പരിണീതയാണ് ആദ്യ ചിത്രം 

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ (68) അന്തരിച്ചു. മുംബൈയിലെ ഒരു ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 3.30 നാണ് അന്ത്യം. ഡയാലിസിസിന് വിധേയനായിരുന്ന അദ്ദേഹത്തിന്‍റെ രക്തത്തിലെ പൊട്ടാസ്യത്തിന്‍റെ അളവ് ഏറെ താണിരുന്നു. അവശനിലയിലായ അദ്ദേഹത്തെ പുലര്‍ച്ചെ 2.30 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരസ്യചിത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച പ്രദീപ് സര്‍ക്കാര്‍ രാജ്‍കുമാര്‍ ഹിറാനി ചിത്രം മുന്നാഭായി എംബിബിഎസിന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചുകൊണ്ടാണ് ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. പരിണീത എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് 2005 ല്‍ സംവിധായകനായും അരങ്ങേറ്റം കുറിച്ചു. ലാഗ ചുനരി മേം ദാഗ്, ലഫാംഗേ പരീന്ദേ, മര്‍ദാനി, ഹെലികോപ്റ്റര്‍ ഈല എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. മികച്ച കലാസംവിധായകനും സംവിധായകനുമുള്ള ഫിലിംഫെയര്‍ പുരസ്കാരങ്ങള്‍, പ്രോമിസിംഗ് ഡയറക്ടര്‍ക്കുള്ള സീ സിനി അവാര്‍ഡ്, മികച്ച നവാഗത സംവിധായകന്‍റെ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

Scroll to load tweet…

നടി നീതു ചന്ദ്രയാണ് പ്രദീപ് സര്‍ക്കാരിന്‍റെ മരണം സോഷ്യല്‍ മീഡിയയിലൂടെ ആദ്യം സ്ഥിരീകരിച്ചത്. പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലൂടെ അഭിനയമേഖലയിലേക്ക് എത്തിയ ആളാണ് നീതു ചന്ദ്ര. അതേസമയം പ്രദീപ് സര്‍ക്കാരിന്‍റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് മുംബൈ സാന്‍റ്ക്രൂസ് ശ്മശാനത്തില്‍ നടക്കും. 

ALSO READ : 'പണത്തിനും പ്രശസ്‍തിക്കും വേണ്ടിയുള്ള വ്യാജ ആരോപണം'; നടി അനിഖ വിക്രമനെതിരെ മുന്‍ കാമുകന്‍ അനൂപ് പിള്ള