കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

അക്ഷയ് കുമാര്‍ ചിത്രങ്ങളുടെ തുടര്‍ പരാജയമാണ് ബോളിവുഡില്‍ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ച. ഒരു കാലത്ത് നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി നല്‍കിയിരുന്ന താരത്തിന് ഇപ്പോള്‍ അത് സാധിക്കുന്നില്ല എന്നത് ബോളിവുഡിന് നിരാശ സമ്മാനിക്കുകയാണ്. അതേസമയം ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ പരാജയപ്പെടുന്നിടത്ത് രണ്ടാം നിര താരങ്ങളുടെ ചിത്രങ്ങളില്‍ ചിലത് ഭേദപ്പെട്ട പ്രകടനം നടത്തുന്നുമുണ്ട്. ആനന്ദ് തിവാരിയുടെ സംവിധാനത്തില്‍ വിക്കി കൗശലും തൃപ്തി ദിംറിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാഡ് ന്യൂസ് ആണ് ആ ചിത്രം.

കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം 19, വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യദിനം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 8.62 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച കളക്ഷനില്‍ വര്‍ധന രേഖപ്പെടുത്തി. 10.55 കോടിയാണ് ചിത്രത്തിന്‍റെ രണ്ടാം ദിന കളക്ഷന്‍. മൂന്നാം ദിനമായിരുന്ന ഞായറാഴ്ച കളക്ഷനില്‍ വീണ്ടും വര്‍ധനവാണ് ഉണ്ടായത്. 11.45 കോടിയാണ് മൂന്നാം ദിനം നേടിയത്. എല്ലാ തുകകളും ഇന്ത്യയില്‍ നിന്നുള്ള നെറ്റ് ബോക്സ് ഓഫീസ് കളക്ഷനാണ്.

ആദ്യ വാരാന്ത്യം 30.62 കോടി എന്നത് ബോളിവുഡിന്‍റെ ഇന്നത്തെ സാഹചര്യത്തില്‍ മികച്ച കളക്ഷനാണ്. വിക്കി കൗശലിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗുമാണ് ചിത്രം നേടിയത്. അനിമലിലൂടെ തരംഗം തീര്‍ത്ത തൃപ്തി ദിംറി നായികയാവുന്ന ചിത്രമെന്ന നിലയിലും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട് ബാഡ് ന്യൂസ്. അതേസമയം അക്ഷയ് കുമാറിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ സര്‍ഫിറയുടെ ആദ്യ ദിന ഇന്ത്യന്‍ ഓപണിംഗ് 2.5 കോടി ആയിരുന്നു.

ALSO READ : 'ഗോളം' നായകനൊപ്പം ജോണി ആന്‍റണി; അരുണ്‍ വൈഗ ചിത്രം പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം