ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ 'പ്രേമലു'വിനു ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബത്ലഹേം കുടുംബ യൂണിറ്റ്'.
ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ 'പ്രേമലു'വിനു ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിന്‍റെ സെറ്റിൽ നിവിൻ പോളി ജോയിൻ ചെയ്തു. ആദ്യ ദിനം സംവിധായകനും നിവിനും ആയി ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്ത് വന്നപ്പോൾ നിവിന്‍റെ അടുത്ത സുഹൃത്തും സംവിധായകനുമായ അൽഫോൻസ് പുത്രൻ പങ്കുവെച്ച കമന്‍റ് ഇതിനകം വൈറലായിരിക്കുകയാണ്. ''ലുക്കിങ് സ്‍മാർട് ഡാ" എന്നാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾക്ക് താഴെ അദ്ദേഹം കമന്‍റ് ചെയ്തത്. നിവിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കും 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്നാണ് ഇപ്പോൾ സിനിമാവൃത്തങ്ങളിലെ സംസാരം.
പ്രേക്ഷക മനസ്സിൽ നിവിൻ ഇടം നേടിയതും, നിവിൻ ഒരു താരമായി ഉയർന്നതും എല്ലാം മുൻകാലങ്ങളിൽ ചെയ്ത റൊമാന്‍റിക് കോമഡി ചിത്രങ്ങളിലൂടെ ആണെന്നിരിക്കെ ആ ജോണറിലെ മലയാളത്തിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും മികച്ച സംവിധായകനായ ഗിരീഷ് എ ഡിയുമായി ഒരുമിച്ചൊരു ചിത്രം വരുമ്പോൾ പ്രതീക്ഷയേറുന്നത് സ്വാഭാവികം. 2026 ഓണം റിലീസ് ആയി പുറത്തു വരുമെന്ന് കരുതുന്ന ചിത്രത്തിൽ നിവിന്‍റെ നായികയായെത്തുന്നത് മമിത ബൈജുവാണ്.
ചിത്രത്തിന്‍റെ നിർമ്മാണം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിലും , ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് നിർവ്വഹിക്കുന്നു. 'പ്രേമലു'വിനു ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് 'ബത്ലഹേം കുടുംബ യൂണിറ്റ്'. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സുരേഷ് കൃഷ്‍ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്‍ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനങ്ങൾ: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്‍ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, സ്റ്റിൽസ്: റിൻസൺ എം.ബി, പിആർഒ: ആതിര ദിൽജിത്ത്.
