ചെന്നൈ: സിനിമയിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഹർഭജന്‍ സിംഗ്. ജോണ്‍പോള്‍ രാജും ഷാം സൂര്യയും ചേർന്ന് സംവിധാനം ചെയ്യുന്ന ഫ്രണ്ട്‍ഷിപ്പ് എന്ന തമിഴ്‍ ചിത്രത്തിലൂടെയാണ് നായകനായി ഭാജി വെള്ളിത്തിരയിലെത്തുന്നത്. ക്രിക്കറ്റിലെ രാശി സിനിമയിലും ആവർത്തിക്കാന്‍ ഹർഭജന് കഴിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

ജെ പി ആർ, സ്റ്റാലിന്‍ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഫ്രണ്ട്‍ഷിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ഹർഭജന്‍ സിംഗിന്‍റെ നായികയുടെ വിവരങ്ങള്‍ പുറത്തുവന്നു. കമല്‍ഹാസന്‍ അവതാരകനായ ബിഗ്ബോസ് 3യില്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ മനംകവർന്ന ലോസ്ലിയാ മരിയനേശന്‍ ആണ് ഫ്രണ്ട്‍ഷിപ്പിലെ നായിക. ശ്രീലങ്കയില്‍ ടെലിവിഷന്‍ വാർത്താവതാരക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ലോസ്ലിയാ. 

Read more: നെടുമ്പാശ്ശേരിയിലെ വരവേല്‍പ്പ് രജിതിന്‍റെ അറിവോടെ, നേതൃത്വം നല്‍കിയത് ഷിയാസും പരീക്കുട്ടിയുമെന്ന് പൊലീസ്

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ഹർഭജന്‍ പുറത്തുവിട്ടിരുന്നു. ഈ വർഷം തന്നെ സിനിമ പുറത്തിറങ്ങും എന്നാണ് സൂചനകള്‍. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരു താരം നായകവേഷത്തില്‍ വെള്ളിത്തിരയിലെത്തുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ അതിഥി വേഷത്തില്‍ ഹർഭജന്‍ പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് ഹസ്‍ബന്‍റ് എന്ന സിനിമയിലും ഭാജിയെ നേരത്തെ ആരാധകർ കണ്ടിട്ടുണ്ട്. 

Read more: പാട്ടിനിടയ്‍ക്കും കരഞ്ഞത് എന്തിന്, ദയ അശ്വതിയെ ട്രോളി കൂട്ടുകാര്‍