിമകള്‍ക്ക് പുതിയൊരു ഭാവം പകരാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. വരാനിരിക്കുന്ന ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുക മലയാളത്തിലെ യുവതിരക്കഥാകൃത്തുക്കളിലെ ശ്രദ്ധേയരാണെന്ന് പറയുന്നു അദ്ദേഹം. 

സണ്‍ഡേ ഗാര്‍ഡിയന്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് ബി ഉണ്ണികൃഷ്ണന്‍ ഇതേക്കുറിച്ച് പറയുന്നത്. വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ- ഷാരിസ് മുഹമ്മദ്, ദേവ്‍ദത്ത് ഷാജി, ഷര്‍ഫു- സുഹാസ് തുടങ്ങിയ പ്രതിഭാധനരായ യുവ തിരക്കതാകൃത്തുക്കള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുകയാണ് ഞാന്‍. സ്വന്തം ജോലിയിലേക്ക് ഇവര്‍ കൊണ്ടുവരുന്ന ഊര്‍ജ്ജവും തീയും എന്നെ ആവേശഭരിതനാക്കുന്നുണ്ട്. പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത വിജയചിത്രം ജന ഗണ മനയുടെ തിരക്കഥാകൃത്താണ് ഷാരിസ് മുഹമ്മദ്. അമല്‍ നീരദിനൊപ്പം ചേര്‍ന്ന് ഭീഷ്മ പര്‍വ്വത്തിന്‍റെ കഥ, തിരക്കഥ ഒരുക്കിയ ആളാണ് ദേവ്‍ദത്ത് ഷാജി. അതേസമയം വരത്തന്‍റെ തിരക്കഥാകൃത്തുക്കളാണ് ഷര്‍ഫു- സുഹാസ്. മറ്റു നാല് ചിത്രങ്ങളുടെ സഹ രചനയും ഇവര്‍ നടത്തിയിട്ടുണ്ട്. വൈറസ്, പുഴു, ഡിയര്‍ ഫ്രണ്ട്, തമിഴ് ചിത്രം മാരന്‍ എന്നിവയാണ് അവ.

(അമല്‍ നീരദിനൊപ്പം സുഹാസ്- ഷര്‍ഫു)

അതേസമയം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു ക്രിസ്റ്റഫര്‍. മമ്മൂട്ടി പൊലീസ് കഥാപാത്രമാണ് ചിത്രത്തില്‍. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

ALSO READ : ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്കോ റോബിന്‍? സംവിധായകന് നന്ദി പറഞ്ഞ് ബി​ഗ് ബോസ് താരം