ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്

തുടരും വ്യാജ പതിപ്പ് ബസില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ചിത്രത്തിന്‍റെ കോ ഡയറക്ടറും നടനുമായ ബിനു പപ്പു. കാലടിയിൽ ഗതാഗത കുരുക്കിൽ കിടന്ന ബസിലാണ് തുടരും പ്രദർശിപ്പിക്കുന്നത് കണ്ടതെന്നും തനിക്ക് ഒരു കാർ യാത്രക്കാരിയാന് ദൃശ്യങ്ങൾ എടുത്ത് അയച്ചു തന്നതെന്നും ബിനു പപ്പു ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. ഇന്നലെ രാത്രിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ബസ് ജീവനക്കാരോ ബസിലെ യാത്രക്കാരനോ ആവാം ഇതിനു പിന്നിൽ. ശക്തമായ നടപടി എടുക്കണം. ഇത് തുടരും എന്ന ഒരു സിനിമക്ക് വേണ്ടി മാത്രമാവരുത്, ബിനു പപ്പു കൂട്ടിച്ചേര്‍ത്തു.

പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുന്നത് ചലച്ചിത്ര വ്യവസായത്തിന് വലിയ ഭീഷണിയാണ്. സമീപകാലത്ത് റിലീസ് ദിനത്തില്‍ തന്നെ വ്യാജ പതിപ്പ് പുറത്തെത്തിയ സംഭവങ്ങളും ഉണ്ട്. നിര്‍മ്മാതാക്കള്‍ പരാതിയുമായി എത്തിയ ചില ചിത്രങ്ങളുടെ വ്യാജ പതിപ്പിന് പിന്നിലുള്ളവര്‍ പിടിയിലായ സംഭവവും ഉണ്ടായിട്ടുണ്ട്.

അതേസമയം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നിലേക്കുള്ള യാത്രയിലാണ് തുടരും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെയാണ് അണിയറക്കാര്‍ ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിലെ നടനെ ഭാവതീവ്രതയോടെ കാണാന്‍ സാധിച്ചു എന്നാണ് പ്രേക്ഷകാഭിപ്രായം. പ്രകാശ് വര്‍മ്മയുടെ പ്രതിനായക വേഷവും പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു. 

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബി​ഗ് സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കുടുംബപ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ഘടകമാണ് അത്. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം