ബേസില്‍- ടൊവിനോ ചിത്രം ആദ്യ ദിനം നേടിയത്.
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രമാണ് ‘അതിരടി. മെയ് 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നത്. മെയ് 13ന് ലോകമെമ്പാടുമായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ചിത്രത്തിന്റെ പെയ്‍ഡ് പ്രീമിയര്‍ ഉണ്ടായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 10.54 കോടി രൂപയാണ് അതിരടി ഇതുവരെ നേടിയിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ മാത്രം 7.04 കോടിയും വിദേശ മാര്‍ക്കറ്റില്‍ 3.50 കോടിയുമാണ് ചിത്രം നേടിയത്.

ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ ഈ ചിത്രത്തിലഭിനയിക്കുന്നത്. ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകനായി ടോവിനോ തോമസ് എത്തുമ്പോൾ, വിനീത് ശ്രീനിവാസൻ ആയി തന്നെയാണ് വിനീത് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിലെ നായികയായ റിയ ഷിബുവിന്റെ കഥാപാത്രത്തിന്റെ പേര് സ്വാതി ആർ കൃഷ്‍ണ എന്നാണ്. സംഗീത സംവിധായകൻ ഷാൻ റഹ്മാനും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ഗംഭീര മേക്കോവറിലാണ് താരങ്ങളെ ഈ ചിത്രത്തിൽ ഇതിൽ കാണാൻ സാധിച്ചത്. സ്റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എങ്കിൽ, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസൻ ടീമിന്റെ തകർപ്പൻ പ്രകടനം ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരുടെ കഥാപാത്രങ്ങൾക്ക് തകർപ്പൻ അവതരണം നൽകിയ, ചിത്രത്തിന്റെ ടൈറ്റിൽ ടീസറും പിന്നീട് ട്രെയിലറും സോഷ്യൽ മീഡിയയിൽ തരംഗമ ായി മാറിയിരുന്നു. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസിൽ ജോസഫിൻന്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വലുതായിരുന്നു. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്.
കാമ്പസിന്റെ പശ്‌ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവൽ ചിത്രമായാണ് "അതിരടി" ഒരുങ്ങിയത്. വെക്കേഷൻ കാലത്ത് എല്ലാത്തരം പ്രേക്ഷകർക്കും തീയേറ്ററിൽ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തിയത്. ചിത്രത്തിന്റെ ഫൺ എൻ്റർടെയ്നർ മൂഡ് പ്രേക്ഷകർക്ക് പകർന്നു നൽകുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററുകളും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്. പ്രധാന താരങ്ങൾ കൂടാതെ, പ്രേക്ഷകർ ഇഷ്ടപെടുന്ന ഒട്ടേറെ അഭിനേതാക്കൾ ചിത്രത്തിന്റെ താരനിരയിലുണ്ട്. ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധൻ്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് "അതിരടി". മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുണ്‍ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോൾസൺ സ്‍കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്.
